Saturday, January 26, 2019

ആ ഒരു രാത്രി

ഇംഗ്ലീഷ് കലണ്ടറിലെ അവസാനമാസത്തിലെ ഒരു പ്രഭാതം. വിറകടുപ്പിലെ മൂന്ന് കണ്ണുകളിൽ നടുവിൽ, ചായക്കുള്ളവെള്ളം. വലതുകണ്ണിൽ പാലും ഇടതുകണ്ണിൽ ചെറുപയർ കറിയും. ചെമ്പുപാത്രത്തിൽ നിറമുള്ളതും ഇല്ലാത്തതും കിടന്നു തിളയ്ക്കുകയാണ്. ഇനിയെനിക്ക് തിളക്കാൻവയ്യേ, ഞാനിപ്പോൾ പുറത്തു ചാടുമേ, എന്നുപറഞ്ഞ പാലടുപ്പിലെ കത്തുന്നവിറക് പുറകോട്ടുവലിച്ചു, ശ്രീ. ബാലൻ; നാട്ടുകാരുടെ ബാലേട്ടൻ. പിന്നെ അണഞ്ഞെന്നു തോന്നിയ കറിയടുപ്പിലേക്ക് ആഞ്ഞൊരൂതൽ:
"ഫൂ.............ഉഫൂ......"
ആളിക്കത്തുന്നതിനു മുൻപ് അടുപ്പൊരു പുകയിളക്കി. അത് മൂന്ന് മൺചുമരും ഓടിട്ട മേൽക്കൂരയും കടന്ന് വാനിൽ വലയം പ്രാപിച്ചു. ദൂരെനിന്നു നോക്കിയാൽ മഞ്ഞേത് പുകയേത് എന്ന് വേർതിരിച്ചറിയാനാവാത്തവിധംപറന്ന് പുക മുകളിലേക്ക്പോയി. ഒരൽപം ബാലന്റെ അണ്ണാക്കിലേക്കും. പിന്നെ ഒരു നാല് കൊര.
പുറത്ത് ഒരു മണിയടി. കോലത്തുവയലിലെ ഏക പത്രവില്പനക്കാരനാണ്; ജോജു. മുതലാളീം തൊഴിലാളീം എല്ലാം ഒരാൾ. തലമുറകളായി കൈമാറിവരുന്ന, കുലത്തൊഴിലല്ലാത്ത ഒരുതൊഴിൽ. അവനില്ലാത്തദിവസം അവന്റെ അച്ഛനടിക്കും ആ മണി. പിന്നെ ബാലേട്ടന്റെ ഒരു കാലിച്ചായയും കുടിച്ചാണ് അച്ഛന്റെ പത്രവിതരണം.
മുൻവശത്തെ ചുമരിനോട് ചേർന്ന്, ചരൽനിരത്തിനരികത്തായി രണ്ട് തൂണ്നാട്ടി, ഓലമേഞ്ഞ ഒരു പന്തൽകെട്ടി ബാലൻ. വരുന്നവരെ ഇരുത്തി സൽക്കരിക്കാൻ ഒരു മേശയും, ഇരുത്തിയും; മരത്തിന്റേത്.
ജോജു പത്രം മേശമേൽ വച്ചു.
"ന്നാ ഞാൻ വിടാട്ടാ"
"ഒരു കാലിച്ചായ കുടിച്ചോടാ"
"വേണ്ടപ്പ, ശ്യാമളേച്ചീന്റെ വീട്ടീന്ന് കുടിച്ചോളാ....."
മണിയടിയുടെ ശബ്ദം കുറഞ്ഞു വന്നു.
കോലത്തുവയൽ; പേരുപോലെ തന്നെയാണ്. കണ്ണെത്താദൂരത്തോളം വരമ്പ് കെട്ടിമുറിച്ചവയലുകൾ. അടുത്തുള്ള പട്ടണത്തിൽനിന്ന് ആരെങ്കിലും വന്നാൽ ആദ്യം പ്രവേശിക്കുന്നത് ഒരു ചുവന്നനിരത്തിൽ. പിന്നെ മൂന്ന്ഭാഗവും കണ്ണോടിക്കാം. കൊയ്ത്തുകാലത്തിനുമുൻപ് പച്ചപ്പുതപ്പ് പുതച്ചുറങ്ങുന്നവയലുകൾ. നേരത്തെ പറഞ്ഞ മൺകട്ടചുമരുകളോട് കൂടിയ ഒരു എടുപ്പ്; ബാലേട്ടന്റേത്. അതും നിരത്തിന് വലതുവശത്തായി. അതേഭാഗത്ത് വയലിൽ ഒരു ചെമ്പകം. 'പോതിച്ചെമ്പകം' എന്ന് എല്ലാരും വിളിക്കുന്ന, വെളുത്ത ചെമ്പകപ്പൂക്കൾ വിരിയുന്ന, നട്ടുച്ചയ്ക്ക് പിള്ളേർ കയറിക്കളിക്കാൻ മടിക്കുന്ന ചെമ്പകം.
ചേന്നോത്ത്‌ തറവാട്ടിലെ പോതിത്തെയ്യം വർഷങ്ങൾക്ക് മുൻപ് കോഴിയെ അറുത്ത് കർമ്മംചെയ്യാൻ വന്നിരുന്നത് ആ ചെമ്പകച്ചോട്ടിൽ ആയിരുന്നത്രേ. അങ്ങനെ ചെമ്പകത്തിനു ചാർത്തിക്കിട്ടിയപേരാണ് 'പൊതിച്ചെമ്പകം'.
ഇനി ബാലേട്ടന്റെകട. കോലത്തുവയലിലെങ്ങാനും ഒരു ബസ് ഓട്ടം തുടങ്ങിയാൽ ഒരു സ്റ്റോപ്പിന്റെ പേര് 'ബാലൻകട' എന്നായിരിക്കും, തീർച്ച. മറ്റൊന്നുംകൊണ്ടല്ല, വരുന്നത് ആനാട്ടിലെ ഏതെങ്കിലും വീട്ടിലേക്കുള്ള അതിഥികൾ ആണെങ്കിൽപോലും, ബാലേട്ടനോട് വഴിചോദിക്കാറുള്ള പതിവുണ്ട്. കൃത്യമായി വഴിപറഞ്ഞുകൊടുക്കുന്ന കൂട്ടത്തിൽ ബാലേട്ടൻ അവരോട്ചോദിക്കും;
"അവൽശ്രീയുണ്ട് എടുക്കട്ടാ? ഒന്ന് കൈച്ചുനോക്ക്"
കേട്ട പേരിൽ കൗതുകം തോന്നിയ ആരും ഒന്ന് തലയാട്ടും. പിന്നെ അതിഥികളുടെ കയ്യിലുള്ള സൽക്കാരപ്പൊതികൾ വാങ്ങിച്ച് ബാലേട്ടൻ തന്നെ മേശപ്പുറത്തുവയ്ക്കും. അവർ മേശപ്പുറത്തുള്ള പത്രത്തിന്റെ അഞ്ചുതാളുകൾ മറിക്കുമ്പോഴേക്കും ഓരോ പാത്രം അവൽശ്രീ മേശപ്പുറത്തെത്തിയിട്ടുണ്ടാകും. ഒഴിച്ചപാലിന്റെ ചൂടാറാൻ ഊതിക്കൊണ്ട്, പാത്രത്തിൽവച്ചിരിക്കുന്ന സ്പൂണുകൊണ്ട് അതുകഴിക്കാം. ഇതിന്റെ കൂട്ട് ചോദിക്കുന്നവർക്ക് ബാലേട്ടൻ സസന്തോഷം വിവരിച്ചുകൊടുക്കും;
"എളുപ്പാന്നപ്പ, നാടൻ അവില് വേണം. പിന്നെ പൂവൻപഴം, പൻസാര, പാല്. അവിലിൽ പഴം മുറിച്ചിടുവ. പിന്നെ വേണ്ടുന്നത്ര പൻസാരേം കൊറച്ചു ചൂടുപാലും ഒയ്‌ക്കുവ. കയിഞ്ഞു"
പക്ഷെ ബാലേട്ടൻ ശ്രദ്ധിക്കാതെപോയതും വിരുന്നുകാർക്ക് അറിയാതെപോയതുമായ ഒരുകാരണം ആ രുചിക്കുപുറകിലുണ്ടായിരുന്നു. വിറകുകൊണ്ട്കത്തുന്ന അടുപ്പും, അവിലൊക്കെ സൂക്ഷിച്ചിരുന്ന ചെമ്പുപാത്രങ്ങളും.
"ചായ എടുക്കട്ടേ?"
മുന്നിലിരിക്കുന്നവർ പാത്രം കാലിയാകുമ്പോഴേക്കും അടുത്ത ചോദ്യംവരും.
"എന്നാപ്പിന്നെ അതുമൊന്ന് ടേസ്റ്റ് ചെയ്തുനോക്കാം"
ചൂടുചായയും കുടിച്ച് കാശുകൊടുത്ത് അവരങ്പോകും.
പിന്നെ കടയിൽ ബാലേട്ടനുള്ളൊരു കൂട്ട് ഒരു റേഡിയോ ആണ്.
ആകാശവാണി മാത്രം കേൾക്കുന്ന ബാലേട്ടൻ അടുപ്പിൽ ഊതിക്കൊണ്ടിരുന്നു.
ദേ, നേരത്തെ നിന്നിടത്താണ് ഇപ്പോൾ. ഒരൽപം കൂടി വലത്തോട്ട് നോക്കിയാൽ ഒരു മല കാണാം; നന്നാടൻമല. മലയിൽ വെളുത്ത നാട കെട്ടിയിട്ടപോലെ അങ്ങിങ്ങായി വരകൾ കാണാം. കോലത്തുവയലിന്റെ ദാഹം മാറ്റുന്ന മാഞ്ഞാഴിപുഴ പിറവിയെടുക്കുന്നത് ദാ അവിടെനിന്നാണ്. മഴക്കാലത്ത് ആ വരകളുടെ വണ്ണം കൂടും.
പത്രത്തിൽ കമ്പോളനിലവാരവും വായിച്ചിരിക്കുകയായിരുന്നു ബാലേട്ടൻ. അങ്ങ് ദൂരെ പട്ടണത്തിന്റെ ദിശയിൽനിന്നും നിരത്തിൽ പൊടിഉയരുന്നത് ബാലേട്ടന്റെ ശ്രദ്ധയിൽപെട്ടു. ആ പൊടിയുടെ അകലം കുറഞ്ഞുവരികയാണ്; ഒരു ശകടം.
"സാജന്റെ നായിക്കൊറ്റനാണോ? ഹേയ് അല്ല. അത് ശനിയാഴ്ച വൈന്നേരം തേങ്ങയും പച്ചക്കറികളും കൊണ്ട് പട്ടണത്തിലേക്ക് പോകാറല്ലേപതിവ്. പിന്നെ രാത്രിയാവും തിരിച്ചു വരാൻ. അപ്പോപ്പിന്നെ ആരാവും? ആ ആരെങ്കിലും ആവട്ടെ. ഇന്ന് കൊറച്ചു കച്ചോടംകിട്ടും"
ബാലേട്ടൻ സന്തോഷിച്ചു.
അത് കടയുടെ മുന്നിൽ വന്നുനിന്നു. നിറം കറുപ്പാണ്. നാല്ചക്രങ്ങൾ. ശകടത്തിന്റെ ശരീരത്തിൽ അങ്ങിങ്ങായി സൂര്യൻ തട്ടിത്തിളങ്ങുന്നുണ്ട്.
വാതിൽതുറന്ന് നാല്പേർ പുറത്തിറങ്ങി. ഒരാളൊഴിച്ച് മൂന്നുപേർ പാന്റിലാണ്. അവരുടെ കയ്യിൽ ഓരോ ബാഗും ഉണ്ട്. മുണ്ടുടുത്തയാൾ കടയുടെ പന്തലിലേക്ക് കയറിവന്നു.
"ബാലൻ അല്ലെ?"
മുണ്ടുടുത്തയാൾ ബാലേട്ടനോട് ചോദിച്ചു. അയാൾക്ക് അധികം പ്രായമൊന്നുമില്ല.
"ഉം അതെ. ഇങ്ങളിരിക്കപ്പ"
ബാലേട്ടൻ മുണ്ടിന്റെ കോന്തലകൊണ്ട് ഇരുത്തി തുടച്ചു.
"ഓ വേണ്ട"
"അല്ല ബാലൻ, ഇങ്ങനെയൊക്കെ പോയാൽമതിയോ? നമ്മക്ക് കച്ചവടമൊക്കെ ഒന്നുഷാറാക്കേണ്ടേ?"
മുണ്ടുടുത്തയാൾ നിന്നനില്പിൽത്തന്നെ ചോദിച്ചു.
"അയ്യോ, എനക്ക് വെല്ല പ്രാരാബ്ധം ഇണ്ടായിട്ടൊന്ന്വല്ല. കൊറച്ചു കണ്ടൂണ്ട്. മൂന്നു ആണ്മക്കളും ആട കൃഷി നോക്കുന്നുണ്ട്. രണ്ട് പെണ്മക്കളെ കെട്ടിച്ചയച്ചു. പിന്നെന്നാന്നു?, തൊടങ്ങിയിതീടുന്നാണ്. അതോണ്ട്, അടച്ചുവീട്ടിലിരിക്കാൻ ഒരുമടി. എനക്കിതെല്ലും മതി"
"അതുപോരാ. ബാലന് കൂടുതൽ സമ്പാദിക്കാനുള്ള വകയുംകൊണ്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്. ദാ അവിടെക്കണ്ടോ?"
പൊതിച്ചെമ്പകം നിൽക്കുന്ന വയൽ ചൂണ്ടക്കിക്കൊണ്ട് മുണ്ടുടുത്തയാൾ ചോദിച്ചു.
"ആട്യേന്നപ്പാ?"
ബാലൻ തിരിച്ചു ചോദിച്ചു
"അവിടെ താമസിയാതെ ഒരുഫാക്ടറി വരും. അതിന്റെ പണിതുടങ്ങാൻ വേണ്ടി സ്ഥലം നോക്കാൻവന്ന എഞ്ചിനീയർമാരാണ് ഇവരൊക്കെ"
"അതോണ്ട് എനക്കെന്നാ നേട്ടം? എനക്ക് തോനപണം കിട്ടുന്നല്ലേ ഇങ്ങള് പറഞ്ഞിന്!"
"ബാലന് മാത്രമല്ല. ഈ നാട്ടുകാർക്ക് മൊത്തം നേട്ടമാണ്. ഒരുപാട് പേർക്ക് ജോലി കിട്ടും. അവരൊക്കെ ബാലന്റെ കടയിലെ നിത്യസന്ദര്ശകരാകും. അതൊക്കെ ബാലന് നേട്ടമുള്ള കാര്യമല്ലേ?"
"അതൊക്കെയാണ്. പക്കേങ്കില്, പുഞ്ചയും ഉയ്‌ന്നും പച്ചക്കറിയൊക്കെ ഏട്യാ നാടുവാ?"
"ഹ ഹ ഹ, കോലത്തുവയലിലാണോ സ്ഥലത്തിന് പഞ്ഞം! പിന്നെ, മെമ്പർ ഫ്രാൻസിസ് ഇവിടെ വരാറുണ്ടോ?"
"പിന്നില്ലാണ്ട്. ഫ്രാൻസിസും മഹേഷും വടക്കേടത്തെ ജോസും അലിയും വൈന്നേരം അഞ്ചുമണിയാവുമ്പം ഈട ഒരു കൂടലിണ്ട്. മോന്തിക്ക് ബാംഗ് കൊടുക്കുന്നവെരെ ഈട്ന്ന് വർത്താനം പറഞ്ഞിരിക്കും"
"ഓഹോ, എന്നാൽ ഈ പൊതി ഫ്രാന്സിസിനെയൊന്ന് ഏൽപ്പിക്കണം. ഫാക്ടറിയെക്കുറിച്ചുള്ള മറ്റ് കാര്യങ്ങൾ ഞാനവനോട് നേരിട്ട് പറഞ്ഞോളാം"
"ശെരി"
ബാലേട്ടൻ പൊതിവാങ്ങിച്ചു. മുണ്ടുടുത്തയാൾ വണ്ടിയിൽകയറാൻ തിരിഞ്ഞുനടന്നു.
"അല്ലപ്പാ, ആര് തന്നൂന്ന് പറയണം?"
"ഉത്തമൻ തന്നണതാണെന്നു പറഞ്ഞാൽമതി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്"
"ഓ, ആയോക്കോട്ടെപ്പ"
ബാലേട്ടൻ നോക്കിനിൽക്കെ ആ കറുത്തശകടം പൊടിയുംപാറ്റിക്കൊണ്ട് പട്ടണത്തിലേക്കു തിരിച്ചുപോയി.
വൈകുന്നേരം അഞ്ചുമണി:
ഫ്രാൻസിസും അലിയും ജോസും മഹേഷും ബാലേട്ടന്റെ പീടികയിലിരിപ്പുണ്ട്.
"ബാലേട്ടോയ്, ചൂടോടെ അവൽശ്രീപോരട്ടെ"
ജോസ് വിളിച്ചുപറഞ്ഞു
"എനക്കിന്ന് അവലും ചെറുപയറുംമതി ബാലേട്ടാ"
അലി ഒന്ന് മാറ്റിപ്പിടിച്ചു
നാലുപാത്രവും അവരുടെ മുന്നിൽനിരന്നു
അവരുടെ വർത്താനം ശ്രവിച്ചിരിക്കവേ ബാലേട്ടന് പൊതിയുടെകാര്യം ഓർമ്മവന്നു. മേശവലിപ്പിലെ പൊതിയെടുത്ത് ഫ്രാന്സിസിനുനേരെനീട്ടി.
"ഫ്രാൻസിയെ, ഇതാ. ഇത് ജില്ലാപഞ്ചായത്ത്പ്രസിഡന്റ് ഉത്തമൻ ഇനിക്ക് തെരാൻ ഏൽപ്പിച്ചതാ"
"അയാളെപ്പോഴാ വന്നിന്?"
"ഉച്ചക്കത്തെ സംസ്കൃതം വാർത്ത തൊടങ്യെരം. ഒരു കറുത്തകാറിൽ. കൂടെ മൂന്നുപേരുണ്ടായിരുന്നു. എഞ്ചിനീയർമാരാണെന്നാ പറഞ്ഞെ. പിന്നെ പോതിച്ചെമ്പകം ചൂണ്ടിക്കാണിച്ച് എന്നോട് പറഞ്ഞു ദാ ആ ഭാഗത്ത് ഒരു ഫാക്ടറി വരുന്നുണ്ട്പോലും. നാട്ടുകാർക്ക് പണിയും എനക്ക് നല്ലകച്ചോടൂം കിട്ടൂന്ന്"
ഫ്രാൻസിസ് പൊതി തുറന്നു വായിച്ചുനോക്കി. ഫാക്ടറിയുടെ രൂപരേഖയും അതിനുവേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും അതിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ഫ്രാൻസിസ് എല്ലാവരോടുമായി പറഞ്ഞു;
"കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോൾ എന്നോട് പറഞ്ഞിനെനു, നമ്മുടെ റോഡ് താർ ചെയ്യാനുള്ള ബിൽ പാസാക്കാൻ പഞ്ചായത്തിലേക്ക് വിളിച്ചുപറഞ്ഞിട്ടുണ്ടെന്ന്. പക്ഷെ ഫാക്ടറിയെക്കുറിച്ചൊന്നും പറഞ്ഞില്ല"
"അല്ല ഫ്രാൻസി, ഇതിലൊരു കെണി ഒളിഞ്ഞിരിപ്പില്ലേ?"
മഹേഷ് തല ചെരിച്ചുകൊണ്ട് ചോദിച്ചു
"പിന്നില്ലാണ്ട്. നന്നാടൻ മലയിലെ ഉറവ വറ്റാത്തിടത്തോളം കാലം മാഞ്ഞാഴിപ്പുഴയിലെ വെള്ളം നമ്മക്കിണ്ട്. എല്ലാരും പാടത്തെറങ്ങി പണിയെടുക്കുന്നോണ്ട് തൊഴിൽക്ഷാമം ഈടില്ല" അലി പറഞ്ഞു.
"മാത്രല്ല, പൊഴേന്റെ കരേല് ഫാക്ടറി തൊടങ്ങിയാ, അയിലിന്നോരു വെള്ളൂറ്റും. ഓറെ കച്ചറ മാഞ്ഞായീലേക്ക് കളയും"; ഫ്രാൻസിസ് കൂട്ടിച്ചേർത്തു.
മഹേഷ് ഒരു പഴഞ്ചൊല്ലിനെ കൂട്ടുപിടിച്ചു;
"എലക്കും മുള്ളിനും കേടില്ലാണ്ട് ഇതെങ്ങെനെങ്കിലും ഒന്ന് തീർക്കണല്ലാ. എന്താ ഒരു വയ്?"
"പോതിച്ചെമ്പകം നട്ട കണ്ടത്തിലല്ലേ ഓറ കണ്ണ്. വയ്യിണ്ട്"
ഫ്രാൻസിസ് മൂന്നുപേരെയും വിളിച്ച് അൽപ്പംമാറിനിന്നു സംസാരിച്ചു. ബാലേട്ടന് ഒന്നും കേൾക്കാൻ പറ്റുന്നില്ല.
"ഡാ, ഈല് പൊടിപാറും. ഇത് വന്ന്തിന്ന്"
രഹസ്യ ചർച്ചയ്ക്കുശേഷം അവർ തിരിച്ചുവന്നു.
സൈക്കളെടുത്ത് ജോജോവും. പത്രത്തിന്റെ പൈസപിരിക്കാൻ ഇറങ്ങിയതാണ് ജോജോ.
"അപ്പൊ പറഞ്ഞപോലെ. മഹേഷേ, അലി ഇങ്ങള് നന്നാടൻ മലയിലേക്ക് പോവ്വാ" ഫ്രാൻസിസ് പറഞ്ഞു.
"ആറുമണികൈഞ്ഞാ കണാരേട്ടൻ കടത്ത്നിർത്തും. അപ്പൊ?" മഹേഷ് സംശയം പ്രകടിപ്പിച്ചു
"ഫ്രാൻസിസ് പറഞ്ഞിനീന്നു പറഞ്ഞാമതി. പിന്നെ ജോസ്, നീ ഏറ്റുകാരൻ രാജീവേട്ടനെ കാണണം. അയിന് കൊറച്ചു സമയെടുക്കും, സാധനം കിട്ട്യാ അതുംകൊണ്ട് വായനശാലേലേക്ക് വന്നോ. മൊളയെല്ലും ഞാനൊപ്പിക്കാ. ജോജോ ഇയ്യെന്റൊപ്പരം വാ, വായനശാലേലേക്ക്. ഞാനൊരു സാധനം തെര, അത് മീത്തലെ പ്രസാദിന് കൊടുത്ത് ഇന്ന് രാത്രിതന്നെ പൂർത്തിയാക്കിത്തരാൻ പറയണം"
ജോജോയ്ക്കും ബാലേട്ടനും ഒന്നും മനസ്സിലായില്ല.
"എനക്ക്, പൈശ പിരിക്കണംന്ന്" ജോജോ അനങ്ങാൻ കൂട്ടാക്കിയില്ല.
മഹേഷ് സൈക്കിളിൽ പിടിച്ചു
"ഈട താടിക്ക് തീപിടിക്കാൻ പോമ്പാണ് ഓന്റെ ഒരു പിരിവ്"
"എടാ ജോജോ, നീ വായനശാലലേക്ക് വിട്, ഞാൻ കാര്യം പറയാ"; ഫ്രാൻസിസ് പറഞ്ഞു.
ഓരോരുത്തരും അവരവരുടെ വഴിക്ക് പോകാനൊരുങ്ങവേ, ബാലേട്ടൻ ചോദിച്ചു;
"പിള്ളേരെ, ന്തെങ്കിലും പ്രശനം ഇണ്ട?"
"പ്രശ്നം ഇണ്ടായിട്ട് തീർക്കുന്നതിലും നല്ലതല്ലേ ബാലേട്ടാ, അതില്ലാണ്ട് നോക്കുന്നത്"; സൈക്കിളിന്റെ പിറകിലിരുന്ന ഫ്രാൻസിസ് ജോജോയുടെ പുറത്തു തട്ടി.
"അപ്പറഞ്ഞത് ഞായം"; ബാലേട്ടൻ പിന്താങ്ങി.
അവരെല്ലാം അല്പദൂരം പിന്നിട്ടശേഷമാണ്, പാതിതീർന്ന പാത്രങ്ങൾ ബാലേട്ടന്റെ ശ്രദ്ധയിൽ പെട്ടത്;
"എടാ, ഇത് തീർത്തിട്ട്പോടാ.............."; ബാലേട്ടൻ വിളിച്ചുപറഞ്ഞു
"അത് പൊത്തിവെച്ചോ, പിന്നെ കൈക്കാ......."
മഹേഷിന്റെ ഉത്തരം ഒരു നേർത്തശബ്ദത്തിൽ ബാലേട്ടൻ കേട്ടു.
"ആ ഇതെനി, ജാനുന്റെ പൈക്കായി"
ബാലേട്ടൻ നെടുവീർപ്പിട്ടു.
###################
മഞ്ഞുണ്ട്. പക്ഷെ ഇന്നലത്തെയത്രയില്ല.
കടയുടെ അടുത്തെത്തുന്നതിനു മുൻപേതന്നെ, പോതിചെമ്പകച്ചുവട്ടിൽ ആളനക്കം കണ്ടു. ലുങ്കിയും ഷർട്ടും ധരിച്ച പത്തോളംപേർ.
ബാലേട്ടൻ, കടയുംകടന്ന് അൽപ്പം മുന്നോട്ട് നടന്നു. വരമ്പിലൂടെ ഒരു ലുങ്കിയും ഷർട്ടും നിരത്തിലേക്ക് വരുന്നുണ്ട്. ബാലേട്ടൻ നിരത്തിനിടതുവശം കണ്ട സൂചനാഫലകം വായിച്ചു;
*****************************
"പോതിചെമ്പകച്ചോട്ടിൽ ദേവസ്ഥാനം
കോലത്തുവയൽ
-പാച്ചു"
*****************************
ആ രൂപം ബാലേട്ടന്റെ അടുത്തെത്തി.
"ഇതെന്താടാ ഫ്രാൻസി, ബോർഡും കുരുത്തോലയുമൊക്കെ? കാവ് വന്നുവാ ഈട? അപ്പൊ ഫാക്ടറീന്ന് പറഞ്ഞിട്ട്?"
"ബാലേട്ടാ, ആദ്യം അവര് ഒരു ഫാക്ടറീന്ന് പറയും, പിന്നത് രണ്ടാവും, പിന്നെ എണ്ണം കൂടും. നമ്മക്ക് പലതും കൊറയും. ഇതാകുമ്പോ, നമ്മള് നാട്ടുകാർക്ക് അമ്പലൂം പള്ളീം എന്നുള്ള വ്യത്യാസം ഇല്ലല്ലാ. ഒറ്റൊരുത്തനും നമ്മളെ മണ്ണ് തൊടാൻ വെരൂല്ല"
അവരുടെ സംഭാഷണത്തിനിടയിൽ മഹേഷും വന്നു; വരമ്പത്തൂടെ.
"അപ്പൊ, ഇത് ഏതു ദൈവാന്ന്?" ബാലേട്ടനൊരു സംശയം
“ഒറ്റക്കല്ലിൽ ആരൂഢസ്ഥാനമുള്ള ഒരു ദൈവം നമ്മക്കുണ്ടല്ല. ഇന്നലെ രാത്രി, നന്നാടൻ മലകേറിയപ്പൊ കിട്ടിയ ഒരു പാറക്കല്ല് ചെമ്പകച്ചോട്ടിൽ വെച്ചിട്ടുണ്ട്. അതീടയൊന്നെത്തിക്കാൻ എനക്കും അലിക്കും കൊറച്ചു കഷ്ടപ്പെടേണ്ടിവന്നു. കണാരേട്ടന്റെ ഓള് ചെറുങ്ങനെ ഒച്ചപ്പാടാക്കീന്. കണാരേട്ടൻ ആത്തുപോയിട്ട് വന്നേരം ഒച്ച തന്നാല നിന്ന്"; മഹേഷ് ഇന്നലെ രാത്രിയുണ്ടായ അനുഭവം വിവരിച്ചു.
"ഇനി നമ്മളെ വയലും ചെമ്പകവും അതുപോലെ കാണും. കൃഷിയുമിറക്കാം, കൊല്ലത്തിലൊരിക്കൽ കളിയാട്ടത്തിനു പാളപ്പാത്രത്തിൽ ചോറും പായസവും വെച്ച് മാട്ടും ചെയ്യാ"; ഫ്രാൻസിസ് ആ നേട്ടത്തിൽ അഭിമാനം കൊണ്ടു.
ബാലേട്ടന്റെ ദേഹത്തു വെള്ളത്തുള്ളികൾ വീണു.
"ഇതെന്നാടാ, മയയാ.....? കാലംതെറ്റി പെയ്യിന്നല്ലാ. നീയാ ബോഡിനു വെല്ലതും കൊണ്ടുപൊത്ത്. എഴുത്തു മൊത്തം ഒലിച്ചുപോകും"
"അത് സാരൂല്ല ബാലേട്ടാ. രണ്ടുകുപ്പി പെയിന്റും, രണ്ടുബ്രഷും ഇണ്ടെങ്കിൽ, നമ്മളെ പാച്ചു ഒന്നല്ല, ഒരായിരം ബോഡ് എഴുതിത്തരും" മഹേഷ് ലുങ്കിയൊന്ന് മാടിക്കുത്തി.
ബാലേട്ടൻ സംശയത്തോടെ മുകളിലേക്ക് നോക്കി. ഒരു പഴമക്കാരന്റെ ഭയവും സംശയവും അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചു
"എന്നാലും ഇപ്പൊ ഇങ്ങനൊരു മയ?"
ഫ്രാൻസിസ് ബാലേട്ടനെ സമാധാനിപ്പിച്ചു
"ബാലേട്ടാ, ഇങ്ങള് തിടമ്പ് കണ്ടിട്ടില്ലേ?"
"ശിവരാത്രിക്ക്, നമ്പൂരി എടുത്ത് തുള്ളുന്നതല്ലേ? തലയിൽ വെച്ചിട്ട്?" ഉത്തരത്തിന്റെ അവകാശി മഹേഷായിരുന്നു.
"ആ അത് തന്നെ. അതിനൊരുള്ളടക്കമുണ്ട്. തങ്ങളുടെ വിജയത്തിനും രക്ഷയ്ക്കും കാരണമായ ആരാധനമൂർത്തിയോടുള്ള നന്ദി പ്രകടനത്തിൽ, ഉപഭോക്താവും ദാദവും സന്തോഷംകൊള്ളുന്നു. നമ്മുടെ ദൈവം ഈ മണ്ണാണ്. അതിനെ സംരക്ഷിക്കാൻ നമ്മള് നടത്തിയ എളിയപ്രവൃത്തി. അതിന്റെ സന്തോഷത്തിലാ ഈ മഴ"; ഫ്രാൻസിസ് വിശദീകരിച്ചു.
"ഈ ആനന്ദക്കണ്ണീര് എന്നൊക്കെ പറയുംപോലെ അല്ലെ?" മഹേഷ് അതിനെ സാഹിത്യവൽക്കരിച്ചു.
ആ പുതുമഴയിൽ കുതിർന്ന മണ്ണിന്റെ സുഗന്ധവും ശ്വസിച്ച് ബാലേട്ടൻ നടന്നു; കടതുറക്കാൻ.
മഹേഷും ഫ്രാൻസിസും ചെമ്പകച്ചോട്ടിലേക്ക്. ഒരൽപം ജോലികൂടെ ചെയ്തുതീർക്കാനുണ്ട്.
ബാലേട്ടൻ അടുപ്പിലൂതി. വെളുത്ത പുകയുയർന്നു. ചുമരും, ഓടും കടന്ന് മുകളിലേക്ക്. മഴ പെയ്യുന്നുണ്ട്. പുക, പുകയായിത്തന്നെകാണാം.
നന്നാടൻ മലയിലെ വെളുത്ത നാടകൾക്ക് വണ്ണം കൂടിയും കുറഞ്ഞുമിരുന്നു. വയലിൽ പുഞ്ചയും ഉഴുന്നും കപ്പയും പച്ചക്കറികളും വിളഞ്ഞു. കോലത്തുവയലിലുള്ളവരും അതിഥികളും, ഓരോദിവസം കൂടുംതോറും രുചിയേറിവരുന്ന ബാലേട്ടന്റെ അവൽശ്രീ കഴിച്ചും, പോതിച്ചെമ്പകക്കാവിലെ കളിയാട്ടനാളിൽ പാളപ്പാത്രത്തിൽ പായസം കുടിച്ചും കഴിഞ്ഞു പൊന്നു.
വേറേതുമല്ല, കോലത്തുവയലിലുള്ളവർക്ക് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വിലപിടിപ്പുള്ള സന്തോഷനിമിഷങ്ങൾ ഇവയൊക്കെയാണ്, ഇവമാത്രമാണ്.

No comments:

Post a Comment