Sunday, December 2, 2018

കാത്തിരിപ്പ് (ഒരു നാടൻപാട്ട്)



ആ പോകണവഴിയുടെചാരേ.........
ആ ചെറ്റക്കുടിലിനുകീഴേ.........
വയറാളിയപെൺമിഴിയുണ്ടേ.....


ആ പോകണവഴിയുടെചാരെ,
ആ ചെറ്റക്കുടിലിനുകീഴെ,
വഴിനീളെക്കണ്ണുംനാട്ടൊരുപെണ്ണുമിരിപ്പുണ്ടേ....
വയറാളിയപെൺമിഴിയവനെക്കാത്തുമിരിപ്പുണ്ടേ...

***********************

കലിതുള്ളിക്കർക്കിടകംപോയ്,
ചിരിതൂകിച്ചിങ്ങംവന്നേയ്,
ഒഴുകുമ്പുഴയക്കരെനിന്നും കണവൻവന്നില്ലാ.....
കാണോംവിറ്റോണോമുണ്ണാനവനുംവന്നില്ലാ........

************************
കന്നിക്കൊയ്ത്തൊന്നുകഴിഞ്ഞു,
തുലാപ്പത്തുമിന്നുകഴിഞ്ഞു,
ഇടിവെട്ടുംരാത്രിയിലാരോ വാതിലിൽമുട്ടുന്നേ....
കണവൻവന്നവളെമുഴുക്കെ വാരിപ്പുണരുന്നേ......

************************
ആ പോകണവഴിയുടെചാരേ.........
ആ ചെറ്റക്കുടിലിനുകീഴേ.........
വഴിനീളെക്കണ്ണുംനട്ടേ.......
ചൊകചുണ്ടിൽപുഞ്ചിരിയോടേ...


ആ പോകണവഴിയുടെചാരെ,
ആ ചെറ്റക്കുടിലിനുകീഴെ,
ചൊകചുണ്ടിൽപുഞ്ചിരിയോടെയൊരമ്മയിരിപ്പുണ്ടേ
ചെറുകവിളിലൊരുമ്മകൊടുക്കാനച്ഛൻവരണുണ്ടേ………

Thursday, March 1, 2018

ആ തുമ്പിയും പാറിപ്പറന്നു

                                   
"പഠിച്ചു ഞങ്ങൾ നല്ലവരാകും,
ജയിച്ചു ഞങ്ങൾ മുന്നേറും,
പടുത്തുയർത്തും ഭാരതമണ്ണിൽ
സമത്വസുന്ദര നവലോകം"

മുന്നിലും പിന്നിലുമുള്ള ഏട്ടന്മാർ ആവേശത്തോടെ വിളിച്ചുതരുന്ന മുദ്രാവാക്യം, കൈകളുയർത്തി ഞാനും ഏറ്റുവിളിച്ചു. ആ മുദ്രാവാക്യത്തിലൂടെ ഞാനെനിക്കുതന്നെ കൊടുത്ത വാക്കുപാലിക്കാനുള്ള ശ്രമത്തിലാണ് ഞാനിന്നും, എന്നും.ഭാഗ്യമുള്ളവർക്കു മാത്രം കയ്യിൽ കിട്ടുന്ന കൊടി. ഭാഗ്യമില്ലാത്തവർ വെറും കൈകൊണ്ട്, പാട്ടിനു താളമടിച്ചുനടക്കും:

 "കൊണ്ട്രവടി കൊണ്ട്രവടി
 വഴിയിലൊരു പാമ്പ്.
 ചേനയല്ല ചേമ്പുമല്ല
 ചേനത്തണ്ടൻ പാമ്പ്.
 കാർത്തികേയൻ മാസ്റ്ററുടെ 
 മൂത്തമകൾ കാർത്തു 
 കാർത്തുവിന്റെ തോർത്തുമുണ്ട് 
 കൂർത്തകളിൽ കോർത്തു"

പാടിത്തരാൻ മണ്ടൂരിൽ നിന്നുള്ള സന്തോഷേട്ടനോ, നാട്ടിലെ അനിയേട്ടനോ ഉണ്ടാകും. എന്നാലും എന്റെ ആവേശം ആ കൊടിയിലായിരുന്നു, വെള്ളയിൽ ചെന്താരകമുള്ള 'ബാലസംഘം' എന്നെഴുതിയ ആ കൊടി പറത്താനായിരുന്നു.

ആപ്പന്റെ മടിയിലിരുന്ന് തയ്യൽ മെഷിൻ ചവിട്ടുമ്പോൾ കൊടിയിൽ അൽപ്പം വ്യത്യാസമുണ്ടാകും. നിറത്തിലും അതിലെ എഴുത്തിലും. കൂടാതെ നാട്ടിൽ റോഡിനിരുവശത്തും തൂങ്ങിയാടിയിരുന്ന വെള്ളനാടയിൽ ചുവന്ന പ്ലാസ്റ്റിക് തോരണങ്ങൾ, ഞാനും ആപ്പനും ചേർന്നടിച്ചതായിരുന്നു.

സന്ധ്യയ്ക്ക് വീട്ടിൽ കുറച്ചുപേർ കൂടിയിരിപ്പുണ്ടാകും. എന്തിനാനെന്നറിയാൻ ഞാൻ കോലായിൽപോയി അച്ഛാച്ചന്റെ മടിയിൽ പോയിരിക്കും. കുരുത്തംകെട്ടവന്റെ കള്ളി മനസ്സിലാക്കിയ അമ്മ പറയും:
"പോയിരുന്നു എഴുതിവെക്കെടാ. വെല്ലാളെ വായിനോക്കാൻ      വന്നിരിക്കുന്നു"
ഞാനെഴുന്നേൽക്കുന്നതും അച്ചാച്ചൻ എഴുന്നേൽപ്പിക്കുന്നതും ഒരുമിച്ചായിരിക്കും. ഞാനത് അനുസരിച്ചിരിക്കണം. ഇല്ലെങ്കിൽചിരട്ടക്കയിലിന്റെ പിടി എന്റെ കണങ്കാലിൽ വീഴും. അതെനിക്കും അച്ചാച്ചനും നന്നായറിയാം.

പിന്നീടൊരുനാൾ ഒരു ദീപശിഖാ പ്രയാണം; അനിയേട്ടനും രഞ്ജിയേട്ടനുമെല്ലാം ട്രൗസറും മുറിക്കയ്യൻ ബനിയനുമിട്ട് കത്തുന്ന ദീപശിഖയുമായി അഴീക്കോടൻ സെന്ററിന്റെ അടുത്ത് നില്കുന്നു. ട്രൗസർ നിത്യവേഷമായിരുന്ന എനിക്ക് അവരുടെ കൂടെ കൂടാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല. ഞാനും ഓടി. പുതിയകാവ് മുതൽ ഹാജിറോഡ് വരെ. ഓട്ടത്തിനിടയിൽ തീയണഞ്ഞ ഒരു ദീപശിഖ ആരോ എനിക്കുതന്നു. എന്നിലെ കുട്ടിസഖാവ്  ഒന്നുകൂടി ഉണർന്നു. അന്ന് ഫേസ്‌ബുക്ക് ഉണ്ടായിരുന്നെങ്കിൽ ഞാനും വൈറലായേനെ.

അങ്ങനെ മൂന്ന് സഖാക്കളുള്ള കുടുംബത്തിൽ ഞാനെന്ന കുട്ടിസഖാവും  വളർന്നു. 

രണ്ടാംക്ലാസ് കഴിഞ്ഞ വേനലവധിക്കാലം. ഒരു ദിവസം സന്ധ്യയ്ക്ക് ആപ്പൻ എന്നെയും കൂട്ടി വീട്ടിൽ നിന്നിറങ്ങി. മൂന്നേട്ടന്റെ പീടികയിൽ നിന്ന് വാങ്ങിയ 'ഗൂഗ്ലി' മുട്ടായിയും നുണഞ്ഞുകൊണ്ട് റോഡിന്റെ ഇടതുവശത്തുകൂടി ആപ്പന്റെ കയ്യും പിടിച്ച് വടക്കോട്ടു നടന്നു. കരിക്കൻകുളത്തിനു സമീപമെത്തിയപ്പോൾ, കുളത്തിനെതിർവശത്തായി  റോഡിൻറെ പടിഞ്ഞാറ്, നിലത്ത് ടാർപ്പായി വിരിച്ചിരിക്കുന്നു. അതിനു പിറകിൽ ഒരു നീലത്തുണിയും വലിച്ചുകെട്ടിയിട്ടുണ്ട്. അടുത്തുള്ള രണ്ടു മൂന്നു തെങ്ങിൽ ട്യൂബ് ലൈറ്റും. എന്തോ പരിപാടിയാണ്; എല്ലാവർക്കും ഒരേ തരത്തിലും നിറത്തിലുമുള്ള വേഷം. പാട്ടും നൃത്തവും നാടകങ്ങളും. ഇടയ്ക്ക് വേദിയിൽ ചതുരത്തിലുള്ള ഒരു ചട്ടക്കൂട് കൊണ്ടുവന്നു വെച്ചു. പിന്നെ തടിച്ചു വെളുത്ത ഒരേട്ടൻ (ബിശോഭ് ഏഴോം) തലയിൽ കൊമ്പും വച്ചുകൊണ്ട് അതിൽ നിന്നു. ഒനിഡാ ടിവിയുടെ  പരസ്യത്തിൽ വരുന്ന മൊട്ടക്കൊമ്പനെപോലെ. മഞ്ജിമേച്ചിയും അരോളിയിലുള്ള കറുത്ത് മെലിഞ്ഞ ബിശോഭേട്ടനും പിന്നെ, അവരോടുപ്പം മറ്റുള്ളവരും ഭാവഭേദങ്ങൾ മുഖത്തു നിറച്ച് കയ്യടിയും വാങ്ങിച്ചു പോയി. 

മുകളിൽ പറഞ്ഞ പേരുകളൊന്നും അന്നെനിക്ക് അറിവുള്ളവയായിരുന്നില്ല. പോകപ്പോകെ പരിചയപ്പെട്ടു. പരിചയപ്പെടണം അതായിരുന്നു നിയോഗവും.

ആപ്പന്റെ രണ്ടുകയ്യും എടുത്ത് എന്റെ ചുമലിലൂടെ മുന്നിലിട്ട് ആ ദേഹത്തോട് ചാർന്ന് ഞാൻ നിന്നു; കണ്ടു; ചിരിച്ചു; രസിച്ചു; ആസ്വദിച്ചു.

ആ വേനലവധിയും കഴിഞ്ഞ് സ്‌കൂൾ തുറന്നു. മൂന്നാം ക്ലാസ്സിലിരിക്കുമ്പോൾ ഒരാൾ വന്ന് രാധ ടീച്ചറോട് പറഞ്ഞു:
"ജറിലിനെ വിളിച്ചോണ്ട് പോവാൻ പറഞ്ഞു, ലത ടീച്ചറെ വീട്ടിലേക്ക്"
വന്നതാരാണെന്നോ? എന്തിനാണെന്നോ? ഒന്നും എനിക്കറിയില്ല. രാധടീച്ചർ സമ്മതിച്ചുകൊണ്ട് തലയാട്ടി. ഞാൻ വന്നയ്യാളുടെ കൂടെ നടന്നു. 
അന്നൊന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെപ്പറ്റി കേട്ടറിവുപോലുമില്ല, അതുകൊണ്ടുതന്നെ  ടീച്ചർമാർക്കും അന്നുവന്നയാളെ വിശ്വാസമായിരുന്നിരിക്കാം; വിശ്വാസം അതല്ലേ എല്ലാം.

മോഹനേട്ടൻ കസേരയിൽ ഇരിപ്പുണ്ട്. അരികിൽ മേശപ്പുറത്തു വച്ചിരുന്ന ഒരു കടലാസ് പിടിച്ചിട്ടുണ്ട്. ഉയരത്തിലും പ്രായത്തിലും വ്യത്യാസമുള്ള കുട്ടികൾ നിലത്തിരുന്നിട്ടുണ്ട്. ദാ, ഇവിടെ വച്ച് ഞാൻ മഞ്ജിമേച്ചിയെ പരിചയപ്പെട്ടു. പിന്നെ മോഹനേട്ടൻ. നാട്ടിൽ ഒരുപാട് മോഹനന്മാരുള്ളത് കൊണ്ട്, വി. വി. മോഹനൻ എന്ന് പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാകും. ചിലർക്കദ്ദേഹം മാഷാണ്. പക്ഷെ ഞങ്ങൾക്ക് മോഹനേട്ടൻ; 'മാക്സിമം മോഹനേട്ടൻ'. മാക്സിമത്തിന്റെ പിന്നിലെ കഥ വഴിയേ പറയാം.

ആകാശവാണിയിൽ കിങ്ങിണി എന്ന പരിപാടിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാണ്. എനിക്കും, കിട്ടി അതിലെ നാടകത്തിൽ ഒരു വേഷം; ഒരു ഭടന്റെ വേഷം. ആകപ്പാടെ ഉണ്ടായിരുന്നത് ഒരേയൊരു സംഭാഷണം. ഒരു പശ്ചാത്തലസംഗീതം കഴിഞ്ഞതിനുശേഷം വേണം അത് പറയാൻ. പലതവണ പരിശീലിച്ചു. പലരും എന്നെ ഓർമ്മിപ്പിച്ചു. എന്നിട്ടും ആകാശവാണിയിലെ കുളിരുന്ന മുറിയിലിരുന്നപ്പോൾ ഞാൻ കൃത്യമായി മറന്നു: ആ പശ്ചാത്തലസംഗീതത്തെ.
അതെങ്ങനെ അവർ പരിഹരിച്ചു എന്നറിയാനോ ചോദിക്കാനോ ഉള്ള പക്വത എനിക്കില്ലായിരുന്നു. പക്വത ഇല്ലായിരുന്നതു നന്നായി അല്ലെ?

ചെയ്ത ആദ്യ നാടകത്തിൽ തന്നെ പിഴവ് വരുത്തിയവൻ. അറിയാത്ത പ്രായത്തിലെ തെറ്റ്. എന്നാൽ ആ തെറ്റ് മോഹനേട്ടനും മറ്റും ക്ഷമിച്ചിരുന്നു. അതാണ് ഒരു ദിവസം രാവിലെ രജിത്തേട്ടൻ വന്ന് എന്നെ കൂട്ടികൊണ്ടുപോയത്. ഈ പോക്കിൽ എന്റെ കയ്യിൽ ഒരു പെട്ടി കൂടെ ഉണ്ടായിരുന്നു. അച്ഛനും അമ്മയും പണിക്കു പോയിരുന്നു. അച്ചാച്ചന്റെയും അമ്മാമ്മയുടെയും കാലുതൊട്ട് തലയിൽ വച്ച് ഞാൻ ഇറങ്ങി; എന്തിനാണെന്നോ എങ്ങോട്ടാണെന്നോ അറിയില്ല. പെട്ടി രജിത്തേട്ടൻ പിടിച്ചു.

ഞാൻ രജിത്തേട്ടനെ മുൻപും കണ്ടിട്ടുണ്ട്. തുടക്കത്തിൽ പറഞ്ഞ ജാഥകൾക്കിടയിൽ.

പുതിയകാവിന്റെ അടുത്തുനിന്ന് ബസ് കയറി. അതും വടക്കോട്ടേക്ക്. എന്നെ ജനലിനടുത്തു തന്നെ ഇരുത്തി. വീടുകളെയും കടകളെയും മരങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് ബസ് ഓടി. കാഴ്ചകൾ കണ്ട് ഞാനും. ഓരോ കടയുടെയും ബോഡിലെ അക്ഷരങ്ങൾ കൂട്ടിവായിച്ച് സ്ഥലങ്ങൾ മനസ്സിലാക്കി. പക്ഷെ ഒന്നും ഓർമ്മയിൽ വയ്ക്കനായില്ല. ഒടുവിൽ ബസിറങ്ങി. മാട്ടൂൽ കാവിലേപ്പറമ്പ് ബസ് സ്റ്റോപ്പിൽ.

എന്റെ കയ്യും പിടിച്ച് രജിത്തേട്ടൻ കയറിച്ചെന്നത് ദേവീവിലാസം സ്‌കൂളിൽ. നീലയും വെള്ളയും ചായം ചുമരിൽ പൂശിയ, ഓടിട്ട ആ സ്‌കൂളിനകത്ത് മോഹനേട്ടന്റെതൊഴികെ ബാക്കി എല്ലാ മുഖങ്ങളും എനിക്ക് അപരിചിതമായിരുന്നു.

പണ്ട് സംഭവിച്ച തെറ്റൊന്നും എന്റെ മനസ്സിലുണ്ടായിരുന്നില്ല. പുതിയ ശരികളിലേക്ക് യാത്രതുടങ്ങിയതിനാലാവാം.

പക്ഷെ, അതാ തടിച്ച് വെളുത്ത ഒരു രൂപം; 'ഒനിഡാ ടി വി'; ബിശോഭേട്ടൻ.
ഒരു വർഷം മുൻപ് കണ്ട പരിപാടിയെ കുറിച്ച് ഞാനൊന്നും പറഞ്ഞില്ല.
അതൊന്നും എന്നെ സംബന്ധിക്കുന്ന വിഷയമേ അല്ലായിരുന്നു.

ഒന്ന് രണ്ടു ദിവസം കൊണ്ട് ഞാനും പതിനഞ്ചോളം പേരിൽ ഒരാളായി. ഏറ്റവും പ്രായം കുറഞ്ഞ അംഗം. അതുകൊണ്ട് തന്നെ ലാളന എനിക്ക് കൂടുതൽ കിട്ടിയിരുന്നു. ഉച്ചഭക്ഷണത്തിനായി ദൂരം യാത്ര ചെയ്യേണ്ടിയിരുന്നെങ്കിൽ രാമദാസേട്ടൻ എന്നെ ചുമലിലിരുത്തും. ഞങ്ങളുടെ ക്യാമ്പ് സന്ദർശിക്കുന്നവരുടെ കയ്യിലെ ഭക്ഷണപ്പൊതികളിൽ ഒരൽപം അധികം എനിക്ക് തിന്നാൻ കിട്ടും. അതിൽ ഞാൻ ഏറ്റവും അധികം തിന്നാൻ കൊതിച്ച 'മഞ്ചും' ഉണ്ടായിരുന്നു.

അച്ഛനെയും അമ്മയെയും വിട്ട്, വീട്ടിൽ നിന്ന് എത്ര ദൂരത്താണെന്നു പോലും അറിയാത്തൊരു നാട്ടിൽ. ബന്ധുക്കളല്ലെങ്കിലും പ്രിയപ്പെട്ടവരുടെ വീട്ടിൽ രാത്രിയുറങ്ങിയും, കാവിലെ കുളത്തിൽ മുങ്ങാങ്കുഴിയിട്ടും കാലിട്ടടിച്ചും ആ നാട്ടുകാരായി, നാട്ടുകാർക്ക് വേണ്ടപ്പെട്ടവരായി ഒരുകൂട്ടം കുട്ടികൾ.

ഇടയ്‌ക്കൊരുനാൾ ആപ്പൻ വന്നു. ആപ്പൻ തിരിച്ചുപോകുമ്പോൾ ഞാൻ കരഞ്ഞില്ല. കാരണം, എനിക്ക് ചിരിക്കാനുള്ള വക ആ കൂട്ടത്തിൽ തന്നെ ഉണ്ടായിരുന്നു. ശ്രീജേഷേട്ടനും ഗീതുവേച്ചിയും ബിശോഭേട്ടനും അനുശ്രീയും പിന്നെ പേരും മുഖവും മറന്നുപോയ ഏട്ടന്മാരും ഏച്ചിമാരും.

സംഘഗാനം, സംഗീതശില്പം, നാടകം അങ്ങനെ ഓരോന്നായി മോഹനേട്ടൻ പഠിപ്പിക്കുകയാണ്. എന്താണെനിക്ക് ചെയ്യാൻ പറ്റുക. ഒരു ധാരണയും ഇല്ലായിരുന്നു. ഒടുവിൽ ഒരു നാടകം 'ഞങ്ങൾ ദേശാടനക്കിളികൾ'. തിരിച്ചുപോകാത്ത ദേശാടനക്കിളിയായി അനുശ്രീയും രാജകുമാരന്റെ പ്രതിമയായി ബിശോഭേട്ടനും. രാജ്യത്തിന്റെ ദുരവസ്ഥകൾ ഓരോന്നായി കിളി വിവരിക്കുകയാണ്. വിവരണത്തിനിടയിൽ വന്നുപോകുന്ന ഒരു കൂട്ടം വികലാംഗർ. അവരിലൊരാളാവാൻ മോഹനേട്ടൻ എന്നോട് പറഞ്ഞതും, അവിടെയുണ്ടായിരുന്ന ശീമക്കൊന്ന വടിയിൽ ഒരു കാൽ പിണച്ച് ഞാൻ വേച്ച് വേച്ച് നടന്നു. വേദിയിൽ എന്റെ ആദ്യത്തെ അഭിനയം. നവരസങ്ങളൊന്നുമറിയാതെ, ഒരു വടിയുമായി ഞാൻ വന്നു; പോയി.

രണ്ടാഴ്ചയോളം നീണ്ടുനിന്ന പരിശീലനക്കളരി. എല്ലാവരും ഒരച്ഛനന്മ്മമാരുടെ മക്കളെപ്പോലെ. ഉറങ്ങാൻ മാത്രം മറ്റുള്ള വീടുകളിൽ, അല്ലാത്തപ്പോൾ ആ ഓടിട്ട മുറിയിൽ. ആട്ടവും പാട്ടും നാടകങ്ങളുമൊക്കെയായി കളിച്ച് രസിച്ച് കഴിഞ്ഞുകൂടി. അതിനിടയിൽ മോഹനേട്ടൻ ഒരു പല്ലവി പലവട്ടം ആവർത്തിച്ചുകൊണ്ടിരുന്നു.

"ഇനിയെന്തു വേണം? അവസാനം, 'മാക്സിമം' കൊളാക്കണം"

ആ പല്ലവി തുടർന്നു. ക്യാമ്പും പര്യടനവും കൂടിപ്പിരിയലും കഴിയുന്നതുവരെ.

ക്യാമ്പ് കഴിഞ്ഞു. അവസാനനാൾ സന്ധ്യക്ക്, ഇതുവരെ നമ്മൾ പഠിച്ചതൊക്കെ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടു കൂടി അവതരിപ്പിക്കണം. രണ്ടാഴ്ച കൈമെയ് മറന്ന് ഞങ്ങളെ ഊട്ടിയ, ഉറക്കിയ, പരിചരിച്ച, അതിലുപരി സ്നേഹിച്ച കാവിലേപ്പറമ്പിലെ സുമനസ്സുകളുടെ മുൻപിൽ. ഒരു ദക്ഷിണയെന്നോണം.

എല്ലാവർക്കും അവരുടെ അളവിൽ തയ്പ്പിച്ച ജുബ്ബയും പാന്റും. പാന്റിനു സിബ്ബില്ല. നാടകൊണ്ട് കെട്ടണം. ഞാൻ പെട്ടു, എനിക്കതുകെട്ടാനറിയില്ല. ഏട്ടന്മാരും ഏച്ചിമാരും ഈ അനിയനെ സഹായിച്ചു. പിന്നെ പോകെപ്പോകെ ഞാനും ആ 'കല' സായത്വമാക്കി. രാജകുമാരന്റെ കിരീടവും വാളും, കിളികള്ക് തലയിടാനുള്ള 'കൊക്ക്'. അങ്ങനെ പലവിധ വേഷഭൂഷാദികളുമായി ഞങ്ങൾ അവതരണത്തിനായി തയ്യാറെടുത്തു. എന്റെ കൂട്ടത്തിൽ തലമൂത്തവർ മോഹനേട്ടന്റെയും മറ്റും കാലുതൊട്ട് തലയിൽ വെക്കുന്നു. ചിലർ വേദിയിൽ തോട്ടുവണങ്ങുന്നതും കാണാം. ഞാനും അതനുകരിച്ചു, ആടുന്ന കഥയുടെ പൊരുളറിയാതെ

അവതരണം കഴിഞ്ഞു. നിറഞ്ഞ കയ്യടി. ഞാൻ വീണ്ടും തെറ്റിച്ചോ? ഇല്ലെന്നു തോന്നുന്നു. എല്ലാവരും നല്ല സന്തോഷത്തിലാണ്; പരസപരം കൈകൊടുക്കുന്നു കെട്ടിപ്പിടിക്കുന്നു. പ്രകാശേട്ടനും രാമദാസേട്ടനും വന്നെന്നെ കെട്ടിപ്പിടിച്ചു:
"ഉഷാറാക്കീനെല്ലാ, ഏ........."
അപ്പൊ ഞാനൊന്നും തെറ്റിച്ചിട്ടില്ല. സമാധാനമായി.

കാവിലെപറമ്പിലെ അവസാനത്തെ രാത്രിയും കഴിഞ്ഞുള്ള പകൽ. അനോഷേട്ടന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഏച്ചിയും അമ്മമ്മയും അനോഷേട്ടന്റെ അമ്മയുമെല്ലാം വിഷമത്തിലായിരുന്നു. ഞാൻ പറഞ്ഞു:
"പോട്ടെ...."

കരയണോ ചിരിക്കണോ എന്നെനിക്കറിഞ്ഞുകൂടാ. ഉള്ളിലൊരു വിഷമം; അതാ വീട്ടിൽ നിന്നിറങ്ങുബോൾ എനിക്കുണ്ടായിരുന്നില്ല. പക്ഷെ, പിന്നീട് സ്‌കൂളിന്റെ മുൻപിൽ നിന്ന് പര്യടന വണ്ടിയിൽ കയറാൻ നേരം മറ്റുപലരും കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു. 
ഇനി എന്ന് കാണും
വലുതായാൽ ഞാൻ വരും. ഒറ്റയ്ക്ക് ബസിൽ പോകാൻ തുടങ്ങിയാൽ വരണം. എല്ലാവരെയും കാണണം. അനോഷേട്ടന്റെ അമ്മമ്മ ചുട്ട ദോശ തിന്നണം. മാട്ടൂൽ കടപ്പുറത്തേക്ക് രാമദാസേട്ടന്റെ കൈ പിടിച്ച് നടക്കണം.

എന്റെ കുട്ടിക്കാലത്തെ നാല് വേനലവധിക്കാലം. കൂട്ടുകാരെല്ലാവരും അത് ബന്ധുവീടുകളിൽ ആഘോഷിച്ചപ്പോൾ, ഞാൻ കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങളിൽ ആസ്വദിച്ചു. മാട്ടൂലും കുളപ്പുറത്തും കുഞ്ഞിമംഗലത്തും കല്യാശേരിയിലും വിരലിലെണ്ണാവുന്നതിലധികം തുമ്പികളിൽ ഒരു തുമ്പിയായി ഞാനും പാറി നടന്നു.
വേനൽത്തുമ്പികളുടെ പര്യടനവണ്ടിയിൽ നിന്നുയർന്ന നാടൻപാട്ടിന്റെ താളത്തിൽ;
"പൂട്ടക്കണ്ണി പൂങ്കുറത്തി
തീയോമി താത്തമാ
തീയാണ് ഊട്ടുകാഞ്ചു
നീയിങ് ബാത്തമാ........
.....ഏട്ടൻ കെട്ടിയ ഏട്ടത്തിയമ്മ
കഞ്ഞിന്റെവെള്ളം ബെച്ചാച്ച്
പവ്ത്ത നാരങ്ങാ പറിക്കാൻ പോയപ്പൊ
ബെളഞ്ഞ പാമ്പ് കടിച്ച്...................
....................................
ആറാണിട്ടിട്ട് കാലയോ...

അപ്പന്ബെച്ച കഞ്ഞീന്റെബെള്ളം
കാളിപ്പിരാന്തത്തി കുടിച്ചോണ്ട് പോയാച്ച്.........."
ഇക്കാലെടുത്ത് ഇടതുബെക്കുമ്പം
യിക്കായമ്മക്ക് പൈക്കണ്"

രഞ്ജിയേട്ടന്റെ 'രഞ്ജിമുട്ടായി' തമാശകളിലൂടെ.…..!
ഇടയിൽ വണ്ടിയിലെ പാട്ടുനിർത്തി, മുത്തുവേട്ടൻ പറയാറുണ്ടായിരുന്ന അനൗണ്സ്മെന്റിലൂടെ;
"പ്രിയമുള്ളവരേ, ജാതിമതവർണ്ണവ്യത്യാസമില്ലാതെ കുട്ടികളെ ഒരു കൊടിക്കീഴിൽ അണിനിരത്തുന്ന സംഘടന; ബാലസംഘം. ബാലസംഘം മാടായി ഏരിയ വേനൽത്തുമ്പികൾ. പിന്നിട്ട നിരവധി അനവധി കേന്ദ്രങ്ങളിലെ ആവേശോജ്വലമായ സ്വീകരണങ്ങളേറ്റുവാങ്ങിക്കൊണ്ട്, അടുത്ത സ്വീകരണകേന്ദ്രമായ………………..........................പ്രയാണമാരംഭിച്ചിരിക്കുന്നു"

ജീവിതത്താളിൽ, ഞാനാഗ്രഹിക്കുമ്പോൾ മറിച്ചുനോക്കാൻ ഒരുപാട് മുഖങ്ങളും മുഹൂർത്തങ്ങളും തന്ന ആ കൂട്ടത്തിലേക്ക് ഒത്തുചേർന്നു പറക്കാൻ ഒരാഗ്രഹം. 
പ്രായം മനസിന്റെ ചിറകിനെ തളർത്താത്തിടത്തോളം ഏതൊരു തുമ്പിക്കും താലോലിക്കാവുന്ന ആഗ്രഹം


Wednesday, January 31, 2018

പേറിയ വയറിൻറെ ആളൽ


സമയം ഏഴരയായിട്ടും പത്രം വന്നിട്ടില്ല. ടി.വി വെക്കാന്നുവെച്ചാൽ കറണ്ടൂല്ല. റേഡിയോന്റെ ബാറ്ററി തീർന്നിട്ട് രണ്ടാഴചയായി, മാറ്റിയിടാൻ പറഞ്ഞിട്ട്; ഏഹെ, അച്ഛനും മോനും ഒരനക്കൂല്ല. എനി മാലു ലീവിന് വരുമ്പം ഓളോട് ആ മൊബൈലിൽ റേഡിയോ വെക്കുന്നതെങ്ങനെയാണെന്നു ചോദിച്ചു പഠിക്കണം.
ഞായറാഴ്ച്ചകളിൽ രാവിലെ പത്തുമണിമുതൽ വൈകീട്ട് അഞ്ചുവരെ കറണ്ടില്ലാതിരിക്കുന്ന പതിവുണ്ട്. ഇതെന്താ ഇന്ന് രാവിലെ മുതലേ ഇല്ലല്ലോ?
 ഇന്ന് ചപ്പാത്തീം ബാജീം. ധനേഷിന് ഞായറാഴ്ച ചപ്പാത്തീം ബാജിയുമാണ് ഇഷ്ടം. ഇന്ന് ജോലിയില്ലാത്തതുകൊണ്ട് സമയമെടുത്ത് ചപ്പാത്തി പരത്തി, ചുട്ട് കഴിക്കാം. എന്നെ ഷാഹായിക്കാൻ ചിലപ്പോൾ അവനും ഇരിക്കും. മാലു അടുക്കളയിലേക്കു വരുന്നത് അവളുടെ എച്ചിൽപ്പാത്രം തിരികെ കൊണ്ടുവെക്കാൻ മാത്രമാണ്. അല്ലെങ്കിലും പുന്നാരപ്പെങ്ങൾ കരിയും പുകയും കൊള്ളുന്നത് ആങ്ങളക്കിഷ്ടമല്ല. അതുകൊണ്ടുകൂടിയാണ് മനസ്സില്ലാമനസ്സോടെ അവൻ കല്യാണത്തിന് സമ്മതിച്ചതും.
         "നീ ഒരുത്തീന കൂട്ടിക്കൊണ്ടുവാ. മാലുവിനും ആലോചനകളൊക്കെ വരാൻ           തൊടങ്ങിയില്ലേ? അമ്മക്കൊരു കൂട്ട് വേണ്ടേ ധനേഷേ?"
ബാലൻമാഷ് കോലായിൽ കസേരയിലിരുന്ന് പറഞ്ഞപ്പോൾ, മുറ്റത്തെ സൈക്കിളിൽ ചാരിനിന്ന് അവൻ സമ്മതം മൂളി. ഞാനും പിള്ളേർടച്ഛനും മാസങ്ങളായി ശ്രമിച്ചിട്ട് നടക്കാത്തതാണ്, മാഷ് അരനിമിഷം കൊണ്ട് സാധിച്ചെടുത്തത്.
ബാലൻമാഷ് പറഞ്ഞാൽ നാട്ടിലെ പുൽക്കൊടി പോലും തലയാട്ടും; എല്ലാം സമ്മതിച്ചുകൊണ്ട്.
പിള്ളേർടച്ഛൻ രാവിലെ ആറുമണിക്ക് പോയതാണ്.
എങ്ങോട്ടാണെന്നോ? എപ്പോ വരുമെന്നോ? ഒന്നും പറഞ്ഞില്ല.
കേളോത്തെ സോമൻറെ ബൈക്കില് വന്നു വിളിച്ചു:
"ശിവേട്ടാ....,ശിവേട്ടാ..."
"ആരാന്ന്, സോമനാ? എന്നാടാ?"
സോമനും പിള്ളേർടച്ഛനും വളപ്പിൽ അൽപ്പം മാറി നിന്ന് സംസാരിച്ചു. ആണുങ്ങളുടെ വർത്താനത്തിൽ തലയിടാതെ ഞാൻ അടുക്കളയിലേക്ക് പൊന്നു.
"ഏയ് ഒരു ഷർട്ടിങ്ങെടുത്താ"
പിന്നാമ്പുറം ആറിയിട്ടിരുന്ന നീലനിറത്തിലുള്ള ഫുൾക്കൈ ഷർട്ട് ഞാൻ കൊണ്ട് കൊടുത്തു. ഉടുത്തിരുന്ന കാവിമുണ്ടുപോലും മാറ്റിയുടുക്കാൻ നിൽക്കാതെ സോമന്റെ ബൈക്കിന്റെ പിറകിലിരുന്ന് പോയി. വരട്ടെ കാലിച്ചായ പോലും കുടിക്കാതെ ആരെ സേവിക്കാൻ പോയതാണെന്നു വന്നിട്ട് ചോദിക്കണം.
"റാഷിദേ, ഏ പെണ്ണേ. കറണ്ടിണ്ടാ ആടാ...?"
"ഇല്ലല്ല സരസുഏച്ചി. രാവിലെ പോയതാന്ന്"
"തസ്ലി എനീം എണീറ്റില്ലേ?"
ഞായറാഴ്ച രാവിലെ തസ്ലീമ ഇവിടെ ഹാജരുണ്ടാകും. അഷ്‌ഫാക്കിന്റെയും റാഷിദയുടെയും അഞ്ചു വയസ്സുകാരി മൊഞ്ചത്തി.
"ഓള് ഉപ്പാന്റപ്പരം തുക്കാൻ പോയി"
"നീ നാരായണേച്ചീന്റടുത്തു നോക്കീനാ കറണ്ടിണ്ടാന്നു? ചെലപ്പം നമ്മളെ ലൈൻ മാത്രം പോയതാങ്കിലോ?"
"ആടീം ഇണ്ടാവൂല്ല ഇണ്ടെങ്കിലിപ്പം സുമേഷ് പാട്ട് വെച്ചിട്ടുണ്ടാവൂല്ലേ?"
സുമേഷ് വീട്ടിലുണ്ടോ എന്നറിയുന്നത് പാട്ട് കേൾക്കുന്നുണ്ടോ എന്ന് നോക്കിയാണ്. ഞായറാഴ്ച ഉച്ചവരെ അവൻ പുറത്തിറങ്ങാറില്ല.
അപ്പോൾ ശരിയാണ് ഒരു ലൈനിലും കറണ്ടില്ല.
നീട്ടമ്മിയിലരച്ച തേങ്ങയും ഇട്ട് കറിവെച്ചു. ഒരു പന്ത്രണ്ട് ചപ്പാത്തി ചുട്ട് കാസറോളിൽ വെച്ചു.
നേരം പത്തരയായി, ഉച്ചക്കഞ്ഞിക്കരിയിടണം. കറിവെക്കാൻ? മീൻ വാങ്ങാൻ പറയണം. അച്ഛനോ, മോനോ  ആരെങ്കിലും വാങ്ങിക്കൊണ്ടുവരട്ടെ. കൊണ്ടുവന്നാൽ വെച്ചുകൊടുക്കും. ഇല്ലെങ്കിൽ താളുന്തണ്ട് മോരൊഴിച്ചുവെച്ചുകൊടുക്കും. കഴിക്കട്ടെ രണ്ടാളും.
കാളിങ് ബെൽ മുഴങ്ങി. അരികഴുകുന്നത് പകുതിക്കു വെച്ചുനിർത്തി മുന്നാമ്പുറത്തേക്കു ചെന്നു.
വാർഡ് മെമ്പർ രാജശ്രീ, പിന്നെ കുടുംബശ്രീയിലെ ഓമനയും സൈനബയും ഷോജയും.
 "എല്ലാരുണ്ടല്ല. പിരിവിനെറങ്യതാ? ഇന്ന് നിന്റേടക്കയല്ലേ ഷോജേ കുടുംബശ്രീ? ബുക്കില് വെക്കാനുള്ള പൈസപോലും ഈട വെക്കണ്ടാന്നു രണ്ടാളും പോയിന്. മറ്റ് ധനേഷെങ്കിലും ഒരു പത്തുറുപ്പ്യ മേശവിരീന്റടിക്കു  വെക്കും. അതും കാണുന്നില്ല"
"ഏയ്, പിരിവിനൊന്ന്വല്ലപ്പാ". രാജശ്രീ പറഞ്ഞു.
"ഇങ്ങള് ചയെല്ലും കുടിച്ചാ?" ചെരുപ്പഴിച്ച് മുറ്റത്തിട്ട് ചവിട്ടുപടി കയറിക്കൊണ്ട് രാജശ്രീ ചോദിച്ചു.
"മോനിന്നാലേ പോയതാണ്. ഇന്ന് ഈ നേരായിട്ടും കുടിയടങ്ങീട്ല. അച്ഛനും രാവിലെതന്നെ കുടിവെള്ളം പോലും കുടിക്കാണ്ട് കേളോത്തെ സോമന്റെ കൂടെ പോയി. അവര് വന്നിറ്റ് ചായ കുടിക്ക. കഞ്ഞിക്ക് അരി കഴുകുവോന്ന്. അന്നേരം നിങ്ങള് വന്നേ"
അവർ നാലുപേരും ഇറയത്തു കയറി വന്നു.
ഒരു വണ്ടി വന്ന് ഹോണടിച്ചപ്പോൾ ഞങ്ങളഞ്ചുപേരും ആ ദിശയിലേക്ക് കണ്ണെറിഞ്ഞു.
എന്റെ രണ്ടാമത്തെ ആങ്ങള അശോകന്റെ കാറാണ്.
അച്ഛന്റെ പേരിലുണ്ടായിരുന്ന സ്വത്ത് വീതംവെപ്പ് ചർച്ചയ്ക്കിടെ മൂത്ത ആങ്ങള ഗണേശന്റെ മൊത്തിക്കടിച്ച്, എന്നെ ചീത്തയും വിളിച്ചിറങ്ങിയതാണ് തറവാട്ടീന്ന്. അതിനുശേഷം അവനെ കാണുന്നതിന്നാണ്.
കാർ ഒരു ഓരത്തുനിർത്തി അശോകനിറങ്ങി. പിന്നിലിരുന്ന ആരോടോ അവൻ ഇറങ്ങാൻ ആവശ്യപ്പെട്ടു. അശോകന്റെ ഭാര്യ രമണി ആദ്യം ഇറങ്ങി. ചുളിവ് മാറാത്ത കാപ്പിനിറത്തിലുള്ള കോട്ടൺ സാരി. സാരിത്തലയെടുത്തു മറുചുമലിലൂടെ ഇട്ടിരുന്നു. രമണിയുടെ കൈകൾ കാറിലിരുന്ന മറ്റൊരു വളയിട്ട കൈക്ക് താങ്ങു കൊടുത്തു; മാലു.
ഇവളെന്താ ഈ കോലത്തിൽ? കണ്ണെഴുതാതെ, പൊട്ടുതൊടാതെ. ചൂരിദാറിനോട് ചേർന്ന ക്യൂട്ടെക്‌സും കാതിലും വളയും മാലയും ഒന്നുമില്ലാതെ. മുടികെട്ടിയിട്ടില്ല.
ചൂരിദാറിൻറെ ഷാൾ മുന്നിൽ തട്ടം വരത്തക്കരീതിയിൽ ഇട്ടിട്ടുണ്ട്.ഈകോലത്തിൽ ഇവളുടെ ആങ്ങളയെങ്ങാൻ കാണണം. അപ്പൊ തുടങ്ങും ബന്ദ്രകോലപ്പൻ തുള്ളാൻ.
കാറിൽ നിന്നിറങ്ങിയപാടെ മാലു രമണിയുടെ ദേഹത്ത് ചാഞ്ഞു. വലത്തേക്കൈകൊണ്ടു ഷാളിന്റെ തുമ്പെടുത്ത് വായപൊത്തി മാലു കരയുന്നുണ്ട്.
"എൻറെ മോക്കെന്നാ മുത്തപ്പാ പറ്റ്യേ?"
ഞാൻ സർവ്വശക്തിയുമെടുത്ത് അവളുടെ അടുത്തേക്കോടി.
ഷോജയും സൈനബയും എന്നെ തടയാൻ ശ്രമിച്ചു. പക്ഷെ ഞാൻ പിടികൊടുത്തില്ല. എൻറെ ശബ്ദം കേട്ടതും രമണിയുടെ പിടിവിട്ട് മാലു ഓടിവന്നു. എന്നെ കെട്ടിപിടിച്ച് നിലവിളിച്ചു.
"എന്നാ പറ്റ്യേ എൻറെ മോക്ക്?"
എൻറെ ചോദ്യം മുഴുമിപ്പിക്കുന്നതിനുമുന്പ്, അവളുടെ വാക്കുകൾ ഒരു പീശാകത്തിയായി എൻറെ നെഞ്ചിൽ തറച്ചു.
"എനക്കടികൂടാൻ വേണ്ടീറ്റ് ഏട്ടനെനി ഇണ്ടാവൂല്ലമ്മേ"
എൻറെ കൈകൾ മാലുവിൽ നിന്നയഞ്ഞു. കൈതളർന്ന്  താഴെ തുടയിലിടിച്ചു. കാലിനു തരിപ്പ് കയറുന്നതുപോലെ. രാവിലെ കുടിച്ച കട്ടൻചായ അടിവയറ്റിൽ നിന്ന് നെഞ്ചിലും അവിടെനിന്ന് തൊണ്ടയിലൂടെ വായിലേക്കും തികട്ടിവന്നു.
കണ്ണിലിരുട്ടു കയറുന്നു. ഏതോ കൈകളെന്നെ താങ്ങിനിർത്തിയിരിക്കുകയാണ്. എൻറെ പിടിവിട്ട മാലു കരഞ്ഞുകൊണ്ട് രമണിയുടെ നെഞ്ചിലേക്ക് ചാർന്നു.
"ന്റേട്ടൻ പോയില്ലേ കുഞ്ഞമ്മായി"
രമണിയും അശോകനും മാലുവിനെ താങ്ങിപ്പിടിച്ചു. രമണിയും നിയന്ത്രണംവിട്ട് കരയാൻ തുടങ്ങി.
രമണിയുടെയും മാലുവിൻറെയും ഉച്ചത്തിലുള്ള കരച്ചിൽ.
എന്റെ മോന്, ധനേഷിനെന്തുപറ്റി?” എനിക്ക് ചോദിക്കണം. അശോകനോട്, രമണിയോട്, എന്റെ മോളോട്.
പക്ഷെ ശബ്ദം വരുന്നില്ല. അവസാനമായി തൊണ്ടയിൽനിന്ന് വന്നത് കട്ടൻ ചായയുടെ ചുവ മാത്രം.
കണ്ണുകളടഞ്ഞു, കാതുകളടഞ്ഞു, കവിളുകൾ നനഞ്ഞു.


എത്ര നേരമായി ഈ കിടപ്പു തുടങ്ങിയിട്ട്? അറിയില്ല; കണ്ണ് തുറന്നു, കാതും.
തെക്കേ അകത്തുള്ള കട്ടിലിലാണ്. രണ്ടാമത്തെ ആങ്ങള ഗണേശന്റെ ഓള് ശോഭ, എൻറെ തലയെടുത്ത് അവളുടെ മടിയിൽ വച്ചിട്ടുണ്ട്. എൻറെ നെഞ്ചിനു കുറുകെ ഒരു വെള്ളത്തോർത്തിട്ടിട്ടുണ്ട്. വളയിട്ട ഒരു കൈ എൻറെ വയറിൽ മുറുകെ പിടിച്ചിട്ടുണ്ട്.
അകം നിറയെ അയല്പക്കക്കാർ പെണ്ണുങ്ങൾ. സുശീല, കൈക്കോളൻ കണ്ണേട്ടന്റെ രണ്ടാമത്തോള് ചോയിയേച്ചി, വണ്ണാൻ പ്രേമന്റെ ഓള് സുജാത, നാരായണി, കുണ്ടറവളപ്പിലെ മഞ്ജുള. അങ്ങനെ ചിരപരിചിതമായ കണ്ണുകൾ എന്നെത്തന്നെ നോക്കി നിൽക്കുകകയാണ്.
നിൽപ്പ് തുടങ്ങിയിട്ടെത്ര നേരമായി? അറിയില്ല.
ചിലരുടെ കൈകൾ കീഴ്താടിക്ക് താങ്ങായി. ചിലരത് വയറിനു കുറുകെ കെട്ടി.
കാതിലേക്ക് വന്നത് കട്ടിലിനു മുകളിൽ കറങ്ങുന്ന ഫാനിൻറെ മുരൾച്ചയും ഏതോ ഒരു കുട്ടീടെ കരച്ചിലും. അത് പെട്ടെന്ന് നിന്നു.
നാട്ടുകാരൊക്കെ എൻറെ മുന്നിലുണ്ട്. അതിരാവിലെ വെറുംവയറോടെ  ഇറങ്ങിപ്പോയ മനുഷ്യന് ഇനീം എന്നെ കാണാൻ വരാൻ നേരായിട്ടില്ല.
കിടന്നകിടപ്പിൽ ഞാൻ വലത്തോട്ട് നോക്കി. കിടക്കയിൽ തലതാഴ്ത്തി മാലു കരയുന്നുണ്ട്. അവൾ കൈ എൻറെ വയറിൽത്തന്നെ വച്ചിരിക്കയാണ്. കരച്ചിലിനിടയിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഒന്നും വ്യക്തമാകുന്നില്ല.
"ഉള്ളില് എനി ആരെങ്കിലും കാണാനിണ്ടാ?"
സോമൻറെ ശബ്ദമാണത്.
വിനൂ, പ്രജീഷേ, ഒന്നാത്തേക്ക് വന്നാ"
"രാജശ്രീ ഏച്ചീ, സരസുവെച്ചീനേം മാലൂനീം കൂട്ടിക്കോ"; സോമൻ വിളിച്ചു പറഞ്ഞു.
"ന്റെ സരസുവേച്ചീ" കട്ടിലിൻറെ കാൽഭാഗത്തിരുന്ന എൻറെ ഇളയ അനുജത്തി സ്മിത.
അപ്രതീക്ഷിതമായ ആ നിലവിളിയിൽ ഞാനൊന്നു ഞെട്ടി. മാളുവിന്റെ കരച്ചിലും ഉച്ഛസ്ഥായിയിലായി.
സോമനും വിനോദും അകത്തേക്ക് കയറിവന്നു. ശോഭ എന്നെ പതുക്കെ എഴുന്നേൽപ്പിച്ചു. പ്രജീഷും രാജശ്രീയും ചേർന്ന് മാലുവിനെ പിടിച്ചു. ഇവരെന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? എൻറെ വീട്ടിൽ എന്ത് വിശേഷമാണുള്ളത്? ഒന്നും മനസ്സിലാകുന്നില്ല.
വാതിൽക്കൽ നിന്നവർ ഒതുങ്ങിനിന്നു. വിനോദിന്റെയും സോമന്റെയും കൈത്താങ്ങിൽ ഞാൻ നടുവകത്തേക്കു കടന്നു.
ചുവന്ന തുണിയിൽ പൊതിഞ്ഞ്, തല വെള്ളത്തുണികൊണ്ടു കെട്ടി, എൻറെ മോൻറെ ശരീരം ഒരു മുഴുവാഴയിലത്തുണ്ടിൽ കിടത്തിയിരിക്കുന്നു. വലതുകവിളിൽ താടിയെല്ലുവരെ ഒരു മുറിവ്. ചോരപ്പാടുണ്ട്.
"ൻറെ പൊന്നുമോനെ......"
എന്നെ താങ്ങിയിരുന്ന കൈകളിൽനിന്നും ഞാൻ ധനേഷിൻറെ ദേഹത്തേക്ക് ഊർന്നു വീണു.
"ഒന്നെണീറ്റ് വാ ധനേഷേ...മോനെ, ചപ്പാത്തീം ബാജീം കാസറോളിൽ ഇണ്ടെടാ. മാലൂ, മോളേ...നീ വിളിക്ക് ഏട്ടന. ഒനോടെണീക്കാൻ പറ"
ചുറ്റും കൂടിനിൽക്കുന്നവർക്കിടയിലൂടെ കണ്ണുകൾ എൻ്റെ പാതിയെ തിരഞ്ഞു.
"ഏ...വിളിക്കപ്പാ. ഓനെന്തിനാ ഇത്രനേരം ഒറങ്ങുന്നു? ആ കപ്പില് വെള്ളം കൊണ്ടന്നാ....ഏപ്പാ"
എൻ്റെ കാലുപിടിച്ചുകൊണ്ട് മാലുവും വീണു.
"ഏട്ടാ കണ്ണ് തോറക്കെട്ടാ.... രണ്ടടിതാ ഏട്ടാ. ഏട്ടാ.....അമ്മേ.........."


"അമ്മേ....അമ്മേ....."
", മോനെ": ആ വിളികേട്ടുകൊണ്ട് ഞാൻ ഞെട്ടിയുണർന്നു. കണ്ണ് നിറഞ്ഞിരുന്നു.ദേഹം മുഴുവൻ വിയർപ്പായിരുന്നു. വലതുഭാഗത്ത് ചുമരിനോട് ചേർന്ന് പിള്ളേർടച്ഛൻ സുഖനിദ്രയിലാണ്.
"ആ വെരേ" ഞാൻ ചാടിയെഴുന്നേറ്റു. തെക്കേ അകത്തെ വാതിൽ തുറന്ന് മുൻവശത്തെ വാതിലിന്റെ സാക്ഷ നീക്കി പുറത്തേക്കു നോക്കി. കലങ്ങിയ കണ്ണിൽ അവൻ്റെ മുഖം വ്യക്തമായില്ല. ഞാൻ കണ്ണ് തുടച്ചു.
"ഇതെന്നാ കണ്ണെല്ലാം കലങ്ങീന്, ഒറങ്ങീട്ടില്ലേ?"
"ഉം, ഒറങ്ങീന്. നീ എന്ന ഇത്ര നേരം വൈതേ?"
"പ്രഥമന് തേങ്ങ പീയാനിണ്ടായിന്. അമ്മ തിന്നുവാ?"
പകുതി ഉറക്കത്തിലും അല്പം മുൻപ് കഴിഞ്ഞു പോയ ദു:സ്വപനത്തിൻറെ ഞെട്ടലിലും അവൻ്റെ ചോദ്യം ഞാൻ ശ്രദ്ധിച്ചില്ല. അവൻ നടുവകത്തെ ലൈറ്റിട്ടു. ഞാൻ സമയം നോക്കി; രണ്ടര. സമാധാനമായി, നേരം പുലരാറായില്ല. എന്നിരുന്നാലും വിളിച്ചു;
"മുത്തപ്പാ വിളിച്ച് കാണുവേ"
"നീ എന്തെങ്കിലും തിന്നിനാ? കുളിച്ചിട്ട് വാ. ഞാൻ വിളമ്പിത്തെരാ"
"ഞാൻ വിളമ്പി തിന്നോളാ, അമ്മ കിടന്നോ"
"വേണ്ട, വേംവാ"
ഞാൻ ചോറും കറിയും വിളമ്പി. അവൻ കുളിച്ചിട്ട് വന്ന് പലമേൽ ഇരുന്നു. കഴിക്കാൻ തുടങ്ങി. ഞാനും ഒരു പലയെടുത്ത് അവൻ്റെ ഇടതുഭാഗത്തിരുന്നു. അവൻ്റെ ഇടതുകൈ പിടിച്ചു. പതിവില്ലാത്ത എൻ്റെ പെരുമാറ്റം:
"ന്നാ പറ്റീന്? അമ്മ പേടിച്ചിനെന്വ ?"
"മക്കള് വരാൻ വയ്താല് ഏതൊരമ്മയും പേടിക്കും. ഇനിക്കിപ്പതൊന്നും മനസ്സിലാവൂല്ല. കൊറച്ചൂടെ കൈയ്യട്ടെ"
അവൻ കഴിച്ചു കിടന്നു. ഞാനും. പക്ഷെ, കണ്ണടക്കാൻ കഴിയുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു; മൂന്നു മണിക്കൂർ.
കോഴികൂവിയതും പിള്ളേർടച്ഛനെ വിളിച്ചുണർത്തി.
"നോക്കിയാ, എത്രയും വേഗം മുന്നിലും ബേക്കിലും ഗ്രിൽസ് ആക്കണം. വാതിലിനെല്ലാം ഇരമ്പിൻറെ പട്ട പിടിപ്പിക്കണം"
എൻ്റെ വ്യഗ്രത കണ്ട് അദ്ദേഹം മിഴിച്ചു നോക്കി, പിന്നെ തലയാട്ടി.
മുണ്ടും കുപ്പായവുമിട്ട് കല്യാണത്തിന് പോകാനൊരുങ്ങിയ ധനേഷിനോട്  പറഞ്ഞു:
"ആറ് മണിയാവുമ്പം കുടിയടങ്ങിക്കോണം. നേരം വൈകുന്നുണ്ടേൽ വിളിച്ച് പറയണം. മാലൂനെ കൂട്ടാൻ പോണ്ടതിന്നാണ്, മറക്കണ്ട"



ഇന്നും രാത്രിയിൽ ഞാൻ അവൻ്റെ വാതിലിനടുത്തുചെന്ന് നിൽക്കും.
ടി വി തുറക്കാനും രാവിലെ പത്രം എടുത്തുവായിക്കാനും ഒരുഭയം. എനിക്ക് വേണ്ടപ്പെട്ടവരെന്നല്ല, ഒരമ്മയുടെ മകനും വാളിന്റെ മൂർച്ചയ്ക്കിരയായ വാർത്ത കാണാനുള്ള ത്രാണിയെനിക്കില്ല.
കൊത്താൻ കൽപ്പന കൊടുത്തവനോ, കൊത്തുന്നവനോ അറിയുന്നില്ല. മരിച്ചുവീഴുന്നവൻറെ വേദന, അവൻ്റെ വേണ്ടപ്പെട്ടവരുടെ വേദന. പത്തുമാസം നൊന്തുപെറ്റ എന്നെപ്പോലുള്ള വയറിന്റെ വേദന.