നിലവിളിക്കയാണെന്റെയമ്മ
മരവിച്ചിരിക്കയാണെന്റെ പാതി
അണപൊട്ടിയൊഴുകാനെന്നപോലെ
ഉമ്മറത്തിണ്ണയിലച്ഛൻ
ഏങ്ങിക്കരയുമെൻപെങ്ങൾതൻ-
മടിയിലായ്‌തലചായ്ച്ചിരുകൺമണികൾ
ദുഖാഗ്നിപർവ്വതനിരകളും പേറി
ചിതയൊരുക്കുന്നു മിത്രങ്ങൾ
-ഒരു വർഷത്തിന് ശേഷം-
ബലിദാനദിനയാത്രയാണിന്നുനാട്ടിൽ
കാൽപ്പന്തുമാമാങ്കമാണെന്റെപേരിൽ
കത്തുന്നതൂക്കുവിളക്കിന്റെ താഴെ
നാമജപം നടത്തുന്നെന്റെ മക്കൾ
ആ കുഞ്ഞുഹൃദയങ്ങൾക്കച്ഛനുമമ്മയും
സിന്ദൂരമണിയാത്തൊരെൻസഖിയല്ലയോ
കൊടിപിടിച്ചെന്നൊരാകുറ്റവുംചെയ്തുഞാ-
നെൻകൈപിടിച്ചെന്നകുറ്റമവൾചെയ്തു
നാടിനെസേവിച്ചു മതിവന്നതില്ലെയെൻ
വീടിനെസ്‌നേഹിച്ചു കൊതിയണഞ്ഞില്ല
മോഹഭംഗക്കഠാരപ്പിടികളാൽ
മോഹമലരരിഞ്ഞെടുത്തില്ലേ
കാലന്റെയുദ്യമം കാലക്രമേണയാ-
യിരുകാലിക്കൂട്ടങ്ങളേറ്റെടുത്തീടവേ
പത്തുമാസംനൊന്തുപെറ്റവയറിന്നു
പകരംകൊടുക്കുവാനെന്തുണ്ടു കാലമേ?