Thursday, March 1, 2018

ആ തുമ്പിയും പാറിപ്പറന്നു

                                   
"പഠിച്ചു ഞങ്ങൾ നല്ലവരാകും,
ജയിച്ചു ഞങ്ങൾ മുന്നേറും,
പടുത്തുയർത്തും ഭാരതമണ്ണിൽ
സമത്വസുന്ദര നവലോകം"

മുന്നിലും പിന്നിലുമുള്ള ഏട്ടന്മാർ ആവേശത്തോടെ വിളിച്ചുതരുന്ന മുദ്രാവാക്യം, കൈകളുയർത്തി ഞാനും ഏറ്റുവിളിച്ചു. ആ മുദ്രാവാക്യത്തിലൂടെ ഞാനെനിക്കുതന്നെ കൊടുത്ത വാക്കുപാലിക്കാനുള്ള ശ്രമത്തിലാണ് ഞാനിന്നും, എന്നും.ഭാഗ്യമുള്ളവർക്കു മാത്രം കയ്യിൽ കിട്ടുന്ന കൊടി. ഭാഗ്യമില്ലാത്തവർ വെറും കൈകൊണ്ട്, പാട്ടിനു താളമടിച്ചുനടക്കും:

 "കൊണ്ട്രവടി കൊണ്ട്രവടി
 വഴിയിലൊരു പാമ്പ്.
 ചേനയല്ല ചേമ്പുമല്ല
 ചേനത്തണ്ടൻ പാമ്പ്.
 കാർത്തികേയൻ മാസ്റ്ററുടെ 
 മൂത്തമകൾ കാർത്തു 
 കാർത്തുവിന്റെ തോർത്തുമുണ്ട് 
 കൂർത്തകളിൽ കോർത്തു"

പാടിത്തരാൻ മണ്ടൂരിൽ നിന്നുള്ള സന്തോഷേട്ടനോ, നാട്ടിലെ അനിയേട്ടനോ ഉണ്ടാകും. എന്നാലും എന്റെ ആവേശം ആ കൊടിയിലായിരുന്നു, വെള്ളയിൽ ചെന്താരകമുള്ള 'ബാലസംഘം' എന്നെഴുതിയ ആ കൊടി പറത്താനായിരുന്നു.

ആപ്പന്റെ മടിയിലിരുന്ന് തയ്യൽ മെഷിൻ ചവിട്ടുമ്പോൾ കൊടിയിൽ അൽപ്പം വ്യത്യാസമുണ്ടാകും. നിറത്തിലും അതിലെ എഴുത്തിലും. കൂടാതെ നാട്ടിൽ റോഡിനിരുവശത്തും തൂങ്ങിയാടിയിരുന്ന വെള്ളനാടയിൽ ചുവന്ന പ്ലാസ്റ്റിക് തോരണങ്ങൾ, ഞാനും ആപ്പനും ചേർന്നടിച്ചതായിരുന്നു.

സന്ധ്യയ്ക്ക് വീട്ടിൽ കുറച്ചുപേർ കൂടിയിരിപ്പുണ്ടാകും. എന്തിനാനെന്നറിയാൻ ഞാൻ കോലായിൽപോയി അച്ഛാച്ചന്റെ മടിയിൽ പോയിരിക്കും. കുരുത്തംകെട്ടവന്റെ കള്ളി മനസ്സിലാക്കിയ അമ്മ പറയും:
"പോയിരുന്നു എഴുതിവെക്കെടാ. വെല്ലാളെ വായിനോക്കാൻ      വന്നിരിക്കുന്നു"
ഞാനെഴുന്നേൽക്കുന്നതും അച്ചാച്ചൻ എഴുന്നേൽപ്പിക്കുന്നതും ഒരുമിച്ചായിരിക്കും. ഞാനത് അനുസരിച്ചിരിക്കണം. ഇല്ലെങ്കിൽചിരട്ടക്കയിലിന്റെ പിടി എന്റെ കണങ്കാലിൽ വീഴും. അതെനിക്കും അച്ചാച്ചനും നന്നായറിയാം.

പിന്നീടൊരുനാൾ ഒരു ദീപശിഖാ പ്രയാണം; അനിയേട്ടനും രഞ്ജിയേട്ടനുമെല്ലാം ട്രൗസറും മുറിക്കയ്യൻ ബനിയനുമിട്ട് കത്തുന്ന ദീപശിഖയുമായി അഴീക്കോടൻ സെന്ററിന്റെ അടുത്ത് നില്കുന്നു. ട്രൗസർ നിത്യവേഷമായിരുന്ന എനിക്ക് അവരുടെ കൂടെ കൂടാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല. ഞാനും ഓടി. പുതിയകാവ് മുതൽ ഹാജിറോഡ് വരെ. ഓട്ടത്തിനിടയിൽ തീയണഞ്ഞ ഒരു ദീപശിഖ ആരോ എനിക്കുതന്നു. എന്നിലെ കുട്ടിസഖാവ്  ഒന്നുകൂടി ഉണർന്നു. അന്ന് ഫേസ്‌ബുക്ക് ഉണ്ടായിരുന്നെങ്കിൽ ഞാനും വൈറലായേനെ.

അങ്ങനെ മൂന്ന് സഖാക്കളുള്ള കുടുംബത്തിൽ ഞാനെന്ന കുട്ടിസഖാവും  വളർന്നു. 

രണ്ടാംക്ലാസ് കഴിഞ്ഞ വേനലവധിക്കാലം. ഒരു ദിവസം സന്ധ്യയ്ക്ക് ആപ്പൻ എന്നെയും കൂട്ടി വീട്ടിൽ നിന്നിറങ്ങി. മൂന്നേട്ടന്റെ പീടികയിൽ നിന്ന് വാങ്ങിയ 'ഗൂഗ്ലി' മുട്ടായിയും നുണഞ്ഞുകൊണ്ട് റോഡിന്റെ ഇടതുവശത്തുകൂടി ആപ്പന്റെ കയ്യും പിടിച്ച് വടക്കോട്ടു നടന്നു. കരിക്കൻകുളത്തിനു സമീപമെത്തിയപ്പോൾ, കുളത്തിനെതിർവശത്തായി  റോഡിൻറെ പടിഞ്ഞാറ്, നിലത്ത് ടാർപ്പായി വിരിച്ചിരിക്കുന്നു. അതിനു പിറകിൽ ഒരു നീലത്തുണിയും വലിച്ചുകെട്ടിയിട്ടുണ്ട്. അടുത്തുള്ള രണ്ടു മൂന്നു തെങ്ങിൽ ട്യൂബ് ലൈറ്റും. എന്തോ പരിപാടിയാണ്; എല്ലാവർക്കും ഒരേ തരത്തിലും നിറത്തിലുമുള്ള വേഷം. പാട്ടും നൃത്തവും നാടകങ്ങളും. ഇടയ്ക്ക് വേദിയിൽ ചതുരത്തിലുള്ള ഒരു ചട്ടക്കൂട് കൊണ്ടുവന്നു വെച്ചു. പിന്നെ തടിച്ചു വെളുത്ത ഒരേട്ടൻ (ബിശോഭ് ഏഴോം) തലയിൽ കൊമ്പും വച്ചുകൊണ്ട് അതിൽ നിന്നു. ഒനിഡാ ടിവിയുടെ  പരസ്യത്തിൽ വരുന്ന മൊട്ടക്കൊമ്പനെപോലെ. മഞ്ജിമേച്ചിയും അരോളിയിലുള്ള കറുത്ത് മെലിഞ്ഞ ബിശോഭേട്ടനും പിന്നെ, അവരോടുപ്പം മറ്റുള്ളവരും ഭാവഭേദങ്ങൾ മുഖത്തു നിറച്ച് കയ്യടിയും വാങ്ങിച്ചു പോയി. 

മുകളിൽ പറഞ്ഞ പേരുകളൊന്നും അന്നെനിക്ക് അറിവുള്ളവയായിരുന്നില്ല. പോകപ്പോകെ പരിചയപ്പെട്ടു. പരിചയപ്പെടണം അതായിരുന്നു നിയോഗവും.

ആപ്പന്റെ രണ്ടുകയ്യും എടുത്ത് എന്റെ ചുമലിലൂടെ മുന്നിലിട്ട് ആ ദേഹത്തോട് ചാർന്ന് ഞാൻ നിന്നു; കണ്ടു; ചിരിച്ചു; രസിച്ചു; ആസ്വദിച്ചു.

ആ വേനലവധിയും കഴിഞ്ഞ് സ്‌കൂൾ തുറന്നു. മൂന്നാം ക്ലാസ്സിലിരിക്കുമ്പോൾ ഒരാൾ വന്ന് രാധ ടീച്ചറോട് പറഞ്ഞു:
"ജറിലിനെ വിളിച്ചോണ്ട് പോവാൻ പറഞ്ഞു, ലത ടീച്ചറെ വീട്ടിലേക്ക്"
വന്നതാരാണെന്നോ? എന്തിനാണെന്നോ? ഒന്നും എനിക്കറിയില്ല. രാധടീച്ചർ സമ്മതിച്ചുകൊണ്ട് തലയാട്ടി. ഞാൻ വന്നയ്യാളുടെ കൂടെ നടന്നു. 
അന്നൊന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെപ്പറ്റി കേട്ടറിവുപോലുമില്ല, അതുകൊണ്ടുതന്നെ  ടീച്ചർമാർക്കും അന്നുവന്നയാളെ വിശ്വാസമായിരുന്നിരിക്കാം; വിശ്വാസം അതല്ലേ എല്ലാം.

മോഹനേട്ടൻ കസേരയിൽ ഇരിപ്പുണ്ട്. അരികിൽ മേശപ്പുറത്തു വച്ചിരുന്ന ഒരു കടലാസ് പിടിച്ചിട്ടുണ്ട്. ഉയരത്തിലും പ്രായത്തിലും വ്യത്യാസമുള്ള കുട്ടികൾ നിലത്തിരുന്നിട്ടുണ്ട്. ദാ, ഇവിടെ വച്ച് ഞാൻ മഞ്ജിമേച്ചിയെ പരിചയപ്പെട്ടു. പിന്നെ മോഹനേട്ടൻ. നാട്ടിൽ ഒരുപാട് മോഹനന്മാരുള്ളത് കൊണ്ട്, വി. വി. മോഹനൻ എന്ന് പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാകും. ചിലർക്കദ്ദേഹം മാഷാണ്. പക്ഷെ ഞങ്ങൾക്ക് മോഹനേട്ടൻ; 'മാക്സിമം മോഹനേട്ടൻ'. മാക്സിമത്തിന്റെ പിന്നിലെ കഥ വഴിയേ പറയാം.

ആകാശവാണിയിൽ കിങ്ങിണി എന്ന പരിപാടിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാണ്. എനിക്കും, കിട്ടി അതിലെ നാടകത്തിൽ ഒരു വേഷം; ഒരു ഭടന്റെ വേഷം. ആകപ്പാടെ ഉണ്ടായിരുന്നത് ഒരേയൊരു സംഭാഷണം. ഒരു പശ്ചാത്തലസംഗീതം കഴിഞ്ഞതിനുശേഷം വേണം അത് പറയാൻ. പലതവണ പരിശീലിച്ചു. പലരും എന്നെ ഓർമ്മിപ്പിച്ചു. എന്നിട്ടും ആകാശവാണിയിലെ കുളിരുന്ന മുറിയിലിരുന്നപ്പോൾ ഞാൻ കൃത്യമായി മറന്നു: ആ പശ്ചാത്തലസംഗീതത്തെ.
അതെങ്ങനെ അവർ പരിഹരിച്ചു എന്നറിയാനോ ചോദിക്കാനോ ഉള്ള പക്വത എനിക്കില്ലായിരുന്നു. പക്വത ഇല്ലായിരുന്നതു നന്നായി അല്ലെ?

ചെയ്ത ആദ്യ നാടകത്തിൽ തന്നെ പിഴവ് വരുത്തിയവൻ. അറിയാത്ത പ്രായത്തിലെ തെറ്റ്. എന്നാൽ ആ തെറ്റ് മോഹനേട്ടനും മറ്റും ക്ഷമിച്ചിരുന്നു. അതാണ് ഒരു ദിവസം രാവിലെ രജിത്തേട്ടൻ വന്ന് എന്നെ കൂട്ടികൊണ്ടുപോയത്. ഈ പോക്കിൽ എന്റെ കയ്യിൽ ഒരു പെട്ടി കൂടെ ഉണ്ടായിരുന്നു. അച്ഛനും അമ്മയും പണിക്കു പോയിരുന്നു. അച്ചാച്ചന്റെയും അമ്മാമ്മയുടെയും കാലുതൊട്ട് തലയിൽ വച്ച് ഞാൻ ഇറങ്ങി; എന്തിനാണെന്നോ എങ്ങോട്ടാണെന്നോ അറിയില്ല. പെട്ടി രജിത്തേട്ടൻ പിടിച്ചു.

ഞാൻ രജിത്തേട്ടനെ മുൻപും കണ്ടിട്ടുണ്ട്. തുടക്കത്തിൽ പറഞ്ഞ ജാഥകൾക്കിടയിൽ.

പുതിയകാവിന്റെ അടുത്തുനിന്ന് ബസ് കയറി. അതും വടക്കോട്ടേക്ക്. എന്നെ ജനലിനടുത്തു തന്നെ ഇരുത്തി. വീടുകളെയും കടകളെയും മരങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് ബസ് ഓടി. കാഴ്ചകൾ കണ്ട് ഞാനും. ഓരോ കടയുടെയും ബോഡിലെ അക്ഷരങ്ങൾ കൂട്ടിവായിച്ച് സ്ഥലങ്ങൾ മനസ്സിലാക്കി. പക്ഷെ ഒന്നും ഓർമ്മയിൽ വയ്ക്കനായില്ല. ഒടുവിൽ ബസിറങ്ങി. മാട്ടൂൽ കാവിലേപ്പറമ്പ് ബസ് സ്റ്റോപ്പിൽ.

എന്റെ കയ്യും പിടിച്ച് രജിത്തേട്ടൻ കയറിച്ചെന്നത് ദേവീവിലാസം സ്‌കൂളിൽ. നീലയും വെള്ളയും ചായം ചുമരിൽ പൂശിയ, ഓടിട്ട ആ സ്‌കൂളിനകത്ത് മോഹനേട്ടന്റെതൊഴികെ ബാക്കി എല്ലാ മുഖങ്ങളും എനിക്ക് അപരിചിതമായിരുന്നു.

പണ്ട് സംഭവിച്ച തെറ്റൊന്നും എന്റെ മനസ്സിലുണ്ടായിരുന്നില്ല. പുതിയ ശരികളിലേക്ക് യാത്രതുടങ്ങിയതിനാലാവാം.

പക്ഷെ, അതാ തടിച്ച് വെളുത്ത ഒരു രൂപം; 'ഒനിഡാ ടി വി'; ബിശോഭേട്ടൻ.
ഒരു വർഷം മുൻപ് കണ്ട പരിപാടിയെ കുറിച്ച് ഞാനൊന്നും പറഞ്ഞില്ല.
അതൊന്നും എന്നെ സംബന്ധിക്കുന്ന വിഷയമേ അല്ലായിരുന്നു.

ഒന്ന് രണ്ടു ദിവസം കൊണ്ട് ഞാനും പതിനഞ്ചോളം പേരിൽ ഒരാളായി. ഏറ്റവും പ്രായം കുറഞ്ഞ അംഗം. അതുകൊണ്ട് തന്നെ ലാളന എനിക്ക് കൂടുതൽ കിട്ടിയിരുന്നു. ഉച്ചഭക്ഷണത്തിനായി ദൂരം യാത്ര ചെയ്യേണ്ടിയിരുന്നെങ്കിൽ രാമദാസേട്ടൻ എന്നെ ചുമലിലിരുത്തും. ഞങ്ങളുടെ ക്യാമ്പ് സന്ദർശിക്കുന്നവരുടെ കയ്യിലെ ഭക്ഷണപ്പൊതികളിൽ ഒരൽപം അധികം എനിക്ക് തിന്നാൻ കിട്ടും. അതിൽ ഞാൻ ഏറ്റവും അധികം തിന്നാൻ കൊതിച്ച 'മഞ്ചും' ഉണ്ടായിരുന്നു.

അച്ഛനെയും അമ്മയെയും വിട്ട്, വീട്ടിൽ നിന്ന് എത്ര ദൂരത്താണെന്നു പോലും അറിയാത്തൊരു നാട്ടിൽ. ബന്ധുക്കളല്ലെങ്കിലും പ്രിയപ്പെട്ടവരുടെ വീട്ടിൽ രാത്രിയുറങ്ങിയും, കാവിലെ കുളത്തിൽ മുങ്ങാങ്കുഴിയിട്ടും കാലിട്ടടിച്ചും ആ നാട്ടുകാരായി, നാട്ടുകാർക്ക് വേണ്ടപ്പെട്ടവരായി ഒരുകൂട്ടം കുട്ടികൾ.

ഇടയ്‌ക്കൊരുനാൾ ആപ്പൻ വന്നു. ആപ്പൻ തിരിച്ചുപോകുമ്പോൾ ഞാൻ കരഞ്ഞില്ല. കാരണം, എനിക്ക് ചിരിക്കാനുള്ള വക ആ കൂട്ടത്തിൽ തന്നെ ഉണ്ടായിരുന്നു. ശ്രീജേഷേട്ടനും ഗീതുവേച്ചിയും ബിശോഭേട്ടനും അനുശ്രീയും പിന്നെ പേരും മുഖവും മറന്നുപോയ ഏട്ടന്മാരും ഏച്ചിമാരും.

സംഘഗാനം, സംഗീതശില്പം, നാടകം അങ്ങനെ ഓരോന്നായി മോഹനേട്ടൻ പഠിപ്പിക്കുകയാണ്. എന്താണെനിക്ക് ചെയ്യാൻ പറ്റുക. ഒരു ധാരണയും ഇല്ലായിരുന്നു. ഒടുവിൽ ഒരു നാടകം 'ഞങ്ങൾ ദേശാടനക്കിളികൾ'. തിരിച്ചുപോകാത്ത ദേശാടനക്കിളിയായി അനുശ്രീയും രാജകുമാരന്റെ പ്രതിമയായി ബിശോഭേട്ടനും. രാജ്യത്തിന്റെ ദുരവസ്ഥകൾ ഓരോന്നായി കിളി വിവരിക്കുകയാണ്. വിവരണത്തിനിടയിൽ വന്നുപോകുന്ന ഒരു കൂട്ടം വികലാംഗർ. അവരിലൊരാളാവാൻ മോഹനേട്ടൻ എന്നോട് പറഞ്ഞതും, അവിടെയുണ്ടായിരുന്ന ശീമക്കൊന്ന വടിയിൽ ഒരു കാൽ പിണച്ച് ഞാൻ വേച്ച് വേച്ച് നടന്നു. വേദിയിൽ എന്റെ ആദ്യത്തെ അഭിനയം. നവരസങ്ങളൊന്നുമറിയാതെ, ഒരു വടിയുമായി ഞാൻ വന്നു; പോയി.

രണ്ടാഴ്ചയോളം നീണ്ടുനിന്ന പരിശീലനക്കളരി. എല്ലാവരും ഒരച്ഛനന്മ്മമാരുടെ മക്കളെപ്പോലെ. ഉറങ്ങാൻ മാത്രം മറ്റുള്ള വീടുകളിൽ, അല്ലാത്തപ്പോൾ ആ ഓടിട്ട മുറിയിൽ. ആട്ടവും പാട്ടും നാടകങ്ങളുമൊക്കെയായി കളിച്ച് രസിച്ച് കഴിഞ്ഞുകൂടി. അതിനിടയിൽ മോഹനേട്ടൻ ഒരു പല്ലവി പലവട്ടം ആവർത്തിച്ചുകൊണ്ടിരുന്നു.

"ഇനിയെന്തു വേണം? അവസാനം, 'മാക്സിമം' കൊളാക്കണം"

ആ പല്ലവി തുടർന്നു. ക്യാമ്പും പര്യടനവും കൂടിപ്പിരിയലും കഴിയുന്നതുവരെ.

ക്യാമ്പ് കഴിഞ്ഞു. അവസാനനാൾ സന്ധ്യക്ക്, ഇതുവരെ നമ്മൾ പഠിച്ചതൊക്കെ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടു കൂടി അവതരിപ്പിക്കണം. രണ്ടാഴ്ച കൈമെയ് മറന്ന് ഞങ്ങളെ ഊട്ടിയ, ഉറക്കിയ, പരിചരിച്ച, അതിലുപരി സ്നേഹിച്ച കാവിലേപ്പറമ്പിലെ സുമനസ്സുകളുടെ മുൻപിൽ. ഒരു ദക്ഷിണയെന്നോണം.

എല്ലാവർക്കും അവരുടെ അളവിൽ തയ്പ്പിച്ച ജുബ്ബയും പാന്റും. പാന്റിനു സിബ്ബില്ല. നാടകൊണ്ട് കെട്ടണം. ഞാൻ പെട്ടു, എനിക്കതുകെട്ടാനറിയില്ല. ഏട്ടന്മാരും ഏച്ചിമാരും ഈ അനിയനെ സഹായിച്ചു. പിന്നെ പോകെപ്പോകെ ഞാനും ആ 'കല' സായത്വമാക്കി. രാജകുമാരന്റെ കിരീടവും വാളും, കിളികള്ക് തലയിടാനുള്ള 'കൊക്ക്'. അങ്ങനെ പലവിധ വേഷഭൂഷാദികളുമായി ഞങ്ങൾ അവതരണത്തിനായി തയ്യാറെടുത്തു. എന്റെ കൂട്ടത്തിൽ തലമൂത്തവർ മോഹനേട്ടന്റെയും മറ്റും കാലുതൊട്ട് തലയിൽ വെക്കുന്നു. ചിലർ വേദിയിൽ തോട്ടുവണങ്ങുന്നതും കാണാം. ഞാനും അതനുകരിച്ചു, ആടുന്ന കഥയുടെ പൊരുളറിയാതെ

അവതരണം കഴിഞ്ഞു. നിറഞ്ഞ കയ്യടി. ഞാൻ വീണ്ടും തെറ്റിച്ചോ? ഇല്ലെന്നു തോന്നുന്നു. എല്ലാവരും നല്ല സന്തോഷത്തിലാണ്; പരസപരം കൈകൊടുക്കുന്നു കെട്ടിപ്പിടിക്കുന്നു. പ്രകാശേട്ടനും രാമദാസേട്ടനും വന്നെന്നെ കെട്ടിപ്പിടിച്ചു:
"ഉഷാറാക്കീനെല്ലാ, ഏ........."
അപ്പൊ ഞാനൊന്നും തെറ്റിച്ചിട്ടില്ല. സമാധാനമായി.

കാവിലെപറമ്പിലെ അവസാനത്തെ രാത്രിയും കഴിഞ്ഞുള്ള പകൽ. അനോഷേട്ടന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഏച്ചിയും അമ്മമ്മയും അനോഷേട്ടന്റെ അമ്മയുമെല്ലാം വിഷമത്തിലായിരുന്നു. ഞാൻ പറഞ്ഞു:
"പോട്ടെ...."

കരയണോ ചിരിക്കണോ എന്നെനിക്കറിഞ്ഞുകൂടാ. ഉള്ളിലൊരു വിഷമം; അതാ വീട്ടിൽ നിന്നിറങ്ങുബോൾ എനിക്കുണ്ടായിരുന്നില്ല. പക്ഷെ, പിന്നീട് സ്‌കൂളിന്റെ മുൻപിൽ നിന്ന് പര്യടന വണ്ടിയിൽ കയറാൻ നേരം മറ്റുപലരും കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു. 
ഇനി എന്ന് കാണും
വലുതായാൽ ഞാൻ വരും. ഒറ്റയ്ക്ക് ബസിൽ പോകാൻ തുടങ്ങിയാൽ വരണം. എല്ലാവരെയും കാണണം. അനോഷേട്ടന്റെ അമ്മമ്മ ചുട്ട ദോശ തിന്നണം. മാട്ടൂൽ കടപ്പുറത്തേക്ക് രാമദാസേട്ടന്റെ കൈ പിടിച്ച് നടക്കണം.

എന്റെ കുട്ടിക്കാലത്തെ നാല് വേനലവധിക്കാലം. കൂട്ടുകാരെല്ലാവരും അത് ബന്ധുവീടുകളിൽ ആഘോഷിച്ചപ്പോൾ, ഞാൻ കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങളിൽ ആസ്വദിച്ചു. മാട്ടൂലും കുളപ്പുറത്തും കുഞ്ഞിമംഗലത്തും കല്യാശേരിയിലും വിരലിലെണ്ണാവുന്നതിലധികം തുമ്പികളിൽ ഒരു തുമ്പിയായി ഞാനും പാറി നടന്നു.
വേനൽത്തുമ്പികളുടെ പര്യടനവണ്ടിയിൽ നിന്നുയർന്ന നാടൻപാട്ടിന്റെ താളത്തിൽ;
"പൂട്ടക്കണ്ണി പൂങ്കുറത്തി
തീയോമി താത്തമാ
തീയാണ് ഊട്ടുകാഞ്ചു
നീയിങ് ബാത്തമാ........
.....ഏട്ടൻ കെട്ടിയ ഏട്ടത്തിയമ്മ
കഞ്ഞിന്റെവെള്ളം ബെച്ചാച്ച്
പവ്ത്ത നാരങ്ങാ പറിക്കാൻ പോയപ്പൊ
ബെളഞ്ഞ പാമ്പ് കടിച്ച്...................
....................................
ആറാണിട്ടിട്ട് കാലയോ...

അപ്പന്ബെച്ച കഞ്ഞീന്റെബെള്ളം
കാളിപ്പിരാന്തത്തി കുടിച്ചോണ്ട് പോയാച്ച്.........."
ഇക്കാലെടുത്ത് ഇടതുബെക്കുമ്പം
യിക്കായമ്മക്ക് പൈക്കണ്"

രഞ്ജിയേട്ടന്റെ 'രഞ്ജിമുട്ടായി' തമാശകളിലൂടെ.…..!
ഇടയിൽ വണ്ടിയിലെ പാട്ടുനിർത്തി, മുത്തുവേട്ടൻ പറയാറുണ്ടായിരുന്ന അനൗണ്സ്മെന്റിലൂടെ;
"പ്രിയമുള്ളവരേ, ജാതിമതവർണ്ണവ്യത്യാസമില്ലാതെ കുട്ടികളെ ഒരു കൊടിക്കീഴിൽ അണിനിരത്തുന്ന സംഘടന; ബാലസംഘം. ബാലസംഘം മാടായി ഏരിയ വേനൽത്തുമ്പികൾ. പിന്നിട്ട നിരവധി അനവധി കേന്ദ്രങ്ങളിലെ ആവേശോജ്വലമായ സ്വീകരണങ്ങളേറ്റുവാങ്ങിക്കൊണ്ട്, അടുത്ത സ്വീകരണകേന്ദ്രമായ………………..........................പ്രയാണമാരംഭിച്ചിരിക്കുന്നു"

ജീവിതത്താളിൽ, ഞാനാഗ്രഹിക്കുമ്പോൾ മറിച്ചുനോക്കാൻ ഒരുപാട് മുഖങ്ങളും മുഹൂർത്തങ്ങളും തന്ന ആ കൂട്ടത്തിലേക്ക് ഒത്തുചേർന്നു പറക്കാൻ ഒരാഗ്രഹം. 
പ്രായം മനസിന്റെ ചിറകിനെ തളർത്താത്തിടത്തോളം ഏതൊരു തുമ്പിക്കും താലോലിക്കാവുന്ന ആഗ്രഹം