Thursday, April 4, 2019

ഒരു ^ നടക്കാത്ത കൂടിക്കാഴ്ച (………. ആർക്കും കൊതിക്കാവുന്നത്)


      നടക്കാത്ത
ഒരു ^ കൂടിക്കാഴ്ച
(………. ആർക്കും കൊതിക്കാവുന്നത്)
================================
ഒരു വിധത്തിൽ ട്രെയിനിൽ നിന്നിറങ്ങി. ഇനി ബസ് നമ്പർ 386 അല്ലെങ്കിൽ 387. ഘാട്കോപ്പറിൽ നിന്ന് ഒരു വിധം ബസ്സിൽ കയറിപ്പറ്റി. R-സിറ്റി മാൾ ബസ്റ്റോപ്പിൽ ഇറങ്ങണം. എം-ഇൻഡിക്കേറ്റർ പറഞ്ഞതനുസരിച്ച് കൃത്യം ആറാമത്തെ സ്റ്റോപ്പ്.
അഞ്ചുമണിക്ക് എത്താനാണ് പറഞ്ഞത്. ഇപ്പോൾ സമയം നാലുമണി. ഇഴയുന്ന വാഹനങ്ങളെ താണ്ടി, പറഞ്ഞസമയത്തിനും അരമണിക്കൂർ മുൻപേ അവിടെയെത്താം. വൈകിയെത്തുന്നത് നല്ലതല്ല. കാത്തിരിക്കുന്നതിന്റെ സുഖം ഒന്നു വേറെതന്നെ!


ഒരുകൂടിക്കാഴ്ചയ്ക്ക് ഇറങ്ങിയതാണ്. കുളിച്ച്, കയ്യിൽകിട്ടിയ ഒരു കുപ്പായവും പാന്റും എടുത്തിട്ടു. പൗഡറും സ്പ്രേയും ഉപയോഗിക്കാറില്ല. വിയർപ്പു നാറ്റം മാറാൻ, ചെറുനാരങ്ങാനീര് തേച്ചു പിടിപ്പിച്ച് പതിനഞ്ചോ ഇരുപതോ നിമിഷം കഴിഞ്ഞുകുളിച്ചൽ മതിയെന്ന് യുട്യൂബ് പറഞ്ഞു. പരീക്ഷിച്ച്‌ തെളിഞ്ഞതുകൊണ്ട് ആഴ്ചയിൽ രണ്ടുതവണയായി ഇന്നും തുടരുന്നു.


ഫോണെടുത്ത് മിഥുനേഷ് അയച്ചുതന്ന ഫോട്ടോ ഒന്നു നോക്കി. എന്നെ നോക്കി ചിരിക്കുകയാണ്. മിഥുനേഷ് കസിനാണ്. എന്റെയല്ല. എന്റെ ഒരു കൂട്ടുകാരൻ. ചങ്കല്ലാത്ത ബ്രോ!
അവനാണ് ഇതിനെക്കുറിച്ച് ആദ്യം എന്നോട് സംസാരിക്കുന്നത്. പിന്നെ ഇരുവീട്ടുകാരുടെയും സന്ദേശവാഹകനായി അവൻ നിലകൊണ്ടു; ഒരു ഔദ്യോഗികഹംസം
ഇരുവർക്കും നമ്പർ അറിയില്ല. മുഖം അത്രയ്ക്കങ്ങ് മനസ്സിൽ പതിപ്പിച്ചിരുന്നില്ല. കഴിഞ്ഞ കുറെ പെണ്ണുകാണലുകളിൽ നിന്നും പഠിച്ച പാഠം. എല്ലാം ഉറപ്പിച്ചതിനു ശേഷം മാത്രം മതി, മുഖം മനസ്സിൽ പതിപ്പിക്കേണ്ടു എന്ന തീരുമാനം ഞാൻ എടുത്തിരുന്നു.


ബസ്സിറങ്ങി. റോഡ് മുറിച്ചുകടന്നു. മാളിലേക്കുള്ള വാഹനങ്ങളുടെ എണ്ണം കൂടിവരുന്നുണ്ട്. ഇത്രയും ആളുകൾക്കിടയിൽ ആ ഒരു മുഖം തിരയണം. വീണ്ടും പലതവണ ഫോട്ടോയിൽ നോക്കി. അഞ്ചുമണിയാവാൻ പതിനഞ്ചുനിമിഷം കൂടിയുണ്ട്.

നമ്പർ തന്നാലെന്താ, ആകാശം ഇടിഞ്ഞു വീഴുമോ?
ഇത്രയും പുരോഗമിച്ച ഈ നഗരത്തിൽ ഇങ്ങനെയുമുണ്ടോ രക്ഷിതാക്കൾ? മനുഷ്യനെ വെറുതെ ടെൻഷൻ അടിപ്പിക്കാൻ.

ആ ചെറിയ സമയംകൊണ്ട് എന്റെ ശരീരത്തിനകത്തും പുറത്തുമായി ഒരുപാട് പ്രോഗ്രാമുകൾ എക്സിക്യൂട്ട് ചെയ്യപ്പെട്ടു. ഏറ്റവും ഒടുവിലായി എന്റെ കണ്ണുകൾ ആ ചിത്രം ഒപ്പിയെടുത്തു; ചുവന്ന ചൂരിദാർ. മഞ്ഞപ്പൂക്കളോടുകൂടിയ ഷാൾ. മുടി മടഞ്ഞുകെട്ടി അറ്റം ഇടതുചുമലിലൂടെ മുന്നിലേക്കിട്ടിരിക്കുന്നു. കയ്യിൽ ഒരു ചെറിയ ബാഗ്.

നിൽപ്പുതുടങ്ങിയിട്ടു കുറച്ചു നേരമായെന്ന് തോന്നി. പ്രതീക്ഷിച്ചയാളെ റോഡിലേക്ക് നോക്കി നിൽക്കുകയായിരുന്ന ഞാൻ യാദൃശ്ച്‌കമായി ചുറ്റും കണ്ണോടിച്ചപ്പോൾ കണ്ടതാണ് ആ രൂപം.  എന്ത് ചെയ്യാം രണ്ടുപേരും കാണാൻ വൈകി.

ഈ മാതാപിതാക്കളുടെ ഒരു കാര്യം. ലോകത്തിലെ രണ്ടുവ്യക്തികളുടെ അമൂല്യമായ എത്ര നിമിഷങ്ങളാണ് നിങ്ങൾ നമ്പർ കൈമാറാൻ വിസമ്മതിച്ചതുമൂലം നഷ്ടമായത്.

"ഹായ്"
ആദ്യത്തെ അഭിസംബോധന മറുവശത്തുനിന്നുമായിരുന്നു.
"നേരത്തെ വന്നിനാ?"
ഞാൻ തനി നാടനായിത്തന്നെ തുടങ്ങി

Saturday, January 26, 2019

ഇവിടെ ഇങ്ങനാണ് ഭായ്

കമ്പ്യൂട്ടറിൽ ഫേസ്ബുക്കും നോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ ആരവ് കോണിപ്പടിയും കേറിവന്നു. അമ്മയുടെ അനുജത്തിയുടെ മകനാണ് കക്ഷി. ഇപ്പോൾ ആറാം ക്‌ളാസിൽ പഠിക്കുന്നു. എന്തോ കാര്യസാധ്യത്തിനാണ് വരവ്. കസേരയിൽ ഇരിക്കുകയായിരുന്ന എന്റെ ചുമലിലൂടെ കയ്യിട്ട്, മുഖം എന്റെ ഇടത്തെ ചുമലിൽ വച്ച്, കവിളത്തൊരുമ്മ തന്നു.
"എന്താടാ വേണ്ടേ...? മുത്തത്തിന് പഞ്ചാര കൂടീറ്റിണ്ടല്ല"
"ബെല്ലേട്ടാ....., അത് പിന്നെ, ഉസ്കൂളിലേക്കു കളക്ഷനാക്കി കൊണ്ടോണം. സ്വാതന്ത്ര്യസമരസേനാനികളുടെയും ശാസ്ത്രജ്ഞന്മാരുടെയും ചിത്രം മുറിച്ചൊട്ടിച്ചിട്ട് കൊണ്ടരാൻ പറഞ്ഞിന് ശ്യാമള ടീച്ചർ"
"അതിനു ശ്യാമള ടീച്ചർ മലയാളത്തിനല്ലേ?"
തുടക്കം തന്നെ പാളിയ അവൻ പക്ഷെ പെട്ടെന്ന് തന്നെ നിയന്ത്രണം ഏറ്റെടുത്തു.
"ആ, അല്ല, ശോഭ ടീച്ചറാ"
"ശെരി അയിനിപ്പം ഞാനെന്താ വേണ്ടേ?"
"ഏട്ടന്റെ പഴേ കഥാബുക്കില്ലേ, അയിലിന്നു കീറിക്കോട്ടെ"
"ആട. നീ ബെല്ലമ്മേനോട് പറ. വടക്കേ ആത്തേ അലമാര തൊറന്ന്തെരാൻ. എന്താ വേണ്ടെന്നു വെച്ചാൽ നീ എടുത്തോ"
അമ്മയുടെ കസ്റ്റഡിയിലാണ് എന്റെ പഴയ പുസ്‌തകങ്ങളെല്ലാം. ഞാനും അമ്മയും ഒന്നും കളയാറില്ല. പുസ്തകം പൊന്നുപോലെ സൂക്ഷിക്കണം. പുസ്തകമെന്നല്ല പഠിക്കാനുപയോഗിക്കുന്നതെന്തും. അതുകൊണ്ടുതന്നെ പുതിയ പുസ്തകത്തോടൊപ്പം അച്ഛൻ കാപ്പിനിറത്തിലുള്ള പൊതിയും കൊണ്ടുവരും. ആദ്യമൊക്കെ പൊതി അമ്മയിട്ടുതരുമായിരുന്നു. പിന്നെ സ്വമേധയാ ചെയ്യാമെന്നായി. അങ്ങനെ മൂല മടങ്ങാതെ, താളുകൾ കീറാതെ പുസ്തകം പൊന്നുപോലെ സൂക്ഷിച്ചു. പിന്നെ അയൽവക്കത്തെ ആവശ്യക്കാരായ കുട്ടികൾ വന്നാൽ അമ്മ പാഠപുസ്തകം എടുത്തുകൊടുക്കും. ഒപ്പം ഒന്നുമാത്രം ആവശ്യപ്പെടും;
"കൊല്ലപ്പരീക്ഷ കയിഞ്ഞ കൊണ്ടുത്തരണേ"
മറ്റൊന്നിനുമല്ല, ഇനിയും ആവശ്യക്കാരുണ്ടാകും. പിന്നെ, തിരിച്ചുകൊടുക്കണമെന്ന ചിന്ത അവരുടെ മനസ്സിലും ഉള്ളതുകൊണ്ട് അവരും അത് 'പൊന്നുപോലെ' സൂക്ഷിക്കും.
അത്തരം പൊൻപുസ്തകങ്ങളുടെ ഒരുകെട്ടുമായി ആരവ് വീണ്ടും കോണിപ്പടിക്കയറി. അപ്പോഴും ഞാൻ ഓൺലൈൻ 'നാറാണത്തു ഭ്രാന്തന്റെ' പ്രവർത്തികൾ തുടരുകയായിരുന്നു.
കക്ഷി ചുമരിനോട് ചെർന്നിരുന്നു. ഇടതുവശത്ത് വച്ച പുസ്തകങ്ങളുടെ അട്ടിയിൽനിന്ന് ഒന്നെടുത്ത് വായനതുടങ്ങി.
"അല്ലേടാ ഇനിക്ക് കളക്ഷൻ ആക്കണെന്ന് പറഞ്ഞിട്ട്?"
"അതിപ്പോ..., വീട്ടിപ്പോയാ 'അമ്മ പറയും 'പഠിക്കെടാ പഠിക്കെടാന്നു'. ഞാൻ കൊറച്ചുകൈഞ്ഞിട്ട് പോവാ. ഇതെല്ലം കീറിക്കയ്ഞ്ഞാപ്പിന്നെ വായിക്കാൻ പറ്റൂല്ലല്ലാ"
ആറാം ക്ലാസുകാരന്റെ അതിബുദ്ധി കണ്ട് ഞാൻ തലയാട്ടി.
അവൻ പുസ്തകത്തിലും ഞാൻ കംപ്യൂട്ടറിലും കണ്ണമർത്തി.
ആരവ് വായന ഉച്ചത്തിൽ തന്നെ തുടരുകയാണ്. ഞാൻ അൽപ്പനേരത്തിനുശേഷം അവനെ നോക്കി. ആ കാഴ്ച കണ്ട് ഞാനൊന്നു ഞെട്ടി: അവന്റെ മുന്നിലതാ രണ്ട് വാൽമാക്രികൾ ചമ്രം പടഞ്ഞിരിക്കുന്നു.അവന്റെ കയ്യിലാണെങ്കിൽ നിറം മങ്ങിയ ഒരു 'യുറീക്ക'.
പണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ യുറീക്ക കിട്ടുന്നുണ്ടായിരുന്നു. പിന്നെ തത്തമ്മ വന്നു, ബാലമംഗളം, ബാലരമ, ബാലഭൂമി. അങ്ങനെ വടക്കേ അകത്തുള്ള അലമാരയിൽ ഭൂമിയിലെത്തിയ വിരുന്നുകാരും, ഡിങ്കനും, ശുപ്പാണ്ടിയും, കപീഷും, മായാവിയും, ശക്തിമരുന്നിലെ കുട്ടികളും, മാലുവും മൂഷിക്കും വെളിച്ചം കാണാതെയും ശ്വാസം കിട്ടാതെയും കിടന്നു.
ആരവ് വായിച്ചുകൊണ്ടിരുന്ന യുറീക്കയിലെ 'ഭൂമിയിലെത്തിയ വിരുന്നുകാരാണ്' ഇന്നത്തെ എന്റെ അതിഥികൾ; വാൽമാക്രികൾ.
അവരതാ, ആരാവിന്റെ കഥകളും കേട്ട് മടുത്ത് ഇരിക്കുന്നു. പക്ഷെ ആരവ് ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. അവൻ വായനയിൽ മുഴുകിയിരിക്കുകയാണ്.
ഞാൻ എന്റെ അതിഥികളെ ശ്രദ്ധിക്കാൻ തുടങ്ങിയെന്നു കണ്ടപ്പോൾ, അതിലൊരാൾ എഴുന്നേറ്റ് എന്റടുത്തേക്കുവന്നു.
"അതെ ഈ ചെക്കനോട് പറയുമോ ഒന്നു നിർത്താൻ. ഈ കഥകളൊക്കെ ഞങ്ങൾ ഒരുപാട് തവണ പലശബ്ദത്തിൽ കേട്ട് മടുത്തതാ"
എനിക്ക് സംശയമായി;
"പല ശബ്ദത്തിൽ കേട്ടെന്നോ! ആരുടെ ശബ്ദത്തിൽ? എപ്പോ കേട്ടെന്നു?"
എന്റെ സംശയം ദൂരീകരിക്കാൻ രണ്ടാമത്തെ അതിഥി എഴുന്നേറ്റുവന്നു
"ഇവയൊക്കെ ആദ്യം നിന്റെ കയ്യിൽ കിട്ടിയപ്പോ, നീ ഉറക്കെ വായിച്ചു. പിന്നെ നിന്റെ അനുജൻ വായിച്ചു. നിന്റെ 'അമ്മ പലപ്പോഴായി നിങ്ങൾക്ക് വായിച്ചും തന്നു"
"ഇത്രയൊക്കെ പോരെ അതിനുള്ളിലിരിക്കുന്ന ഞങ്ങൾക്ക് മടുക്കാൻ?"
ഒന്നാമൻ എന്റെ താടിക്ക് തട്ടിക്കൊണ്ട് ചോദിച്ചു.
അതിഥി: ദേവോ: ഭവ: - അതിഥി ദൈവത്തിനു തുല്യനായതുകൊണ്ട്, അൽപ്പം വേദനിച്ചിട്ടും ഞാൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു;
"എനിക്ക് മനസ്സിലായി. ഇനിയിപ്പോ നിങ്ങളുടെ മടുപ്പു ഞാൻ എങ്ങനെ മാറ്റും? പുതിയ കഥാപുസ്തകങ്ങളാണെങ്കിൽ പഴയതിന്റെയത്ര രസകരവുമല്ല"
"അയ്യോ അങ്ങനെ പറയരുത്. ഞങ്ങൾ ഒരുപാട് അനുഭവങ്ങൾ പറഞ്ഞു തന്നിട്ടില്ലേ?"
താടിക്കു തട്ടിയ കൈകൊണ്ട് കവിളത്ത് തലോടിക്കൊണ്ട് ഒന്നാമൻ പറഞ്ഞു.
"ശരി കഥാപുസ്തകങ്ങളിലെ കഥകൾ വേണ്ട. നിങ്ങളൊക്കെ പുതിയ കഥകൾ വായിക്കുന്നത് പിന്നെ എങ്ങനാ? എവിടെനിന്നാ?"
രണ്ടാമന്റെ ചോദ്യം എന്നെ വീണ്ടും കമ്പ്യൂട്ടറിലേക്ക് കണ്ണെറിയാൻ നിർബന്ധിതനാക്കി
"ഇത് കണ്ടോ? ഇതാണ് ഫേസ്ബുക്. മലയാളീകരിച്ച് പറഞ്ഞാൽ 'മുഖപുസ്തകം'"
അൽപ്പം മുൻപ് എന്റെ മുഖഭാവം എങ്ങനെയായിരുന്നൊ, അതുപോലെ ആ വിരുന്നുകാരുടെ മുഖഭാവവും മാറി.
തുറന്നിരിക്കുന്ന വായ അടച്ചുപിടിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു.
എന്റെ സംസാരം കേട്ട ആരവ് പുസ്തകതീറ്റി മതിയാക്കി എന്നെ നോക്കി.
"എന്റമ്മേ.....ബെല്ലേട്ടാ.......!"
ആ രണ്ട് രൂപങ്ങളെ കണ്ടപ്പോൾ അവൻ ആകപ്പാടെ ഒന്ന് ഞെട്ടി.
"എന്നാടാ മോളില് ഒച്ചപ്പാട്?"
അടുക്കള ജോലിയിൽ മുഴുകിയിരുന്ന അമ്മയുടെ ശബ്ദം.
"ഒന്നുല്ലമ്മേ, പുസ്തകത്തിന്റെടക്കുന്നു ഒരു കൂറ പാഞ്ഞതാന്ന്"
"ഞാനോനോട് നൂറോട്ടം പറഞ്ഞതാന്ന് കർപ്പൂരം തെരശീലേല് കെട്ടീട്ട് അലമാരില് വെക്കാൻ. പറഞ്ഞാ കൂട്ടാക്കൂലല്ല അച്ഛനും മക്കളും"
അല്ലേലും കൊടുക്കുമ്പം 'അമ്മ പക്ഷപാതം കാണിക്കാറില്ല. ഉമ്മറത്തിരുന്നു പത്രം വായിക്കുന്നുണ്ടായിരുന്ന അച്ഛൻ വായന നിർത്തി ഒരു നിമിഷം ചിന്തിച്ചിരിക്കണം.
'അമ്മ പറഞ്ഞത് ഒരു ഒറ്റമൂലിയാണ്. കർപ്പൂരപ്രയോഗം: ചിതലും പാറ്റയും ഒന്നും തന്നെ വരില്ല പുസ്തകം തിന്നാൻ. പുസ്തകങ്ങളെല്ലാം നമുക്ക് വിശക്കുമ്പോൾ കഴിക്കാനായി അവിടെത്തന്നെ കാണും, ഭദ്രമായി.
ഞാൻ എഴുന്നേറ്റ് ആരവിന്റെ വായപൊത്തി.
"മിണ്ടാൻ പറ്റൂല്ല. ഇന്റെ കഥാവായന കേട്ട് മടുത്ത് പുറത്ത് ചാടിയവരാ ഇവര്. ഇവരിക്ക് ഞാൻ പുതിയ കഥകൾ പറഞ്ഞു കൊടുക്കാൻ പോകുവാ"
എന്റെ കൈ മാറ്റിക്കൊണ്ട് അവൻ ചോദിച്ചു:
"ബെല്ലേട്ടന് ഏടുന്നാന്ന് കഥ പറഞ്ഞുകൊടുക്കാൻ പറ്റുവാ? അതും പുതിയ കഥ. ബെർതെ പുളു അടിക്കുന്ന്"
"നീ പോയി മൂന്ന് കസേര കൊണ്ടുവാ. ഇങ്ങള് ഇരുന്നു കഥ കേട്ടോ. എടാ, എഫ്.ബി ഇല്ലടത്തോളം കാലം കഥക്കാന്ന് നമ്മക്ക് പഞ്ഞം?"
ആരവ് രണ്ട് കസേരകൾ കൊണ്ട് വന്നു. അതിഥികൾ കസേരകളിലും അവൻ എന്റെ മടിയിലും ഇരിപ്പുറപ്പിച്ചു.
ഞാൻ എന്റെ മുഖപുസ്തകം താഴേക്ക് ചലിപ്പിച്ചുകൊണ്ടിരുന്നു.
ഒരു കഥയും ഞാനായിട്ട് തുടങ്ങിയില്ല. അതുകൊണ്ടുതന്നെ അവസാനിപ്പിക്കേണ്ടിയും വന്നില്ല.
ഓരോ പോസ്റ്റും ഓരോ കഥ പറഞ്ഞു:
ദിവ്യംഗമുള്ളവർ മത്സരിച്ചു ജയിച്ച കഥ, ഒന്നുമില്ലായ്മയിൽ നിന്ന് വളർന്ന് കലക്ടറായ മകൾക്ക് മാതാപിതാക്കൾ മധുരം നൽകുന്ന കഥ, സഹോദരന് വേണ്ടി സഹോദരി വൃക്ക ദാനം ചെയ്ത കഥ, കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെനൽകിയ സത്യസന്ധരുടെ കഥ, കല്യാണത്തിന്റെ ആർഭാടചെലവ് വേണ്ടെന്നുവച്ച് പാവങ്ങളെ ഊട്ടിയ നവദമ്പതികളുടെ കഥ. അങ്ങനെ നന്മനിറഞ്ഞ ഒരായിരം കഥകൾ കണ്ട അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു. പിന്നെ ആനന്ദക്കണ്ണീർച്ചാലായി ആ നാല് കണ്ണുകൾ മാറി.
താഴേക്ക് നിരക്കി മടുത്ത ഞാൻ മൗസിൽ നിന്ന് കയ്യെടുത്തതും, നമ്മുടെ വിദ്വാൻ കീബോർഡിൽ 'F5’ അമർത്തി. ഒന്ന് മൂരിനിവർന്ന ശേഷം ഫേസ്ബുക് പുതുപുത്തൻ കഥകളുടെ വാതായനങ്ങൾ തുറന്നു.
എട്ടുകണ്ണുകൾ ഒരേ സ്ഥലത്ത് ഒട്ടിപ്പോയ നിമിഷം!!! ഒരു ചിത്രം.
ചിരിച്ചു നിൽക്കുന്ന ഒരു പെൺകുഞ്ഞിന്റെ മുഖം. വിറങ്ങലിച്ച അതെ മുഖം ഒരു തുണിയിൽ പൊതിഞ്ഞിരിക്കുന്നു. പിന്നെ ആ ചിത്രത്തിൽ തന്നെ അടിക്കുറിപ്പും മുടിക്കുറിപ്പും.
കുറിപ്പുകളിലെ വിശദാംശങ്ങൾ ഇങ്ങനെ:
ആ കുഞ്ഞിനെ മറ്റൊരു മതവിഭാഗത്തിൽപെട്ട ഏതാനും ആൾക്കാർ ചേർന്ന് ഏതാനും ദിവസങ്ങളായി ഒരു ആരാധനാലയത്തിൽവച്ച് പീഢിപ്പിച്ച്കൊന്നതിനുശേഷം മൃതദേഹം വലിച്ചെറിഞ്ഞിരിക്കുന്നു.
അതിഥികളുടെ മുഖത്ത് രക്തയോട്ടം കൂടി. ആനന്ദക്കണ്ണീർ വന്നിരുന്ന കണ്ണുകൾ ദേഷ്യവും സങ്കടവും കൊണ്ട് ചുവന്നു.
പലതവണ കുറിപ്പുകൾ വായിച്ച് ആറാം ക്ലാസ്സുകാരൻ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാൻ ശ്രമിച്ചു, എന്നിട്ടും അവന് ഒരു കാര്യത്തിൽ സംശയം ഉണ്ടായിരുന്നു:
"ബെല്ലേട്ടാ ആ കുഞ്ഞി മരിച്ചിനാ?"
ആ കുഞ്ഞുമുഖം എന്നോട് ചോദിച്ചു.
ഞാനൊന്നു മൂളി.
"നീ പോയിട്ട് കുടിക്കാൻ കൊറച്ച് വെള്ളം കൊണ്ടാ. പിന്നെ ഇവരീടില്ല കാര്യം നീ ബെല്ലമ്മേനോട് പറയണ്ട"
അവൻ മടിയിൽ നിന്നെഴുന്നേറ്റ് താഴേക്കുപോയി.
"ഇത് സത്യമാണോ?"
ഒന്നാമൻ ചോദിച്ചു.
"ഒന്നും പറയാൻ പറ്റില്ല. ഞാൻ വർത്തയൊന്നു നോക്കട്ടെ"
സത്യമാവല്ലേ എന്ന വ്യർത്ഥമായ പ്രാർത്ഥനയോടെ ഞാൻ ഗൂഗിളിൽ പുതിയ വാർത്തകൾ തിരഞ്ഞു.
സത്യമാണ്, പല ചാനലുകളിലും എക്സ്ക്ലൂസിവ് ആയി വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു.
ഞാൻ വീണ്ടും ഫേസ്ബുക് പേജിലേക്ക് തിരിച്ചുവന്നു. കുടിക്കാനുള്ള വെള്ളവുമായി ആരവും.
അതിഥികളുടെ അഭ്യർഥന മാനിച്ച് ഞാൻ അക്കൗണ്ട് ലോഗ്ഔട്ട് ചെയ്തില്ല. അനന്തരം എന്ത് സംഭവിച്ചെന്ന് അവർക്കറിയണമായിരുന്നു.
ഫേസ്ബുക്കിൽ വാക്പോരുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ഹാഷ്ടാഗുകളാൽ സമ്പന്നമായ മുഖചിത്രങ്ങൾ. മരിച്ച കുഞ്ഞിനെ പിന്താങ്ങിയവരുടെ പ്രതികരണങ്ങൾ. പ്രതികൾക്ക് നേരെയുള്ള കൊലവിളികൾ, മരിച്ച കുഞ്ഞിനെ വീണ്ടും വീണ്ടും കൊല്ലുന്നവരുടെ ആക്രോശങ്ങൾ, നിഷ്പക്ഷവാദികളുടെ അഭിപ്രായങ്ങൾ. അങ്ങനെ, മതഭ്രാന്തന്മാരെയും മതമേലാളന്മാരെയും തെറിവിളിച്ചുകൊണ്ടുള്ള ചിത്രങ്ങളും വാക്കുകളും നിറച്ച് ഓരോ പുതിയ പോസ്റ്റുകൾ വന്നുകൊണ്ടിരുന്നു. ഇടയ്ക്കുവച്ചാണ് പോസ്റ്റുകളുടെ തരം മാറിയത്. മതത്തിന്റെ കൂടെ രാഷ്ട്രീയവും കലർന്ന, ചേരുംപടി ചേരാത്ത ചില പോസ്റ്റുകൾ.
താൻ വളര്ന്നുവന്ന, താൻ വിശ്വസിക്കുന്ന മതമാണ് സത്യം. അതൊഴിച്ച് ബാക്കിയെല്ലാം അസത്യവും മോശവുമാണെന്ന്‌ വാദിക്കുന്നവർ. മറ്റു മതത്തിൽപെട്ടവരുടെ രക്തത്തിനായി മുറവിളികൂട്ടുന്നവർ. അവരെ മതഭ്രാന്തന്മാരെന്ന് വിളിക്കുന്ന മറ്റൊരു കൂട്ടർ.
ഇതിന്റെയൊക്കെ കൂട്ടത്തിൽ രാഷ്ട്രീയവും കൂടി കലർന്നതുകണ്ടപ്പോൾ ഒന്നാമനൊരു സംശയം. ഇടറിയ ശബ്ദത്തിൽ അവൻ ചോദിച്ചു:
"ഇവിടെ രാഷ്ട്രീയ ഭ്രാന്തന്മാരും ഉണ്ട് അല്ലെ?"
എനിക്കാ ചോദ്യം വ്യക്തമായില്ല. അതെന്റെ മുഖത്തുനിന്ന് വായിച്ചറിഞ്ഞെന്നവണ്ണം ഒന്നാമൻ വിശദീകരിച്ചു.
"അതായത്, തന്റെ മതം മാത്രം ആണ് ശരിയെന്ന് ഉറച്ചു വിശ്വസിക്കുകയും മറ്റു മതപ്രമാണങ്ങളെ തള്ളിപ്പറയുകയും അവസരം കിട്ടിയാൽ തരം താഴ്ത്തുകയും ചെയ്യുന്ന മതഭ്രാന്തന്മാരെപോലെ. തങ്ങളുടെ സിദ്ധാന്തങ്ങളിൽ വിശ്വസിക്കാത്ത രാഷ്ട്രീയക്കാരെയും എതിര്കക്ഷികളെയും തരം താഴ്ത്തുകയും വേട്ടയാടുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെ രാഷ്ട്രീയ ഭ്രാന്തന്മാരെന്നല്ലാതെ മറ്റെന്തു വിളിക്കണം?"
കാര്യം ഒരു മനുഷ്യന്റെ തലയിലുദിക്കാത്ത ചിന്തയാണ് ഒന്നാമൻ പറഞ്ഞതെങ്കിലും, അതിൽ കഴമ്പുണ്ടെന്ന് എനിക്കും തോന്നി.
"ഏട്ടാ ഹർത്താൽ"
പുതിയ കഥ ആരവ് ഉച്ചത്തിൽതന്നെ പറഞ്ഞു.
"ഹർത്താലാ എപ്പൊ?"
"ഇത് വായിക്ക്. ഇന്നുച്ചയ്ക്ക് ഒരു മണിമുതൽ നാളെ വൈകുന്നേരം ആറുമണിവരെ"
"അതെന്താ സാധനം?" രണ്ടാമന്റെ ചോദ്യമായിരുന്നു അത്.
"അത് സാധനമൊന്നുമല്ല. കലണ്ടറിൽ കറുത്ത ദിവസങ്ങൾ തങ്ങളായിട്ട് ചുവപ്പിക്കാൻ, വകതിരിവില്ലാത്ത ഒരു കൂട്ടം മനുഷ്യർ കണ്ടുപിടിച്ച പരിപാടിയാണ് ഹർത്താൽ"
സാഹിത്യം പെട്ടെന്ന് മനസ്സിലാകാതിരുന്ന രണ്ടാമന് ആരവ് കാര്യങ്ങൾ വ്യക്തമാക്കികൊടുത്തു.
"പീട്യയൊന്നും തുറക്കാൻ പറ്റൂല്ല. വണ്ടിയൊന്നും ഓടാൻ പറ്റൂല്ല. തൊറന്ന കത്തിക്കും. വണ്ടി ഓടിയാ, കാറ്റയിച്ചെളക്കും, ചില്ലെറിഞ്ഞു പൊളിക്കും. പിന്നെ ഉസ്കൂളും തൊറക്കാൻ പറ്റൂല്ലാന്നാന്ന്"
ശേഷം അവൻ എന്നെ നോക്കിയൊന്നിളിച്ചു.
അതിഥികൾ സന്തോഷത്തിന്റെ കരയിൽ നിന്ന് സങ്കടത്തിന്റെ പടുകുഴിയിലേക്ക് വീണുകൊണ്ടിരിക്കയാണ്. പുതിയ കഥകൾ വീഴ്ചയുടെ ആഘാതം വർധിപ്പിച്ചുകൊണ്ടിരിക്കുന്നു.
"പൊളിച്ചു. KSRTC ന്റെ ചില്ലു പൊളിച്ചു"
സച്ചിൻ സിക്സർ അടിച്ചപോലുള്ള ആവേശത്തിലാണ് ആരവ്.
ഫേസ്ബുക് എല്ലാം തത്സമയം കാണിച്ചുകൊണ്ടിരിക്കുന്നു.
"KSRTC യോ അതെന്താ?"
കൊച്ചുകുഞ്ഞുങ്ങൾ കഥയ്ക്കിടയിൽ സംശയം ചോദിക്കുന്നതുപോലെ ഒന്നാമൻ.
"സംസ്ഥാനസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു വാഹനമാണ്. പൊതുജനങ്ങൾക്ക് യാത്രാസൗകര്യമൊരുക്കാൻ. ജനങ്ങളുടെ നികുതിപ്പണവും ചേർത്ത് സർക്കാർനടത്തികൊണ്ടുപോകുന്ന ഒരു സ്ഥാപനം. ആ വാഹനത്തിന്റെ ചില്ലുകളാണ് പൊതുജനങ്ങളിലെതന്നെ ചില കഴുതകൾ എറിഞ്ഞുടയ്ക്കുന്നത്"
"ദേ നോക്കിയേ, അതിനെതിരെ ശക്തമായ ഭാഷയിൽ ഒരാൾ പ്രതികരിച്ചിരുന്നു. അതെനിക്കിഷ്ടമായി"
രണ്ടാമന്റെ മുഖത്ത് ഒരാശ്വാസം പ്രകടമായി.
"അദ്ദേഹത്തെ എനിക്കറിയാം. അദ്ദേഹത്തിന്റെ പാർട്ടിയാണ് ഇപ്പോൾ ഭരിക്കുന്നത്. എതിർപക്ഷം ഭരിച്ചപ്പോഴും ഹർത്താലുകൾ ഉണ്ടായിരുന്നു. ഫേസ്ബുക്കും. അന്നും KSRTC ചില്ലുകൾ തകർന്നിരുന്നു. അദ്ദേഹത്തിന് അന്നൊക്കെ വാക്കുകൾക്ക് ക്ഷാമം നേരിട്ടിരിക്കാം"
ഒന്നാമൻ എന്റെ മുഖം പിടിച്ച് അവന്റെ മുഖത്തിനു നേരെ തിരിച്ചു:
"അതെ, ഈ വാക്പോരുകൾ ഇതാദ്യമായിട്ടാണോ ഇങ്ങനെ?"
ഞാൻ ചിരിച്ചു: "അല്ല"
"ഇവയൊക്കെ എവിടെച്ചെന്നാണ് അവസാനിക്കാറ്? കഷ്ടത അനുഭവിച്ചവർക്ക് അനുകൂലമായി വല്ലതും ചെന്ന് ഭവിക്കുമോ?"
ഒന്നാമൻ ചോദ്യം തുടർന്നു, എന്റെ ഉത്തരവും.
"ഇതിന്റെ അവസാനവും പുതിയ പുതിയ വിഷയത്തിന്റെ ആരംഭവും ഒരുമിച്ചായിരുക്കും. ഇങ്ങനെ എത്രയെത്ര പീഡനമരണങ്ങൾ വാക്കുപോരുകൾക്ക് വിഷയമായിരിക്കുന്നു. ഇരയെന്നും ഇരയായിതന്നെ അവശേഷിക്കുന്നു. വേട്ടക്കാരൻ നാടിന്റെ കാവൽക്കരനും ഭരണം കയ്യാളുന്നവനുമായി മാറുന്നു. ഞാനടക്കമുള്ള പൊതുജനം കഴുതകളായി അത്തരം ഭരണാധികാരികളെ ചുമക്കുന്നു. നിയമങ്ങൾ മാറ്റിയെഴുതി, തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാൻ അധികാരപ്പെട്ടവർ, തെറ്റിന് മുതിരാതിരിക്കാനുള്ള പ്രവണത ഉണ്ടാക്കേണ്ടവർ. അത്തരക്കാർതന്നെ തെറ്റുകൾ ചെയ്യുന്നവർക്ക് വക്കാലത്ത് പിടിക്കുന്നു, അവരെ സംരക്ഷിക്കുന്നു. ഇരകൾക്ക് അനുകൂലമായ നാൾ വരുന്നത്, നിയമങ്ങൾ മാറിയതിനുശേഷം മാത്രമായിരിക്കും. അതിനിനി എത്രനാൾ കാത്തിരിക്കണം എന്നറിയില്ല"
"ഡാ, ചോറ് വെളമ്പി വെച്ചിട്ടുണ്ട്, കുഞ്ഞീനീം കൂട്ടീട്ട് വാ"
'അമ്മ വിളിച്ചു. ഒരുപാട് തവണ വിളിപ്പിക്കരുത്. അതെന്റെ താടിക്കു നല്ലതല്ല. ഉടൻ വരാമെന്ന് അമ്മയ്ക്ക് മറുപടി കൊടുത്തു.
"അല്ല, ഞാൻ ഉണ്ണാൻ പോകുവാണ്, നിങ്ങളെന്താ ചെയ്യാ?"
"ഞങ്ങൾ തിരിച്ച് യൂറീക്കയിലേക്കു പോകാം"
ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു
"വേഗം കേറ്. അനക്ക് ചിത്രം കീറീറ്റ് ഒട്ടിക്കണ്ട്യന്ന്”
ആരവിന്‌ ധൃതിയിയായി.
"അയ്യോ ഞങ്ങളെ മുറിക്കരുത്. ഇവിടെ നിയമങ്ങൾ മാറിയാൽ, നിങ്ങൾ ഒരിക്കൽ കൂടി യുറീക്ക തുറക്കണം. മാറ്റത്തിന്റെ കഥകൾ ഞങ്ങൾക്ക് കേൾക്കണം, കാണണം. പ്ളീസ്"
ആരവെന്നെ നോക്കി. ഞാൻ സമ്മതമാണെന്ന് തലയാട്ടി. അവർ രണ്ടുപേരും വീണ്ടും യുറീക്കയിലെ ചിത്രങ്ങളായി; കൈ ചേർത്തുപിടിച്ച് ചിരിച്ചുകൊണ്ടുനിൽക്കുന്ന രണ്ട് വാല്മാക്രികൾ.
ആ യുറീക്ക എന്റെ മേശവലിപ്പിൽ ഭദ്രമായുണ്ട്. തുറന്നിട്ടില്ല. തുറക്കണം.
അവർ ആഗ്രഹിച്ച നാൾ വന്നാൽ ഞാൻ തുറക്കും. എനിക്ക് സാധിച്ചില്ലെങ്കിൽ എന്റെ വരും തലമുറ.