Saturday, January 26, 2019

ഇവിടെ ഇങ്ങനാണ് ഭായ്

കമ്പ്യൂട്ടറിൽ ഫേസ്ബുക്കും നോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ ആരവ് കോണിപ്പടിയും കേറിവന്നു. അമ്മയുടെ അനുജത്തിയുടെ മകനാണ് കക്ഷി. ഇപ്പോൾ ആറാം ക്‌ളാസിൽ പഠിക്കുന്നു. എന്തോ കാര്യസാധ്യത്തിനാണ് വരവ്. കസേരയിൽ ഇരിക്കുകയായിരുന്ന എന്റെ ചുമലിലൂടെ കയ്യിട്ട്, മുഖം എന്റെ ഇടത്തെ ചുമലിൽ വച്ച്, കവിളത്തൊരുമ്മ തന്നു.
"എന്താടാ വേണ്ടേ...? മുത്തത്തിന് പഞ്ചാര കൂടീറ്റിണ്ടല്ല"
"ബെല്ലേട്ടാ....., അത് പിന്നെ, ഉസ്കൂളിലേക്കു കളക്ഷനാക്കി കൊണ്ടോണം. സ്വാതന്ത്ര്യസമരസേനാനികളുടെയും ശാസ്ത്രജ്ഞന്മാരുടെയും ചിത്രം മുറിച്ചൊട്ടിച്ചിട്ട് കൊണ്ടരാൻ പറഞ്ഞിന് ശ്യാമള ടീച്ചർ"
"അതിനു ശ്യാമള ടീച്ചർ മലയാളത്തിനല്ലേ?"
തുടക്കം തന്നെ പാളിയ അവൻ പക്ഷെ പെട്ടെന്ന് തന്നെ നിയന്ത്രണം ഏറ്റെടുത്തു.
"ആ, അല്ല, ശോഭ ടീച്ചറാ"
"ശെരി അയിനിപ്പം ഞാനെന്താ വേണ്ടേ?"
"ഏട്ടന്റെ പഴേ കഥാബുക്കില്ലേ, അയിലിന്നു കീറിക്കോട്ടെ"
"ആട. നീ ബെല്ലമ്മേനോട് പറ. വടക്കേ ആത്തേ അലമാര തൊറന്ന്തെരാൻ. എന്താ വേണ്ടെന്നു വെച്ചാൽ നീ എടുത്തോ"
അമ്മയുടെ കസ്റ്റഡിയിലാണ് എന്റെ പഴയ പുസ്‌തകങ്ങളെല്ലാം. ഞാനും അമ്മയും ഒന്നും കളയാറില്ല. പുസ്തകം പൊന്നുപോലെ സൂക്ഷിക്കണം. പുസ്തകമെന്നല്ല പഠിക്കാനുപയോഗിക്കുന്നതെന്തും. അതുകൊണ്ടുതന്നെ പുതിയ പുസ്തകത്തോടൊപ്പം അച്ഛൻ കാപ്പിനിറത്തിലുള്ള പൊതിയും കൊണ്ടുവരും. ആദ്യമൊക്കെ പൊതി അമ്മയിട്ടുതരുമായിരുന്നു. പിന്നെ സ്വമേധയാ ചെയ്യാമെന്നായി. അങ്ങനെ മൂല മടങ്ങാതെ, താളുകൾ കീറാതെ പുസ്തകം പൊന്നുപോലെ സൂക്ഷിച്ചു. പിന്നെ അയൽവക്കത്തെ ആവശ്യക്കാരായ കുട്ടികൾ വന്നാൽ അമ്മ പാഠപുസ്തകം എടുത്തുകൊടുക്കും. ഒപ്പം ഒന്നുമാത്രം ആവശ്യപ്പെടും;
"കൊല്ലപ്പരീക്ഷ കയിഞ്ഞ കൊണ്ടുത്തരണേ"
മറ്റൊന്നിനുമല്ല, ഇനിയും ആവശ്യക്കാരുണ്ടാകും. പിന്നെ, തിരിച്ചുകൊടുക്കണമെന്ന ചിന്ത അവരുടെ മനസ്സിലും ഉള്ളതുകൊണ്ട് അവരും അത് 'പൊന്നുപോലെ' സൂക്ഷിക്കും.
അത്തരം പൊൻപുസ്തകങ്ങളുടെ ഒരുകെട്ടുമായി ആരവ് വീണ്ടും കോണിപ്പടിക്കയറി. അപ്പോഴും ഞാൻ ഓൺലൈൻ 'നാറാണത്തു ഭ്രാന്തന്റെ' പ്രവർത്തികൾ തുടരുകയായിരുന്നു.
കക്ഷി ചുമരിനോട് ചെർന്നിരുന്നു. ഇടതുവശത്ത് വച്ച പുസ്തകങ്ങളുടെ അട്ടിയിൽനിന്ന് ഒന്നെടുത്ത് വായനതുടങ്ങി.
"അല്ലേടാ ഇനിക്ക് കളക്ഷൻ ആക്കണെന്ന് പറഞ്ഞിട്ട്?"
"അതിപ്പോ..., വീട്ടിപ്പോയാ 'അമ്മ പറയും 'പഠിക്കെടാ പഠിക്കെടാന്നു'. ഞാൻ കൊറച്ചുകൈഞ്ഞിട്ട് പോവാ. ഇതെല്ലം കീറിക്കയ്ഞ്ഞാപ്പിന്നെ വായിക്കാൻ പറ്റൂല്ലല്ലാ"
ആറാം ക്ലാസുകാരന്റെ അതിബുദ്ധി കണ്ട് ഞാൻ തലയാട്ടി.
അവൻ പുസ്തകത്തിലും ഞാൻ കംപ്യൂട്ടറിലും കണ്ണമർത്തി.
ആരവ് വായന ഉച്ചത്തിൽ തന്നെ തുടരുകയാണ്. ഞാൻ അൽപ്പനേരത്തിനുശേഷം അവനെ നോക്കി. ആ കാഴ്ച കണ്ട് ഞാനൊന്നു ഞെട്ടി: അവന്റെ മുന്നിലതാ രണ്ട് വാൽമാക്രികൾ ചമ്രം പടഞ്ഞിരിക്കുന്നു.അവന്റെ കയ്യിലാണെങ്കിൽ നിറം മങ്ങിയ ഒരു 'യുറീക്ക'.
പണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ യുറീക്ക കിട്ടുന്നുണ്ടായിരുന്നു. പിന്നെ തത്തമ്മ വന്നു, ബാലമംഗളം, ബാലരമ, ബാലഭൂമി. അങ്ങനെ വടക്കേ അകത്തുള്ള അലമാരയിൽ ഭൂമിയിലെത്തിയ വിരുന്നുകാരും, ഡിങ്കനും, ശുപ്പാണ്ടിയും, കപീഷും, മായാവിയും, ശക്തിമരുന്നിലെ കുട്ടികളും, മാലുവും മൂഷിക്കും വെളിച്ചം കാണാതെയും ശ്വാസം കിട്ടാതെയും കിടന്നു.
ആരവ് വായിച്ചുകൊണ്ടിരുന്ന യുറീക്കയിലെ 'ഭൂമിയിലെത്തിയ വിരുന്നുകാരാണ്' ഇന്നത്തെ എന്റെ അതിഥികൾ; വാൽമാക്രികൾ.
അവരതാ, ആരാവിന്റെ കഥകളും കേട്ട് മടുത്ത് ഇരിക്കുന്നു. പക്ഷെ ആരവ് ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. അവൻ വായനയിൽ മുഴുകിയിരിക്കുകയാണ്.
ഞാൻ എന്റെ അതിഥികളെ ശ്രദ്ധിക്കാൻ തുടങ്ങിയെന്നു കണ്ടപ്പോൾ, അതിലൊരാൾ എഴുന്നേറ്റ് എന്റടുത്തേക്കുവന്നു.
"അതെ ഈ ചെക്കനോട് പറയുമോ ഒന്നു നിർത്താൻ. ഈ കഥകളൊക്കെ ഞങ്ങൾ ഒരുപാട് തവണ പലശബ്ദത്തിൽ കേട്ട് മടുത്തതാ"
എനിക്ക് സംശയമായി;
"പല ശബ്ദത്തിൽ കേട്ടെന്നോ! ആരുടെ ശബ്ദത്തിൽ? എപ്പോ കേട്ടെന്നു?"
എന്റെ സംശയം ദൂരീകരിക്കാൻ രണ്ടാമത്തെ അതിഥി എഴുന്നേറ്റുവന്നു
"ഇവയൊക്കെ ആദ്യം നിന്റെ കയ്യിൽ കിട്ടിയപ്പോ, നീ ഉറക്കെ വായിച്ചു. പിന്നെ നിന്റെ അനുജൻ വായിച്ചു. നിന്റെ 'അമ്മ പലപ്പോഴായി നിങ്ങൾക്ക് വായിച്ചും തന്നു"
"ഇത്രയൊക്കെ പോരെ അതിനുള്ളിലിരിക്കുന്ന ഞങ്ങൾക്ക് മടുക്കാൻ?"
ഒന്നാമൻ എന്റെ താടിക്ക് തട്ടിക്കൊണ്ട് ചോദിച്ചു.
അതിഥി: ദേവോ: ഭവ: - അതിഥി ദൈവത്തിനു തുല്യനായതുകൊണ്ട്, അൽപ്പം വേദനിച്ചിട്ടും ഞാൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു;
"എനിക്ക് മനസ്സിലായി. ഇനിയിപ്പോ നിങ്ങളുടെ മടുപ്പു ഞാൻ എങ്ങനെ മാറ്റും? പുതിയ കഥാപുസ്തകങ്ങളാണെങ്കിൽ പഴയതിന്റെയത്ര രസകരവുമല്ല"
"അയ്യോ അങ്ങനെ പറയരുത്. ഞങ്ങൾ ഒരുപാട് അനുഭവങ്ങൾ പറഞ്ഞു തന്നിട്ടില്ലേ?"
താടിക്കു തട്ടിയ കൈകൊണ്ട് കവിളത്ത് തലോടിക്കൊണ്ട് ഒന്നാമൻ പറഞ്ഞു.
"ശരി കഥാപുസ്തകങ്ങളിലെ കഥകൾ വേണ്ട. നിങ്ങളൊക്കെ പുതിയ കഥകൾ വായിക്കുന്നത് പിന്നെ എങ്ങനാ? എവിടെനിന്നാ?"
രണ്ടാമന്റെ ചോദ്യം എന്നെ വീണ്ടും കമ്പ്യൂട്ടറിലേക്ക് കണ്ണെറിയാൻ നിർബന്ധിതനാക്കി
"ഇത് കണ്ടോ? ഇതാണ് ഫേസ്ബുക്. മലയാളീകരിച്ച് പറഞ്ഞാൽ 'മുഖപുസ്തകം'"
അൽപ്പം മുൻപ് എന്റെ മുഖഭാവം എങ്ങനെയായിരുന്നൊ, അതുപോലെ ആ വിരുന്നുകാരുടെ മുഖഭാവവും മാറി.
തുറന്നിരിക്കുന്ന വായ അടച്ചുപിടിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു.
എന്റെ സംസാരം കേട്ട ആരവ് പുസ്തകതീറ്റി മതിയാക്കി എന്നെ നോക്കി.
"എന്റമ്മേ.....ബെല്ലേട്ടാ.......!"
ആ രണ്ട് രൂപങ്ങളെ കണ്ടപ്പോൾ അവൻ ആകപ്പാടെ ഒന്ന് ഞെട്ടി.
"എന്നാടാ മോളില് ഒച്ചപ്പാട്?"
അടുക്കള ജോലിയിൽ മുഴുകിയിരുന്ന അമ്മയുടെ ശബ്ദം.
"ഒന്നുല്ലമ്മേ, പുസ്തകത്തിന്റെടക്കുന്നു ഒരു കൂറ പാഞ്ഞതാന്ന്"
"ഞാനോനോട് നൂറോട്ടം പറഞ്ഞതാന്ന് കർപ്പൂരം തെരശീലേല് കെട്ടീട്ട് അലമാരില് വെക്കാൻ. പറഞ്ഞാ കൂട്ടാക്കൂലല്ല അച്ഛനും മക്കളും"
അല്ലേലും കൊടുക്കുമ്പം 'അമ്മ പക്ഷപാതം കാണിക്കാറില്ല. ഉമ്മറത്തിരുന്നു പത്രം വായിക്കുന്നുണ്ടായിരുന്ന അച്ഛൻ വായന നിർത്തി ഒരു നിമിഷം ചിന്തിച്ചിരിക്കണം.
'അമ്മ പറഞ്ഞത് ഒരു ഒറ്റമൂലിയാണ്. കർപ്പൂരപ്രയോഗം: ചിതലും പാറ്റയും ഒന്നും തന്നെ വരില്ല പുസ്തകം തിന്നാൻ. പുസ്തകങ്ങളെല്ലാം നമുക്ക് വിശക്കുമ്പോൾ കഴിക്കാനായി അവിടെത്തന്നെ കാണും, ഭദ്രമായി.
ഞാൻ എഴുന്നേറ്റ് ആരവിന്റെ വായപൊത്തി.
"മിണ്ടാൻ പറ്റൂല്ല. ഇന്റെ കഥാവായന കേട്ട് മടുത്ത് പുറത്ത് ചാടിയവരാ ഇവര്. ഇവരിക്ക് ഞാൻ പുതിയ കഥകൾ പറഞ്ഞു കൊടുക്കാൻ പോകുവാ"
എന്റെ കൈ മാറ്റിക്കൊണ്ട് അവൻ ചോദിച്ചു:
"ബെല്ലേട്ടന് ഏടുന്നാന്ന് കഥ പറഞ്ഞുകൊടുക്കാൻ പറ്റുവാ? അതും പുതിയ കഥ. ബെർതെ പുളു അടിക്കുന്ന്"
"നീ പോയി മൂന്ന് കസേര കൊണ്ടുവാ. ഇങ്ങള് ഇരുന്നു കഥ കേട്ടോ. എടാ, എഫ്.ബി ഇല്ലടത്തോളം കാലം കഥക്കാന്ന് നമ്മക്ക് പഞ്ഞം?"
ആരവ് രണ്ട് കസേരകൾ കൊണ്ട് വന്നു. അതിഥികൾ കസേരകളിലും അവൻ എന്റെ മടിയിലും ഇരിപ്പുറപ്പിച്ചു.
ഞാൻ എന്റെ മുഖപുസ്തകം താഴേക്ക് ചലിപ്പിച്ചുകൊണ്ടിരുന്നു.
ഒരു കഥയും ഞാനായിട്ട് തുടങ്ങിയില്ല. അതുകൊണ്ടുതന്നെ അവസാനിപ്പിക്കേണ്ടിയും വന്നില്ല.
ഓരോ പോസ്റ്റും ഓരോ കഥ പറഞ്ഞു:
ദിവ്യംഗമുള്ളവർ മത്സരിച്ചു ജയിച്ച കഥ, ഒന്നുമില്ലായ്മയിൽ നിന്ന് വളർന്ന് കലക്ടറായ മകൾക്ക് മാതാപിതാക്കൾ മധുരം നൽകുന്ന കഥ, സഹോദരന് വേണ്ടി സഹോദരി വൃക്ക ദാനം ചെയ്ത കഥ, കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെനൽകിയ സത്യസന്ധരുടെ കഥ, കല്യാണത്തിന്റെ ആർഭാടചെലവ് വേണ്ടെന്നുവച്ച് പാവങ്ങളെ ഊട്ടിയ നവദമ്പതികളുടെ കഥ. അങ്ങനെ നന്മനിറഞ്ഞ ഒരായിരം കഥകൾ കണ്ട അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു. പിന്നെ ആനന്ദക്കണ്ണീർച്ചാലായി ആ നാല് കണ്ണുകൾ മാറി.
താഴേക്ക് നിരക്കി മടുത്ത ഞാൻ മൗസിൽ നിന്ന് കയ്യെടുത്തതും, നമ്മുടെ വിദ്വാൻ കീബോർഡിൽ 'F5’ അമർത്തി. ഒന്ന് മൂരിനിവർന്ന ശേഷം ഫേസ്ബുക് പുതുപുത്തൻ കഥകളുടെ വാതായനങ്ങൾ തുറന്നു.
എട്ടുകണ്ണുകൾ ഒരേ സ്ഥലത്ത് ഒട്ടിപ്പോയ നിമിഷം!!! ഒരു ചിത്രം.
ചിരിച്ചു നിൽക്കുന്ന ഒരു പെൺകുഞ്ഞിന്റെ മുഖം. വിറങ്ങലിച്ച അതെ മുഖം ഒരു തുണിയിൽ പൊതിഞ്ഞിരിക്കുന്നു. പിന്നെ ആ ചിത്രത്തിൽ തന്നെ അടിക്കുറിപ്പും മുടിക്കുറിപ്പും.
കുറിപ്പുകളിലെ വിശദാംശങ്ങൾ ഇങ്ങനെ:
ആ കുഞ്ഞിനെ മറ്റൊരു മതവിഭാഗത്തിൽപെട്ട ഏതാനും ആൾക്കാർ ചേർന്ന് ഏതാനും ദിവസങ്ങളായി ഒരു ആരാധനാലയത്തിൽവച്ച് പീഢിപ്പിച്ച്കൊന്നതിനുശേഷം മൃതദേഹം വലിച്ചെറിഞ്ഞിരിക്കുന്നു.
അതിഥികളുടെ മുഖത്ത് രക്തയോട്ടം കൂടി. ആനന്ദക്കണ്ണീർ വന്നിരുന്ന കണ്ണുകൾ ദേഷ്യവും സങ്കടവും കൊണ്ട് ചുവന്നു.
പലതവണ കുറിപ്പുകൾ വായിച്ച് ആറാം ക്ലാസ്സുകാരൻ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാൻ ശ്രമിച്ചു, എന്നിട്ടും അവന് ഒരു കാര്യത്തിൽ സംശയം ഉണ്ടായിരുന്നു:
"ബെല്ലേട്ടാ ആ കുഞ്ഞി മരിച്ചിനാ?"
ആ കുഞ്ഞുമുഖം എന്നോട് ചോദിച്ചു.
ഞാനൊന്നു മൂളി.
"നീ പോയിട്ട് കുടിക്കാൻ കൊറച്ച് വെള്ളം കൊണ്ടാ. പിന്നെ ഇവരീടില്ല കാര്യം നീ ബെല്ലമ്മേനോട് പറയണ്ട"
അവൻ മടിയിൽ നിന്നെഴുന്നേറ്റ് താഴേക്കുപോയി.
"ഇത് സത്യമാണോ?"
ഒന്നാമൻ ചോദിച്ചു.
"ഒന്നും പറയാൻ പറ്റില്ല. ഞാൻ വർത്തയൊന്നു നോക്കട്ടെ"
സത്യമാവല്ലേ എന്ന വ്യർത്ഥമായ പ്രാർത്ഥനയോടെ ഞാൻ ഗൂഗിളിൽ പുതിയ വാർത്തകൾ തിരഞ്ഞു.
സത്യമാണ്, പല ചാനലുകളിലും എക്സ്ക്ലൂസിവ് ആയി വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു.
ഞാൻ വീണ്ടും ഫേസ്ബുക് പേജിലേക്ക് തിരിച്ചുവന്നു. കുടിക്കാനുള്ള വെള്ളവുമായി ആരവും.
അതിഥികളുടെ അഭ്യർഥന മാനിച്ച് ഞാൻ അക്കൗണ്ട് ലോഗ്ഔട്ട് ചെയ്തില്ല. അനന്തരം എന്ത് സംഭവിച്ചെന്ന് അവർക്കറിയണമായിരുന്നു.
ഫേസ്ബുക്കിൽ വാക്പോരുകൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ഹാഷ്ടാഗുകളാൽ സമ്പന്നമായ മുഖചിത്രങ്ങൾ. മരിച്ച കുഞ്ഞിനെ പിന്താങ്ങിയവരുടെ പ്രതികരണങ്ങൾ. പ്രതികൾക്ക് നേരെയുള്ള കൊലവിളികൾ, മരിച്ച കുഞ്ഞിനെ വീണ്ടും വീണ്ടും കൊല്ലുന്നവരുടെ ആക്രോശങ്ങൾ, നിഷ്പക്ഷവാദികളുടെ അഭിപ്രായങ്ങൾ. അങ്ങനെ, മതഭ്രാന്തന്മാരെയും മതമേലാളന്മാരെയും തെറിവിളിച്ചുകൊണ്ടുള്ള ചിത്രങ്ങളും വാക്കുകളും നിറച്ച് ഓരോ പുതിയ പോസ്റ്റുകൾ വന്നുകൊണ്ടിരുന്നു. ഇടയ്ക്കുവച്ചാണ് പോസ്റ്റുകളുടെ തരം മാറിയത്. മതത്തിന്റെ കൂടെ രാഷ്ട്രീയവും കലർന്ന, ചേരുംപടി ചേരാത്ത ചില പോസ്റ്റുകൾ.
താൻ വളര്ന്നുവന്ന, താൻ വിശ്വസിക്കുന്ന മതമാണ് സത്യം. അതൊഴിച്ച് ബാക്കിയെല്ലാം അസത്യവും മോശവുമാണെന്ന്‌ വാദിക്കുന്നവർ. മറ്റു മതത്തിൽപെട്ടവരുടെ രക്തത്തിനായി മുറവിളികൂട്ടുന്നവർ. അവരെ മതഭ്രാന്തന്മാരെന്ന് വിളിക്കുന്ന മറ്റൊരു കൂട്ടർ.
ഇതിന്റെയൊക്കെ കൂട്ടത്തിൽ രാഷ്ട്രീയവും കൂടി കലർന്നതുകണ്ടപ്പോൾ ഒന്നാമനൊരു സംശയം. ഇടറിയ ശബ്ദത്തിൽ അവൻ ചോദിച്ചു:
"ഇവിടെ രാഷ്ട്രീയ ഭ്രാന്തന്മാരും ഉണ്ട് അല്ലെ?"
എനിക്കാ ചോദ്യം വ്യക്തമായില്ല. അതെന്റെ മുഖത്തുനിന്ന് വായിച്ചറിഞ്ഞെന്നവണ്ണം ഒന്നാമൻ വിശദീകരിച്ചു.
"അതായത്, തന്റെ മതം മാത്രം ആണ് ശരിയെന്ന് ഉറച്ചു വിശ്വസിക്കുകയും മറ്റു മതപ്രമാണങ്ങളെ തള്ളിപ്പറയുകയും അവസരം കിട്ടിയാൽ തരം താഴ്ത്തുകയും ചെയ്യുന്ന മതഭ്രാന്തന്മാരെപോലെ. തങ്ങളുടെ സിദ്ധാന്തങ്ങളിൽ വിശ്വസിക്കാത്ത രാഷ്ട്രീയക്കാരെയും എതിര്കക്ഷികളെയും തരം താഴ്ത്തുകയും വേട്ടയാടുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെ രാഷ്ട്രീയ ഭ്രാന്തന്മാരെന്നല്ലാതെ മറ്റെന്തു വിളിക്കണം?"
കാര്യം ഒരു മനുഷ്യന്റെ തലയിലുദിക്കാത്ത ചിന്തയാണ് ഒന്നാമൻ പറഞ്ഞതെങ്കിലും, അതിൽ കഴമ്പുണ്ടെന്ന് എനിക്കും തോന്നി.
"ഏട്ടാ ഹർത്താൽ"
പുതിയ കഥ ആരവ് ഉച്ചത്തിൽതന്നെ പറഞ്ഞു.
"ഹർത്താലാ എപ്പൊ?"
"ഇത് വായിക്ക്. ഇന്നുച്ചയ്ക്ക് ഒരു മണിമുതൽ നാളെ വൈകുന്നേരം ആറുമണിവരെ"
"അതെന്താ സാധനം?" രണ്ടാമന്റെ ചോദ്യമായിരുന്നു അത്.
"അത് സാധനമൊന്നുമല്ല. കലണ്ടറിൽ കറുത്ത ദിവസങ്ങൾ തങ്ങളായിട്ട് ചുവപ്പിക്കാൻ, വകതിരിവില്ലാത്ത ഒരു കൂട്ടം മനുഷ്യർ കണ്ടുപിടിച്ച പരിപാടിയാണ് ഹർത്താൽ"
സാഹിത്യം പെട്ടെന്ന് മനസ്സിലാകാതിരുന്ന രണ്ടാമന് ആരവ് കാര്യങ്ങൾ വ്യക്തമാക്കികൊടുത്തു.
"പീട്യയൊന്നും തുറക്കാൻ പറ്റൂല്ല. വണ്ടിയൊന്നും ഓടാൻ പറ്റൂല്ല. തൊറന്ന കത്തിക്കും. വണ്ടി ഓടിയാ, കാറ്റയിച്ചെളക്കും, ചില്ലെറിഞ്ഞു പൊളിക്കും. പിന്നെ ഉസ്കൂളും തൊറക്കാൻ പറ്റൂല്ലാന്നാന്ന്"
ശേഷം അവൻ എന്നെ നോക്കിയൊന്നിളിച്ചു.
അതിഥികൾ സന്തോഷത്തിന്റെ കരയിൽ നിന്ന് സങ്കടത്തിന്റെ പടുകുഴിയിലേക്ക് വീണുകൊണ്ടിരിക്കയാണ്. പുതിയ കഥകൾ വീഴ്ചയുടെ ആഘാതം വർധിപ്പിച്ചുകൊണ്ടിരിക്കുന്നു.
"പൊളിച്ചു. KSRTC ന്റെ ചില്ലു പൊളിച്ചു"
സച്ചിൻ സിക്സർ അടിച്ചപോലുള്ള ആവേശത്തിലാണ് ആരവ്.
ഫേസ്ബുക് എല്ലാം തത്സമയം കാണിച്ചുകൊണ്ടിരിക്കുന്നു.
"KSRTC യോ അതെന്താ?"
കൊച്ചുകുഞ്ഞുങ്ങൾ കഥയ്ക്കിടയിൽ സംശയം ചോദിക്കുന്നതുപോലെ ഒന്നാമൻ.
"സംസ്ഥാനസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു വാഹനമാണ്. പൊതുജനങ്ങൾക്ക് യാത്രാസൗകര്യമൊരുക്കാൻ. ജനങ്ങളുടെ നികുതിപ്പണവും ചേർത്ത് സർക്കാർനടത്തികൊണ്ടുപോകുന്ന ഒരു സ്ഥാപനം. ആ വാഹനത്തിന്റെ ചില്ലുകളാണ് പൊതുജനങ്ങളിലെതന്നെ ചില കഴുതകൾ എറിഞ്ഞുടയ്ക്കുന്നത്"
"ദേ നോക്കിയേ, അതിനെതിരെ ശക്തമായ ഭാഷയിൽ ഒരാൾ പ്രതികരിച്ചിരുന്നു. അതെനിക്കിഷ്ടമായി"
രണ്ടാമന്റെ മുഖത്ത് ഒരാശ്വാസം പ്രകടമായി.
"അദ്ദേഹത്തെ എനിക്കറിയാം. അദ്ദേഹത്തിന്റെ പാർട്ടിയാണ് ഇപ്പോൾ ഭരിക്കുന്നത്. എതിർപക്ഷം ഭരിച്ചപ്പോഴും ഹർത്താലുകൾ ഉണ്ടായിരുന്നു. ഫേസ്ബുക്കും. അന്നും KSRTC ചില്ലുകൾ തകർന്നിരുന്നു. അദ്ദേഹത്തിന് അന്നൊക്കെ വാക്കുകൾക്ക് ക്ഷാമം നേരിട്ടിരിക്കാം"
ഒന്നാമൻ എന്റെ മുഖം പിടിച്ച് അവന്റെ മുഖത്തിനു നേരെ തിരിച്ചു:
"അതെ, ഈ വാക്പോരുകൾ ഇതാദ്യമായിട്ടാണോ ഇങ്ങനെ?"
ഞാൻ ചിരിച്ചു: "അല്ല"
"ഇവയൊക്കെ എവിടെച്ചെന്നാണ് അവസാനിക്കാറ്? കഷ്ടത അനുഭവിച്ചവർക്ക് അനുകൂലമായി വല്ലതും ചെന്ന് ഭവിക്കുമോ?"
ഒന്നാമൻ ചോദ്യം തുടർന്നു, എന്റെ ഉത്തരവും.
"ഇതിന്റെ അവസാനവും പുതിയ പുതിയ വിഷയത്തിന്റെ ആരംഭവും ഒരുമിച്ചായിരുക്കും. ഇങ്ങനെ എത്രയെത്ര പീഡനമരണങ്ങൾ വാക്കുപോരുകൾക്ക് വിഷയമായിരിക്കുന്നു. ഇരയെന്നും ഇരയായിതന്നെ അവശേഷിക്കുന്നു. വേട്ടക്കാരൻ നാടിന്റെ കാവൽക്കരനും ഭരണം കയ്യാളുന്നവനുമായി മാറുന്നു. ഞാനടക്കമുള്ള പൊതുജനം കഴുതകളായി അത്തരം ഭരണാധികാരികളെ ചുമക്കുന്നു. നിയമങ്ങൾ മാറ്റിയെഴുതി, തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാൻ അധികാരപ്പെട്ടവർ, തെറ്റിന് മുതിരാതിരിക്കാനുള്ള പ്രവണത ഉണ്ടാക്കേണ്ടവർ. അത്തരക്കാർതന്നെ തെറ്റുകൾ ചെയ്യുന്നവർക്ക് വക്കാലത്ത് പിടിക്കുന്നു, അവരെ സംരക്ഷിക്കുന്നു. ഇരകൾക്ക് അനുകൂലമായ നാൾ വരുന്നത്, നിയമങ്ങൾ മാറിയതിനുശേഷം മാത്രമായിരിക്കും. അതിനിനി എത്രനാൾ കാത്തിരിക്കണം എന്നറിയില്ല"
"ഡാ, ചോറ് വെളമ്പി വെച്ചിട്ടുണ്ട്, കുഞ്ഞീനീം കൂട്ടീട്ട് വാ"
'അമ്മ വിളിച്ചു. ഒരുപാട് തവണ വിളിപ്പിക്കരുത്. അതെന്റെ താടിക്കു നല്ലതല്ല. ഉടൻ വരാമെന്ന് അമ്മയ്ക്ക് മറുപടി കൊടുത്തു.
"അല്ല, ഞാൻ ഉണ്ണാൻ പോകുവാണ്, നിങ്ങളെന്താ ചെയ്യാ?"
"ഞങ്ങൾ തിരിച്ച് യൂറീക്കയിലേക്കു പോകാം"
ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു
"വേഗം കേറ്. അനക്ക് ചിത്രം കീറീറ്റ് ഒട്ടിക്കണ്ട്യന്ന്”
ആരവിന്‌ ധൃതിയിയായി.
"അയ്യോ ഞങ്ങളെ മുറിക്കരുത്. ഇവിടെ നിയമങ്ങൾ മാറിയാൽ, നിങ്ങൾ ഒരിക്കൽ കൂടി യുറീക്ക തുറക്കണം. മാറ്റത്തിന്റെ കഥകൾ ഞങ്ങൾക്ക് കേൾക്കണം, കാണണം. പ്ളീസ്"
ആരവെന്നെ നോക്കി. ഞാൻ സമ്മതമാണെന്ന് തലയാട്ടി. അവർ രണ്ടുപേരും വീണ്ടും യുറീക്കയിലെ ചിത്രങ്ങളായി; കൈ ചേർത്തുപിടിച്ച് ചിരിച്ചുകൊണ്ടുനിൽക്കുന്ന രണ്ട് വാല്മാക്രികൾ.
ആ യുറീക്ക എന്റെ മേശവലിപ്പിൽ ഭദ്രമായുണ്ട്. തുറന്നിട്ടില്ല. തുറക്കണം.
അവർ ആഗ്രഹിച്ച നാൾ വന്നാൽ ഞാൻ തുറക്കും. എനിക്ക് സാധിച്ചില്ലെങ്കിൽ എന്റെ വരും തലമുറ.

ആലോചന

ഇന്ന് ആഗസ്ത് 8 .
കഴിഞ്ഞ വര്ഷത്തിനുമുന്പുള്ള വര്ഷം വരെ എന്റെ ജീവിതത്തിൽ, ഈ ദിവസത്തിന് അത്രകണ്ട് പ്രസക്തിയൊന്നും ഉണ്ടായിരുന്നില്ല. എന്തിനേറെ പറയുന്നു, അച്ഛന്റെയും അമ്മയുടെയും ജന്മദിനമായിരുന്നിട്ടുകൂടി; അതുപോലും വൈകുന്നേരങ്ങളിലുള്ള ഫോൺ സംഭാഷണങ്ങളിൽ അമ്മെയെന്നെ ഓർമ്മിപ്പിക്കാറാണ് പതിവ്. പക്ഷെ ഇനിമുതൽ അവരുടെ ജന്മദിനം ഞാൻ മറക്കില്ല. മറക്കാൻ എന്റെ ഉണ്ടക്കണ്ണി സമ്മതിക്കില്ല. നിലവിളക്കും പിടിച്ച് അവൾ ഈ വീട്ടിലേക്കു കയറിവന്നത് കഴിഞ്ഞ വര്ഷം ആഗസ്ത് എട്ടിനായിരുന്നു.
"മറ്റന്നാള് ഒരു കേക്ക് വാങ്ങണം. എന്നിട്ടു നമ്മക്ക് നാലാക്കും ചേർന്ന് മുറിക്കണം"
ഉറക്കച്ചടവിലാണെങ്കിലും ഞാനൊന്നു മൂളി
"അച്ഛനും അമ്മയ്ക്കും പിറന്നാളിന് ഒരു കോടി വാങ്ങണം"
"ഇനിക്ക് വെല്ല പിരാന്തുണ്ടാ? ഓണത്തിനും വിഷൂനും മാത്രം കോടി ഉടുക്കുന്നവരാന്നു അവര്"
"അത് സാരൂല്ല, ഇനിമുതൽ അവര് പിറന്നാളിനും കോടിയുടുക്കും"
അതിനും സമ്മതം മൂളിക്കൊണ്ടാണ് ഞാനന്ന് ഉറക്കത്തിലേക്കു വഴുതി വീണത്. എന്റെ നെഞ്ചിലേക്ക് ചാരി അവളും.
നട്ടുച്ചയ്ക്ക് മത്തു പിടിക്കാനുള്ള സദ്യയും രണ്ടുകൂട്ടം പായസവും ആഘോഷത്തിന് മോടി കൂട്ടാനായി അടുക്കളയിൽ തയ്യാറായി. അമ്മയേക്കാൾ നന്നായി അച്ഛൻ സദ്യ ഉണ്ടാക്കുന്നതുകൊണ്ട് ഇന്ന് ഉണ്ടക്കണ്ണി അമ്മയെ അത്ര ഗൗനിച്ചതായി കണ്ടില്ല. നാളെ മുതൽ നീ എന്റെ കീഴിൽ തന്നെ വരുമെന്ന ഭാവത്തിൽ അമ്മയും നിന്നു.
രണ്ടുകൂട്ടം പായസവും പഴവും കഴിച്ച്, ഇലയും മടക്കി ഞാൻ കട്ടിലിലേക്ക് മലർന്നു വീണു. ടിവിയിൽ ഏതോ ഒരു സിനിമ. ശബ്ദരേഖ എനിക്ക് കേൾക്കാം. അവർ മൂന്നുപേരും ആ സിനിമ കേൾക്കുകയും കാണുകയും ചെയ്യുന്നു.
എനിക്ക് മുകളിൽ, കറങ്ങുന്നൊരു പങ്ക. അതിന്റെ കറക്കം ശ്രദ്ധിക്കുന്നതിനിടയിൽ ശബ്ദരേഖയൊക്കെ എന്നിൽനിന്നകലുന്നതായി തോന്നി.
കറങ്ങിക്കറങ്ങി അവസാനം ഒരു ചുഴി രൂപപ്പെട്ടു. ഏതോ ഒരു ശക്തി എന്റെ ചിന്തകളെ ആ ചുഴിയിലേക്ക് ആഞ്ഞുവലിക്കുന്നു.
"എന്താ പരിപാടി?"
അയച്ച സന്ദേശത്തിനുള്ള മറുപടി അങ്ങേത്തലയ്ക്കലിൽനിന്ന് വരുന്നതും കാത്തിരിപ്പാണ്.
"ഒന്നൂല്ലേടാ, കറങ്ങുന്ന ഫാനും നോക്കി കിടപ്പാണ്. ആശുപത്രീലാണ്"
പ്രതീക്ഷിക്കാത്ത മറുപടി. എന്താവാം കാരണം? ആ ചോദ്യമല്ല, മറിച്ച് അതിനുള്ള അനേകം ഉത്തരങ്ങൾ എന്റെ ഉള്ളിലൂടെ കടന്നുപോയി.
തമ്മിൽ കണ്ടിട്ട് ഒരുപാട് നാളായി. പരസപരം വിളിച്ചുസംസാരിക്കാറില്ല. ഫോൺ നമ്പർ തന്നില്ല, ഞാൻ ചോദിച്ചതുമില്ല.
പിന്നെങ്ങനെയാണ് ആശയവിനിമയം എന്നുചോദിച്ചാൽ നന്ദി മാർക് സൂക്കർബെർഗിനാണ്. എന്നെപ്പോലെ എത്രയോ മനുഷ്യജന്മങ്ങൾ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
"തീയതി പറഞ്ഞു ഈ പതിമൂന്നിന്. എനക്ക് ചെറുങ്ങനെ വേദന ഇണ്ടായിന്. അതുകൊണ്ട് ഇന്നലെ അഡ്മിറ്റായി"
ഇപ്പോഴാണ് കത്തിയത്. ഒന്ന് സംസാരിച്ചിട്ട് പത്തു മാസത്തിലേറെയായി.
പക്ഷെ ഈ ഇടവേളയുടെ കാലയളവ് - പത്തു മാസമൊക്കെ ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ചെറുതാണ്. മൂന്നര വർഷത്തോളം കാണാതെയിരുന്നു.
എന്താണ്? എവിടെയാണ്? എങ്ങനെയാണ്?
ഒന്നും പരസ്പരം അറിഞ്ഞില്ല. ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാകുമോ എന്നുപോലും നിശ്ചയമില്ലായിരുന്നു. മരണത്തിലല്ലാതെ, എല്ലാ ബന്ധങ്ങളെയും പോലെ ഒരു ദിവസം ആ ബന്ധവും മുറിയുമെന്ന ചിന്ത എന്നിലുണ്ടായ നാളുകൾ. അത് വളരെ നേരത്തെ ആയോ എന്ന്പോലും സംശയിച്ച നാളുകൾ.
ഇല്ല, അത് മുറിഞ്ഞില്ല. ഒന്നുകൂടി മുറുകെക്കെട്ടത്തക്കവണ്ണം മനസ്സിനെ പാകപ്പെടുത്താൻ കാലം നിര്ണയിച്ചതായിരുന്നു ആ ഇടവേള. അങ്ങനെ വീണ്ടുമൊരു കൂടിച്ചേരൽ. കണ്ടു, സംസാരിച്ചു. എല്ലാം ഞാൻ കേട്ടിരുന്നു. അതെനിക്കില്ലാത്ത സ്വഭാവമായിരുന്നെങ്കിൽപോലും. അത്രയേറെ പറയാനുണ്ടായിരുന്നു അവൾക്ക്.
ജീവിതത്തിൽ ആദ്യമായി ഒരു പെൺകുട്ടിയോട് തോന്നിയ ആകർഷണം, അടുപ്പം, ഇഷ്ടം. മുഖത്തു നോക്കി പറഞ്ഞില്ല. പറയാനുള്ള ധൈര്യം ലവലേശം ഉണ്ടായിരുന്നില്ല. പക്ഷെ എന്റെ ഇഷ്ടം പ്രകടമാക്കാൻ ഞാൻ പല അടവുകളും പ്രയോഗിച്ചു. അത് അവൾക്കും മനസിലായതിനാലാവാം ചില സൂചനകൾ അവൾ എനിക്കും തന്നത്.
തട്ടത്തിന്റെ മറനീക്കി ആ ഇഷ്ടം ചിലപ്പോഴൊക്കെ എന്നെ മുഖം കാണിക്കാറുണ്ടായിരുന്നു.
ഒടുവിൽ വേറൊരു കഥയുമായി അവൾ വന്നു. ആ കഥ കേൾക്കുന്നതിനിടയിൽ ഞാനെന്ന കൊച്ചുകുട്ടിയുടെ ചോദ്യത്തിന് എനിക്ക് കിട്ടിയ മറുപടി ഇപ്രകാരമായിരുന്നു;
"നിന്നോട് ഒരു തരത്തിലുള്ള ഇഷ്ടം നിർത്തി. വേറൊരു ഇഷ്ടം തുടങ്ങി"
ഇഷ്ടത്തിന്റെ പര്യായ പദങ്ങൾ പഠിപ്പിക്കുന്നതിനിടയിൽ, അത് വാക്യത്തിൽ പ്രയോഗിക്കാനോ ഉപയോഗിക്കുന്ന സന്ദര്ഭങ്ങളെക്കുറിച്ചോ മലയാളം അധ്യാപകർ എന്നെ പഠിപ്പിച്ചിട്ടുണ്ടായിരുന്നില്ല. എന്നോട് വെറുപ്പില്ല എന്നറിഞ്ഞ സന്തോഷത്തിൽ, പലതരം ഇഷ്ടങ്ങളുട അർത്ഥവ്യതാസങ്ങൾ ഞാൻ തേടിപ്പോയില്ല. പക്ഷെ എന്റെ ഇഷ്ടത്തിന് ഒരർത്ഥമേ ഉണ്ടായിരുന്നുള്ളു; അനിർവചനീയമായ ഒരർത്ഥം.
അവളുടെ കൊച്ചുകുറുമ്പൻ എല്ലാ കുരുത്തക്കേടുകളും ഒപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. അവനുമായി തല്ലുകൂടുന്നതിനിടയിൽ വീണുകിട്ടിയ സമയത്തു വീണ്ടുമൊരു ചോദ്യം എന്റെ നേർക്ക് വന്നു
"ഡാ, വല്ലവളും കെണിഞ്ഞോ?"
ഞാൻ കെണിയാതെ തലയൂരിയ കഥ കേട്ട് അവൾ ചിരിച്ചു. എന്നിട്ടൊരുപദേശവും.
"എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ..."
ഒരു നല്ല ഗുണപാഠം എനിക്കുതന്നെ കഥയായിരുന്നു അത്.
ഒരുതരത്തിൽ പറഞ്ഞാൽ എന്റേതുമാത്രമായ കഥ.
ഫോണിലൂടെ ഞാൻ ഒരു ആലോചനയുമായി ചെന്ന കഥ; ഒരു കല്യാണാലോചന
പുര നിറഞ്ഞു കാത്തു നിൽക്കുന്നതിനുമുൻപ് ആണ്കുട്ടികളെ ഏതെങ്കിലും ഒരു പെണ്ണിനെ കൊണ്ട് കെട്ടിക്കണം എന്ന തത്രപ്പാടിൽ ജീവിക്കുന്ന അച്ഛനും അമ്മയും ഉള്ള ഇന്നത്തെ കാലത്ത്, ഉള്ളിലുള്ള ആഗ്രഹം ഞാൻ അമ്മയുടെ മുൻപാകെ അവതരിപ്പിച്ചു. ഒരു പാതിരാത്രിയിൽ ഞാനും അമ്മയും ഒരുമിച്ചിരുന്നുള്ള സംഭാഷണത്തിനിടയിൽ ഞാൻ 'കെണിവയ്ക്കാൻ' പോകുന്ന പെൺകുട്ടിയുടെ കാര്യം എന്റെ കയ്യിൽ നിന്നും വീണുപോയി എന്നുപറയുന്നതാകും ശരി. ചില സംശയങ്ങൾ എന്റെ മുന്നിലേക്കിട്ടുതന്ന് അമ്മ സമ്മതം മൂളി. അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്നറിയാത്തതിനാൽ അച്ഛനെ സാവധാനം കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കാമെന്നു തീരുമാനിച്ചു.രാത്രിയായതിനാൽ അല്പം ശബ്ദം താഴ്ത്തിയാണ് ഞാനും അമ്മയും സംസാരിച്ചിരുന്നത്. വാതിൽ തുറന്ന് വന്ന അച്ഛന്റെ ചോദ്യം കേട്ട് എനിക്കും അമ്മയ്ക്കും ചിരിയടക്കാനായില്ല.
"എടാ.., ആ പെണ്ണിന്റെ വീട് ഏടയാന്നാ പറഞ്ഞേ....?"
അച്ഛന് ചിരിച്ചുകൊണ്ടുതന്നെ ഞാൻ മറുപടി കൊടുത്തു.
പെൺകുട്ടിയുടെ മറുപടി അറിഞ്ഞതിനു ശേഷം ഒരു തീരുമാനമെടുക്കാമെന്ന ധാരണയിൽ ഞങ്ങളന്നുറങ്ങി.
മറുതലയ്ക്കൽ ഫോൺ ബെല്ലടിക്കുന്നുണ്ട്.
ഞാൻ പതിയെ എഴുന്നേറ്റ് വെളിയിലിറങ്ങി. രണ്ടു മൂന്നു ദിവസം കൊണ്ട് പഠിച്ചുവച്ച കാര്യങ്ങൾ ഇപ്പോൾ പറയും. ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി.
"ഹലോ"
എന്റെ ഉള്ളിലൊരു വെള്ളിടിപൊട്ടി.
"ഹലോ, ഞാനാരാണെന്നു മനസ്സിലായോ?"
കുറച്ചുനേരത്തെ മൗനത്തിനു ശേഷം മറുപടി വന്നു.
മറുതലയ്ക്കലുള്ള കഥാപാത്രത്തിന് ഇനി കുറച്ചു സംഭാഷണങ്ങൾ മാത്രമേ ഉള്ളൂ.
"ഞാൻ രണ്ടു ചോദ്യങ്ങൾ ചോദിക്കും. ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം അറിഞ്ഞതിനുശേഷം മാത്രം രണ്ടാമത്തെ ചോദ്യം"
"ശരി"
ചോദ്യം ഒന്ന് : "നീ കമ്മിറ്റഡ് ആണോ?"
ഉത്തരം ഒന്ന് : "അല്ല"
മറുപടി പെട്ടെന്നുതന്നെ കിട്ടി. എന്റെ മനസ്സിലെ ലഡു ഒന്നങ്ങു പൊട്ടി.
ചോദ്യം രണ്ട് :
"രണ്ട് കൊല്ലം കഴിഞ്ഞാൽ എന്റെ അച്ഛനെയും അമ്മയെയും ഇന്റെ വീട്ടിലേക്കയക്കട്ടെ?"
ഉത്തരമില്ല, മറുപടിയും. ഞാൻ തുടർന്ന്;
"പെട്ടെന്നൊരു തീരുമാനം പറയാനാവൂല്ലാന്ന് എനക്കറിയാ. നീ ശെരിക്കും ആലോചിച്ച് ചോദിക്കാനുള്ളവരോടൊക്കെ ചോദിച്ച് ഒരുത്തരം പറഞ്ഞാൽ മതി. എന്റെ വീട്ടുകാർക്ക് യാതൊരു എതിർപ്പുമില്ല. അതുപോലെ എല്ലാവര്ക്കും സമ്മതമാണെങ്കിൽ മാത്രം മുന്നോട്ടുപോകാം. ഒരു പ്രശ്നമുണ്ടാക്കി എനിക്കൊന്നും നേടേണ്ട. നിന്റെ ഉത്തരം എന്ത് തന്നെയായാലും ഇപ്പോൾ നമ്മൾ തമ്മിലുള്ള ബന്ധത്തിന് ഒരു പ്രശ്നവും ഉണ്ടാവാൻ പാടില്ല"
"ശരി"
ആ മറുപടിക്കും അല്പം കുശലാന്വേഷണങ്ങൾക്കും ശേഷം ഞാൻ ഫോൺ വച്ചു.
ഞാൻ ആഗ്രഹിച്ച മറുപടി കിട്ടുമെന്ന കണക്കുകൂട്ടലിൽ ദിവസങ്ങൾ തള്ളി നീക്കി.
ആ കുട്ടിയുടെ ഉത്തരത്തിനു കാത്തുനിൽക്കാതെ എനിക്ക് തന്നെ വിളിക്കേണ്ടി വന്നു.
"സുഖാണോ?"
"അതെ"
"പിന്നെ ഞാൻ അന്ന് ചോദിച്ച കാര്യമില്ലേ, അതങ്ങു മറന്നേക്കൂ കേട്ടോ"
"അതിനെപറ്റിയൊന്നും ഞാൻ ആലോചിച്ചിട്ട് കൂടിയില്ലായിരുന്നു"
പെണ്ണിന്റെ മറുപടികൾക്ക് മൂർച്ച കൂടുതലാണ്. അവരതറിയുന്നില്ലെങ്കിലും കൊള്ളുന്നവന്റെ ഉള്ളിൽ ചോരപൊടിയും .
ഈയൊരു ഫോൺവിളിക്കായി ഞാൻ പലതവണ തയ്യാറെടുപ്പുകൾ നടത്തിയതാണ്. ആലോചിച്ചപ്പോൾ എന്റെ ഭാഗത്ത് രണ്ട് തെറ്റുകൾ ഞാൻ കണ്ടു;
ഒന്ന് : ഒരു പെൺകുട്ടിയോട് മുഖത്തുനോക്കി അവളെ ഇഷ്ടമാണെന്നു പറഞ്ഞില്ല.
രണ്ട് : കൗമാരക്കാരിയോട് ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടു.
എന്റെ കണ്ടെത്തലുകൾ ശരിയാണെന്ന അഭിപ്രായം ഒരു മെസ്സേജിന്റെ രൂപത്തിൽ എനിക്ക് ലഭിച്ചു. മറുതലയ്ക്കൽ ഇപ്പോഴും അവൾ കുട്ടിക്കുറുമ്പനുമായി മല്പിടിത്തത്തിലാണ്.
തീർന്നില്ല ആലോചന;
അച്ഛനും അമ്മയും രണ്ടും കല്പിച്ചിറങ്ങി. പലവീടുകളിൽ പലമുഖാമുഖങ്ങളിൽ ഞാനും ഭാഗഭാക്കായി. പലചോദ്യങ്ങളും ഉത്തരങ്ങളും പലവട്ടം ആവർത്തിച്ചു. അതിൽ ഇന്നും മനസ്സിൽ മായാതെ കിടക്കുന്ന ഒരു പെണ്ണിന്റെ വാക്കുകൾ;
"പരിചയപ്പെട്ടതിൽ സന്തോഷം"
ഇനിയൊരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത ഒരു വ്യക്തിയോട് നമ്മൾ പറയുന്ന വാക്കുകൾ. പലരിൽ നിന്നായി ആ വാക്കുകളുടെ അർത്ഥം ഞാൻ ചോദിച്ചു മനസ്സിലാക്കി.
"സുധിയേട്ടാ..., ഇങ്ങളെന്നാന്ന് ഈ കണ്ണും തുറന്നുവെച്ചിട്ടൊറങ്ങുന്ന്? ഞാനീട ബിംബം പോലെ നിക്കുമ്പം നിങ്ങ വേറെ ആരെപ്പറ്റിയാ ആലോചിക്കുന്ന്‌?"
ഞാനെഴുന്നേറ്റിരുന്നു. എന്റെ ഇഷ്ടം പിടിച്ചുവാങ്ങുവാൻ എന്റെ ഉണ്ടക്കണ്ണി വന്നതിന്റെ ഒന്നാം വാർഷികം. കുടുംബത്തിൽ അംഗബലം കൂടാൻ പോകുന്നതിന്റെ വേറൊരു സന്തോഷം അവളുടെ മുഖത്ത് കാണാം.
കലർപ്പില്ലാത്ത സ്നേഹം എല്ലാവർക്കുമായി കൊടുക്കണം.
പിന്നെ അല്പം മുൻപ് എന്റെ മനസ്സിലുണ്ടായ ആലോചനകൾ കടലാസിലേക്ക് പകർത്തണം.
ഒരു കഥപോലെ എന്റെ ഉണ്ടക്കണ്ണിയെ വായിച്ചു കേൾപ്പിക്കണം.
വായിക്കാൻ മടിയുള്ള അവൾക്കായി സമർപ്പിച്ചുകൊണ്ട്.

ചോദ്യോത്തരം

കഴിഞ്ഞുപോകുന്നൊരോർമ്മയോ ശാശ്വതം?
കൊഴിഞ്ഞുപോകുംദളങ്ങളോ ശാശ്വതം?
മിഴിച്ചുകണ്ടതാം കാഴ്ചകൾക്കൊസുഖം?
മൊഴിഞ്ഞുവീണതാം വാക്കുകൾക്കൊസുഖം?
ചിരിച്ചുനീയന്നതാരായുന്നവേളയിൽ
തരിച്ചുഞാനന്നതിനുത്തരമറിയാതെ
ചിന്തിച്ചുഞാനേറെയുത്തരത്തിന്നായ-
മാന്തിച്ചൊരുവേളയുരുവിടുന്നതിന്നായ്
കൊഴിഞ്ഞുപോകുംദളങ്ങൾനിൻകൈകളാൽ
തരുന്നുവെങ്കിലാ ഓർമ്മയുംശാശ്വതം
വാക്കുകളടർന്നോരധരമെൻകൺകളാൽ
കാണുന്നുവെങ്കിലാ കാഴ്ചയല്ലോസുഖം

ആ ഒരു രാത്രി

ഇംഗ്ലീഷ് കലണ്ടറിലെ അവസാനമാസത്തിലെ ഒരു പ്രഭാതം. വിറകടുപ്പിലെ മൂന്ന് കണ്ണുകളിൽ നടുവിൽ, ചായക്കുള്ളവെള്ളം. വലതുകണ്ണിൽ പാലും ഇടതുകണ്ണിൽ ചെറുപയർ കറിയും. ചെമ്പുപാത്രത്തിൽ നിറമുള്ളതും ഇല്ലാത്തതും കിടന്നു തിളയ്ക്കുകയാണ്. ഇനിയെനിക്ക് തിളക്കാൻവയ്യേ, ഞാനിപ്പോൾ പുറത്തു ചാടുമേ, എന്നുപറഞ്ഞ പാലടുപ്പിലെ കത്തുന്നവിറക് പുറകോട്ടുവലിച്ചു, ശ്രീ. ബാലൻ; നാട്ടുകാരുടെ ബാലേട്ടൻ. പിന്നെ അണഞ്ഞെന്നു തോന്നിയ കറിയടുപ്പിലേക്ക് ആഞ്ഞൊരൂതൽ:
"ഫൂ.............ഉഫൂ......"
ആളിക്കത്തുന്നതിനു മുൻപ് അടുപ്പൊരു പുകയിളക്കി. അത് മൂന്ന് മൺചുമരും ഓടിട്ട മേൽക്കൂരയും കടന്ന് വാനിൽ വലയം പ്രാപിച്ചു. ദൂരെനിന്നു നോക്കിയാൽ മഞ്ഞേത് പുകയേത് എന്ന് വേർതിരിച്ചറിയാനാവാത്തവിധംപറന്ന് പുക മുകളിലേക്ക്പോയി. ഒരൽപം ബാലന്റെ അണ്ണാക്കിലേക്കും. പിന്നെ ഒരു നാല് കൊര.
പുറത്ത് ഒരു മണിയടി. കോലത്തുവയലിലെ ഏക പത്രവില്പനക്കാരനാണ്; ജോജു. മുതലാളീം തൊഴിലാളീം എല്ലാം ഒരാൾ. തലമുറകളായി കൈമാറിവരുന്ന, കുലത്തൊഴിലല്ലാത്ത ഒരുതൊഴിൽ. അവനില്ലാത്തദിവസം അവന്റെ അച്ഛനടിക്കും ആ മണി. പിന്നെ ബാലേട്ടന്റെ ഒരു കാലിച്ചായയും കുടിച്ചാണ് അച്ഛന്റെ പത്രവിതരണം.
മുൻവശത്തെ ചുമരിനോട് ചേർന്ന്, ചരൽനിരത്തിനരികത്തായി രണ്ട് തൂണ്നാട്ടി, ഓലമേഞ്ഞ ഒരു പന്തൽകെട്ടി ബാലൻ. വരുന്നവരെ ഇരുത്തി സൽക്കരിക്കാൻ ഒരു മേശയും, ഇരുത്തിയും; മരത്തിന്റേത്.
ജോജു പത്രം മേശമേൽ വച്ചു.
"ന്നാ ഞാൻ വിടാട്ടാ"
"ഒരു കാലിച്ചായ കുടിച്ചോടാ"
"വേണ്ടപ്പ, ശ്യാമളേച്ചീന്റെ വീട്ടീന്ന് കുടിച്ചോളാ....."
മണിയടിയുടെ ശബ്ദം കുറഞ്ഞു വന്നു.
കോലത്തുവയൽ; പേരുപോലെ തന്നെയാണ്. കണ്ണെത്താദൂരത്തോളം വരമ്പ് കെട്ടിമുറിച്ചവയലുകൾ. അടുത്തുള്ള പട്ടണത്തിൽനിന്ന് ആരെങ്കിലും വന്നാൽ ആദ്യം പ്രവേശിക്കുന്നത് ഒരു ചുവന്നനിരത്തിൽ. പിന്നെ മൂന്ന്ഭാഗവും കണ്ണോടിക്കാം. കൊയ്ത്തുകാലത്തിനുമുൻപ് പച്ചപ്പുതപ്പ് പുതച്ചുറങ്ങുന്നവയലുകൾ. നേരത്തെ പറഞ്ഞ മൺകട്ടചുമരുകളോട് കൂടിയ ഒരു എടുപ്പ്; ബാലേട്ടന്റേത്. അതും നിരത്തിന് വലതുവശത്തായി. അതേഭാഗത്ത് വയലിൽ ഒരു ചെമ്പകം. 'പോതിച്ചെമ്പകം' എന്ന് എല്ലാരും വിളിക്കുന്ന, വെളുത്ത ചെമ്പകപ്പൂക്കൾ വിരിയുന്ന, നട്ടുച്ചയ്ക്ക് പിള്ളേർ കയറിക്കളിക്കാൻ മടിക്കുന്ന ചെമ്പകം.
ചേന്നോത്ത്‌ തറവാട്ടിലെ പോതിത്തെയ്യം വർഷങ്ങൾക്ക് മുൻപ് കോഴിയെ അറുത്ത് കർമ്മംചെയ്യാൻ വന്നിരുന്നത് ആ ചെമ്പകച്ചോട്ടിൽ ആയിരുന്നത്രേ. അങ്ങനെ ചെമ്പകത്തിനു ചാർത്തിക്കിട്ടിയപേരാണ് 'പൊതിച്ചെമ്പകം'.
ഇനി ബാലേട്ടന്റെകട. കോലത്തുവയലിലെങ്ങാനും ഒരു ബസ് ഓട്ടം തുടങ്ങിയാൽ ഒരു സ്റ്റോപ്പിന്റെ പേര് 'ബാലൻകട' എന്നായിരിക്കും, തീർച്ച. മറ്റൊന്നുംകൊണ്ടല്ല, വരുന്നത് ആനാട്ടിലെ ഏതെങ്കിലും വീട്ടിലേക്കുള്ള അതിഥികൾ ആണെങ്കിൽപോലും, ബാലേട്ടനോട് വഴിചോദിക്കാറുള്ള പതിവുണ്ട്. കൃത്യമായി വഴിപറഞ്ഞുകൊടുക്കുന്ന കൂട്ടത്തിൽ ബാലേട്ടൻ അവരോട്ചോദിക്കും;
"അവൽശ്രീയുണ്ട് എടുക്കട്ടാ? ഒന്ന് കൈച്ചുനോക്ക്"
കേട്ട പേരിൽ കൗതുകം തോന്നിയ ആരും ഒന്ന് തലയാട്ടും. പിന്നെ അതിഥികളുടെ കയ്യിലുള്ള സൽക്കാരപ്പൊതികൾ വാങ്ങിച്ച് ബാലേട്ടൻ തന്നെ മേശപ്പുറത്തുവയ്ക്കും. അവർ മേശപ്പുറത്തുള്ള പത്രത്തിന്റെ അഞ്ചുതാളുകൾ മറിക്കുമ്പോഴേക്കും ഓരോ പാത്രം അവൽശ്രീ മേശപ്പുറത്തെത്തിയിട്ടുണ്ടാകും. ഒഴിച്ചപാലിന്റെ ചൂടാറാൻ ഊതിക്കൊണ്ട്, പാത്രത്തിൽവച്ചിരിക്കുന്ന സ്പൂണുകൊണ്ട് അതുകഴിക്കാം. ഇതിന്റെ കൂട്ട് ചോദിക്കുന്നവർക്ക് ബാലേട്ടൻ സസന്തോഷം വിവരിച്ചുകൊടുക്കും;
"എളുപ്പാന്നപ്പ, നാടൻ അവില് വേണം. പിന്നെ പൂവൻപഴം, പൻസാര, പാല്. അവിലിൽ പഴം മുറിച്ചിടുവ. പിന്നെ വേണ്ടുന്നത്ര പൻസാരേം കൊറച്ചു ചൂടുപാലും ഒയ്‌ക്കുവ. കയിഞ്ഞു"
പക്ഷെ ബാലേട്ടൻ ശ്രദ്ധിക്കാതെപോയതും വിരുന്നുകാർക്ക് അറിയാതെപോയതുമായ ഒരുകാരണം ആ രുചിക്കുപുറകിലുണ്ടായിരുന്നു. വിറകുകൊണ്ട്കത്തുന്ന അടുപ്പും, അവിലൊക്കെ സൂക്ഷിച്ചിരുന്ന ചെമ്പുപാത്രങ്ങളും.
"ചായ എടുക്കട്ടേ?"
മുന്നിലിരിക്കുന്നവർ പാത്രം കാലിയാകുമ്പോഴേക്കും അടുത്ത ചോദ്യംവരും.
"എന്നാപ്പിന്നെ അതുമൊന്ന് ടേസ്റ്റ് ചെയ്തുനോക്കാം"
ചൂടുചായയും കുടിച്ച് കാശുകൊടുത്ത് അവരങ്പോകും.
പിന്നെ കടയിൽ ബാലേട്ടനുള്ളൊരു കൂട്ട് ഒരു റേഡിയോ ആണ്.
ആകാശവാണി മാത്രം കേൾക്കുന്ന ബാലേട്ടൻ അടുപ്പിൽ ഊതിക്കൊണ്ടിരുന്നു.
ദേ, നേരത്തെ നിന്നിടത്താണ് ഇപ്പോൾ. ഒരൽപം കൂടി വലത്തോട്ട് നോക്കിയാൽ ഒരു മല കാണാം; നന്നാടൻമല. മലയിൽ വെളുത്ത നാട കെട്ടിയിട്ടപോലെ അങ്ങിങ്ങായി വരകൾ കാണാം. കോലത്തുവയലിന്റെ ദാഹം മാറ്റുന്ന മാഞ്ഞാഴിപുഴ പിറവിയെടുക്കുന്നത് ദാ അവിടെനിന്നാണ്. മഴക്കാലത്ത് ആ വരകളുടെ വണ്ണം കൂടും.
പത്രത്തിൽ കമ്പോളനിലവാരവും വായിച്ചിരിക്കുകയായിരുന്നു ബാലേട്ടൻ. അങ്ങ് ദൂരെ പട്ടണത്തിന്റെ ദിശയിൽനിന്നും നിരത്തിൽ പൊടിഉയരുന്നത് ബാലേട്ടന്റെ ശ്രദ്ധയിൽപെട്ടു. ആ പൊടിയുടെ അകലം കുറഞ്ഞുവരികയാണ്; ഒരു ശകടം.
"സാജന്റെ നായിക്കൊറ്റനാണോ? ഹേയ് അല്ല. അത് ശനിയാഴ്ച വൈന്നേരം തേങ്ങയും പച്ചക്കറികളും കൊണ്ട് പട്ടണത്തിലേക്ക് പോകാറല്ലേപതിവ്. പിന്നെ രാത്രിയാവും തിരിച്ചു വരാൻ. അപ്പോപ്പിന്നെ ആരാവും? ആ ആരെങ്കിലും ആവട്ടെ. ഇന്ന് കൊറച്ചു കച്ചോടംകിട്ടും"
ബാലേട്ടൻ സന്തോഷിച്ചു.
അത് കടയുടെ മുന്നിൽ വന്നുനിന്നു. നിറം കറുപ്പാണ്. നാല്ചക്രങ്ങൾ. ശകടത്തിന്റെ ശരീരത്തിൽ അങ്ങിങ്ങായി സൂര്യൻ തട്ടിത്തിളങ്ങുന്നുണ്ട്.
വാതിൽതുറന്ന് നാല്പേർ പുറത്തിറങ്ങി. ഒരാളൊഴിച്ച് മൂന്നുപേർ പാന്റിലാണ്. അവരുടെ കയ്യിൽ ഓരോ ബാഗും ഉണ്ട്. മുണ്ടുടുത്തയാൾ കടയുടെ പന്തലിലേക്ക് കയറിവന്നു.
"ബാലൻ അല്ലെ?"
മുണ്ടുടുത്തയാൾ ബാലേട്ടനോട് ചോദിച്ചു. അയാൾക്ക് അധികം പ്രായമൊന്നുമില്ല.
"ഉം അതെ. ഇങ്ങളിരിക്കപ്പ"
ബാലേട്ടൻ മുണ്ടിന്റെ കോന്തലകൊണ്ട് ഇരുത്തി തുടച്ചു.
"ഓ വേണ്ട"
"അല്ല ബാലൻ, ഇങ്ങനെയൊക്കെ പോയാൽമതിയോ? നമ്മക്ക് കച്ചവടമൊക്കെ ഒന്നുഷാറാക്കേണ്ടേ?"
മുണ്ടുടുത്തയാൾ നിന്നനില്പിൽത്തന്നെ ചോദിച്ചു.
"അയ്യോ, എനക്ക് വെല്ല പ്രാരാബ്ധം ഇണ്ടായിട്ടൊന്ന്വല്ല. കൊറച്ചു കണ്ടൂണ്ട്. മൂന്നു ആണ്മക്കളും ആട കൃഷി നോക്കുന്നുണ്ട്. രണ്ട് പെണ്മക്കളെ കെട്ടിച്ചയച്ചു. പിന്നെന്നാന്നു?, തൊടങ്ങിയിതീടുന്നാണ്. അതോണ്ട്, അടച്ചുവീട്ടിലിരിക്കാൻ ഒരുമടി. എനക്കിതെല്ലും മതി"
"അതുപോരാ. ബാലന് കൂടുതൽ സമ്പാദിക്കാനുള്ള വകയുംകൊണ്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്. ദാ അവിടെക്കണ്ടോ?"
പൊതിച്ചെമ്പകം നിൽക്കുന്ന വയൽ ചൂണ്ടക്കിക്കൊണ്ട് മുണ്ടുടുത്തയാൾ ചോദിച്ചു.
"ആട്യേന്നപ്പാ?"
ബാലൻ തിരിച്ചു ചോദിച്ചു
"അവിടെ താമസിയാതെ ഒരുഫാക്ടറി വരും. അതിന്റെ പണിതുടങ്ങാൻ വേണ്ടി സ്ഥലം നോക്കാൻവന്ന എഞ്ചിനീയർമാരാണ് ഇവരൊക്കെ"
"അതോണ്ട് എനക്കെന്നാ നേട്ടം? എനക്ക് തോനപണം കിട്ടുന്നല്ലേ ഇങ്ങള് പറഞ്ഞിന്!"
"ബാലന് മാത്രമല്ല. ഈ നാട്ടുകാർക്ക് മൊത്തം നേട്ടമാണ്. ഒരുപാട് പേർക്ക് ജോലി കിട്ടും. അവരൊക്കെ ബാലന്റെ കടയിലെ നിത്യസന്ദര്ശകരാകും. അതൊക്കെ ബാലന് നേട്ടമുള്ള കാര്യമല്ലേ?"
"അതൊക്കെയാണ്. പക്കേങ്കില്, പുഞ്ചയും ഉയ്‌ന്നും പച്ചക്കറിയൊക്കെ ഏട്യാ നാടുവാ?"
"ഹ ഹ ഹ, കോലത്തുവയലിലാണോ സ്ഥലത്തിന് പഞ്ഞം! പിന്നെ, മെമ്പർ ഫ്രാൻസിസ് ഇവിടെ വരാറുണ്ടോ?"
"പിന്നില്ലാണ്ട്. ഫ്രാൻസിസും മഹേഷും വടക്കേടത്തെ ജോസും അലിയും വൈന്നേരം അഞ്ചുമണിയാവുമ്പം ഈട ഒരു കൂടലിണ്ട്. മോന്തിക്ക് ബാംഗ് കൊടുക്കുന്നവെരെ ഈട്ന്ന് വർത്താനം പറഞ്ഞിരിക്കും"
"ഓഹോ, എന്നാൽ ഈ പൊതി ഫ്രാന്സിസിനെയൊന്ന് ഏൽപ്പിക്കണം. ഫാക്ടറിയെക്കുറിച്ചുള്ള മറ്റ് കാര്യങ്ങൾ ഞാനവനോട് നേരിട്ട് പറഞ്ഞോളാം"
"ശെരി"
ബാലേട്ടൻ പൊതിവാങ്ങിച്ചു. മുണ്ടുടുത്തയാൾ വണ്ടിയിൽകയറാൻ തിരിഞ്ഞുനടന്നു.
"അല്ലപ്പാ, ആര് തന്നൂന്ന് പറയണം?"
"ഉത്തമൻ തന്നണതാണെന്നു പറഞ്ഞാൽമതി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്"
"ഓ, ആയോക്കോട്ടെപ്പ"
ബാലേട്ടൻ നോക്കിനിൽക്കെ ആ കറുത്തശകടം പൊടിയുംപാറ്റിക്കൊണ്ട് പട്ടണത്തിലേക്കു തിരിച്ചുപോയി.
വൈകുന്നേരം അഞ്ചുമണി:
ഫ്രാൻസിസും അലിയും ജോസും മഹേഷും ബാലേട്ടന്റെ പീടികയിലിരിപ്പുണ്ട്.
"ബാലേട്ടോയ്, ചൂടോടെ അവൽശ്രീപോരട്ടെ"
ജോസ് വിളിച്ചുപറഞ്ഞു
"എനക്കിന്ന് അവലും ചെറുപയറുംമതി ബാലേട്ടാ"
അലി ഒന്ന് മാറ്റിപ്പിടിച്ചു
നാലുപാത്രവും അവരുടെ മുന്നിൽനിരന്നു
അവരുടെ വർത്താനം ശ്രവിച്ചിരിക്കവേ ബാലേട്ടന് പൊതിയുടെകാര്യം ഓർമ്മവന്നു. മേശവലിപ്പിലെ പൊതിയെടുത്ത് ഫ്രാന്സിസിനുനേരെനീട്ടി.
"ഫ്രാൻസിയെ, ഇതാ. ഇത് ജില്ലാപഞ്ചായത്ത്പ്രസിഡന്റ് ഉത്തമൻ ഇനിക്ക് തെരാൻ ഏൽപ്പിച്ചതാ"
"അയാളെപ്പോഴാ വന്നിന്?"
"ഉച്ചക്കത്തെ സംസ്കൃതം വാർത്ത തൊടങ്യെരം. ഒരു കറുത്തകാറിൽ. കൂടെ മൂന്നുപേരുണ്ടായിരുന്നു. എഞ്ചിനീയർമാരാണെന്നാ പറഞ്ഞെ. പിന്നെ പോതിച്ചെമ്പകം ചൂണ്ടിക്കാണിച്ച് എന്നോട് പറഞ്ഞു ദാ ആ ഭാഗത്ത് ഒരു ഫാക്ടറി വരുന്നുണ്ട്പോലും. നാട്ടുകാർക്ക് പണിയും എനക്ക് നല്ലകച്ചോടൂം കിട്ടൂന്ന്"
ഫ്രാൻസിസ് പൊതി തുറന്നു വായിച്ചുനോക്കി. ഫാക്ടറിയുടെ രൂപരേഖയും അതിനുവേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും അതിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ഫ്രാൻസിസ് എല്ലാവരോടുമായി പറഞ്ഞു;
"കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോൾ എന്നോട് പറഞ്ഞിനെനു, നമ്മുടെ റോഡ് താർ ചെയ്യാനുള്ള ബിൽ പാസാക്കാൻ പഞ്ചായത്തിലേക്ക് വിളിച്ചുപറഞ്ഞിട്ടുണ്ടെന്ന്. പക്ഷെ ഫാക്ടറിയെക്കുറിച്ചൊന്നും പറഞ്ഞില്ല"
"അല്ല ഫ്രാൻസി, ഇതിലൊരു കെണി ഒളിഞ്ഞിരിപ്പില്ലേ?"
മഹേഷ് തല ചെരിച്ചുകൊണ്ട് ചോദിച്ചു
"പിന്നില്ലാണ്ട്. നന്നാടൻ മലയിലെ ഉറവ വറ്റാത്തിടത്തോളം കാലം മാഞ്ഞാഴിപ്പുഴയിലെ വെള്ളം നമ്മക്കിണ്ട്. എല്ലാരും പാടത്തെറങ്ങി പണിയെടുക്കുന്നോണ്ട് തൊഴിൽക്ഷാമം ഈടില്ല" അലി പറഞ്ഞു.
"മാത്രല്ല, പൊഴേന്റെ കരേല് ഫാക്ടറി തൊടങ്ങിയാ, അയിലിന്നോരു വെള്ളൂറ്റും. ഓറെ കച്ചറ മാഞ്ഞായീലേക്ക് കളയും"; ഫ്രാൻസിസ് കൂട്ടിച്ചേർത്തു.
മഹേഷ് ഒരു പഴഞ്ചൊല്ലിനെ കൂട്ടുപിടിച്ചു;
"എലക്കും മുള്ളിനും കേടില്ലാണ്ട് ഇതെങ്ങെനെങ്കിലും ഒന്ന് തീർക്കണല്ലാ. എന്താ ഒരു വയ്?"
"പോതിച്ചെമ്പകം നട്ട കണ്ടത്തിലല്ലേ ഓറ കണ്ണ്. വയ്യിണ്ട്"
ഫ്രാൻസിസ് മൂന്നുപേരെയും വിളിച്ച് അൽപ്പംമാറിനിന്നു സംസാരിച്ചു. ബാലേട്ടന് ഒന്നും കേൾക്കാൻ പറ്റുന്നില്ല.
"ഡാ, ഈല് പൊടിപാറും. ഇത് വന്ന്തിന്ന്"
രഹസ്യ ചർച്ചയ്ക്കുശേഷം അവർ തിരിച്ചുവന്നു.
സൈക്കളെടുത്ത് ജോജോവും. പത്രത്തിന്റെ പൈസപിരിക്കാൻ ഇറങ്ങിയതാണ് ജോജോ.
"അപ്പൊ പറഞ്ഞപോലെ. മഹേഷേ, അലി ഇങ്ങള് നന്നാടൻ മലയിലേക്ക് പോവ്വാ" ഫ്രാൻസിസ് പറഞ്ഞു.
"ആറുമണികൈഞ്ഞാ കണാരേട്ടൻ കടത്ത്നിർത്തും. അപ്പൊ?" മഹേഷ് സംശയം പ്രകടിപ്പിച്ചു
"ഫ്രാൻസിസ് പറഞ്ഞിനീന്നു പറഞ്ഞാമതി. പിന്നെ ജോസ്, നീ ഏറ്റുകാരൻ രാജീവേട്ടനെ കാണണം. അയിന് കൊറച്ചു സമയെടുക്കും, സാധനം കിട്ട്യാ അതുംകൊണ്ട് വായനശാലേലേക്ക് വന്നോ. മൊളയെല്ലും ഞാനൊപ്പിക്കാ. ജോജോ ഇയ്യെന്റൊപ്പരം വാ, വായനശാലേലേക്ക്. ഞാനൊരു സാധനം തെര, അത് മീത്തലെ പ്രസാദിന് കൊടുത്ത് ഇന്ന് രാത്രിതന്നെ പൂർത്തിയാക്കിത്തരാൻ പറയണം"
ജോജോയ്ക്കും ബാലേട്ടനും ഒന്നും മനസ്സിലായില്ല.
"എനക്ക്, പൈശ പിരിക്കണംന്ന്" ജോജോ അനങ്ങാൻ കൂട്ടാക്കിയില്ല.
മഹേഷ് സൈക്കിളിൽ പിടിച്ചു
"ഈട താടിക്ക് തീപിടിക്കാൻ പോമ്പാണ് ഓന്റെ ഒരു പിരിവ്"
"എടാ ജോജോ, നീ വായനശാലലേക്ക് വിട്, ഞാൻ കാര്യം പറയാ"; ഫ്രാൻസിസ് പറഞ്ഞു.
ഓരോരുത്തരും അവരവരുടെ വഴിക്ക് പോകാനൊരുങ്ങവേ, ബാലേട്ടൻ ചോദിച്ചു;
"പിള്ളേരെ, ന്തെങ്കിലും പ്രശനം ഇണ്ട?"
"പ്രശ്നം ഇണ്ടായിട്ട് തീർക്കുന്നതിലും നല്ലതല്ലേ ബാലേട്ടാ, അതില്ലാണ്ട് നോക്കുന്നത്"; സൈക്കിളിന്റെ പിറകിലിരുന്ന ഫ്രാൻസിസ് ജോജോയുടെ പുറത്തു തട്ടി.
"അപ്പറഞ്ഞത് ഞായം"; ബാലേട്ടൻ പിന്താങ്ങി.
അവരെല്ലാം അല്പദൂരം പിന്നിട്ടശേഷമാണ്, പാതിതീർന്ന പാത്രങ്ങൾ ബാലേട്ടന്റെ ശ്രദ്ധയിൽ പെട്ടത്;
"എടാ, ഇത് തീർത്തിട്ട്പോടാ.............."; ബാലേട്ടൻ വിളിച്ചുപറഞ്ഞു
"അത് പൊത്തിവെച്ചോ, പിന്നെ കൈക്കാ......."
മഹേഷിന്റെ ഉത്തരം ഒരു നേർത്തശബ്ദത്തിൽ ബാലേട്ടൻ കേട്ടു.
"ആ ഇതെനി, ജാനുന്റെ പൈക്കായി"
ബാലേട്ടൻ നെടുവീർപ്പിട്ടു.
###################
മഞ്ഞുണ്ട്. പക്ഷെ ഇന്നലത്തെയത്രയില്ല.
കടയുടെ അടുത്തെത്തുന്നതിനു മുൻപേതന്നെ, പോതിചെമ്പകച്ചുവട്ടിൽ ആളനക്കം കണ്ടു. ലുങ്കിയും ഷർട്ടും ധരിച്ച പത്തോളംപേർ.
ബാലേട്ടൻ, കടയുംകടന്ന് അൽപ്പം മുന്നോട്ട് നടന്നു. വരമ്പിലൂടെ ഒരു ലുങ്കിയും ഷർട്ടും നിരത്തിലേക്ക് വരുന്നുണ്ട്. ബാലേട്ടൻ നിരത്തിനിടതുവശം കണ്ട സൂചനാഫലകം വായിച്ചു;
*****************************
"പോതിചെമ്പകച്ചോട്ടിൽ ദേവസ്ഥാനം
കോലത്തുവയൽ
-പാച്ചു"
*****************************
ആ രൂപം ബാലേട്ടന്റെ അടുത്തെത്തി.
"ഇതെന്താടാ ഫ്രാൻസി, ബോർഡും കുരുത്തോലയുമൊക്കെ? കാവ് വന്നുവാ ഈട? അപ്പൊ ഫാക്ടറീന്ന് പറഞ്ഞിട്ട്?"
"ബാലേട്ടാ, ആദ്യം അവര് ഒരു ഫാക്ടറീന്ന് പറയും, പിന്നത് രണ്ടാവും, പിന്നെ എണ്ണം കൂടും. നമ്മക്ക് പലതും കൊറയും. ഇതാകുമ്പോ, നമ്മള് നാട്ടുകാർക്ക് അമ്പലൂം പള്ളീം എന്നുള്ള വ്യത്യാസം ഇല്ലല്ലാ. ഒറ്റൊരുത്തനും നമ്മളെ മണ്ണ് തൊടാൻ വെരൂല്ല"
അവരുടെ സംഭാഷണത്തിനിടയിൽ മഹേഷും വന്നു; വരമ്പത്തൂടെ.
"അപ്പൊ, ഇത് ഏതു ദൈവാന്ന്?" ബാലേട്ടനൊരു സംശയം
“ഒറ്റക്കല്ലിൽ ആരൂഢസ്ഥാനമുള്ള ഒരു ദൈവം നമ്മക്കുണ്ടല്ല. ഇന്നലെ രാത്രി, നന്നാടൻ മലകേറിയപ്പൊ കിട്ടിയ ഒരു പാറക്കല്ല് ചെമ്പകച്ചോട്ടിൽ വെച്ചിട്ടുണ്ട്. അതീടയൊന്നെത്തിക്കാൻ എനക്കും അലിക്കും കൊറച്ചു കഷ്ടപ്പെടേണ്ടിവന്നു. കണാരേട്ടന്റെ ഓള് ചെറുങ്ങനെ ഒച്ചപ്പാടാക്കീന്. കണാരേട്ടൻ ആത്തുപോയിട്ട് വന്നേരം ഒച്ച തന്നാല നിന്ന്"; മഹേഷ് ഇന്നലെ രാത്രിയുണ്ടായ അനുഭവം വിവരിച്ചു.
"ഇനി നമ്മളെ വയലും ചെമ്പകവും അതുപോലെ കാണും. കൃഷിയുമിറക്കാം, കൊല്ലത്തിലൊരിക്കൽ കളിയാട്ടത്തിനു പാളപ്പാത്രത്തിൽ ചോറും പായസവും വെച്ച് മാട്ടും ചെയ്യാ"; ഫ്രാൻസിസ് ആ നേട്ടത്തിൽ അഭിമാനം കൊണ്ടു.
ബാലേട്ടന്റെ ദേഹത്തു വെള്ളത്തുള്ളികൾ വീണു.
"ഇതെന്നാടാ, മയയാ.....? കാലംതെറ്റി പെയ്യിന്നല്ലാ. നീയാ ബോഡിനു വെല്ലതും കൊണ്ടുപൊത്ത്. എഴുത്തു മൊത്തം ഒലിച്ചുപോകും"
"അത് സാരൂല്ല ബാലേട്ടാ. രണ്ടുകുപ്പി പെയിന്റും, രണ്ടുബ്രഷും ഇണ്ടെങ്കിൽ, നമ്മളെ പാച്ചു ഒന്നല്ല, ഒരായിരം ബോഡ് എഴുതിത്തരും" മഹേഷ് ലുങ്കിയൊന്ന് മാടിക്കുത്തി.
ബാലേട്ടൻ സംശയത്തോടെ മുകളിലേക്ക് നോക്കി. ഒരു പഴമക്കാരന്റെ ഭയവും സംശയവും അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചു
"എന്നാലും ഇപ്പൊ ഇങ്ങനൊരു മയ?"
ഫ്രാൻസിസ് ബാലേട്ടനെ സമാധാനിപ്പിച്ചു
"ബാലേട്ടാ, ഇങ്ങള് തിടമ്പ് കണ്ടിട്ടില്ലേ?"
"ശിവരാത്രിക്ക്, നമ്പൂരി എടുത്ത് തുള്ളുന്നതല്ലേ? തലയിൽ വെച്ചിട്ട്?" ഉത്തരത്തിന്റെ അവകാശി മഹേഷായിരുന്നു.
"ആ അത് തന്നെ. അതിനൊരുള്ളടക്കമുണ്ട്. തങ്ങളുടെ വിജയത്തിനും രക്ഷയ്ക്കും കാരണമായ ആരാധനമൂർത്തിയോടുള്ള നന്ദി പ്രകടനത്തിൽ, ഉപഭോക്താവും ദാദവും സന്തോഷംകൊള്ളുന്നു. നമ്മുടെ ദൈവം ഈ മണ്ണാണ്. അതിനെ സംരക്ഷിക്കാൻ നമ്മള് നടത്തിയ എളിയപ്രവൃത്തി. അതിന്റെ സന്തോഷത്തിലാ ഈ മഴ"; ഫ്രാൻസിസ് വിശദീകരിച്ചു.
"ഈ ആനന്ദക്കണ്ണീര് എന്നൊക്കെ പറയുംപോലെ അല്ലെ?" മഹേഷ് അതിനെ സാഹിത്യവൽക്കരിച്ചു.
ആ പുതുമഴയിൽ കുതിർന്ന മണ്ണിന്റെ സുഗന്ധവും ശ്വസിച്ച് ബാലേട്ടൻ നടന്നു; കടതുറക്കാൻ.
മഹേഷും ഫ്രാൻസിസും ചെമ്പകച്ചോട്ടിലേക്ക്. ഒരൽപം ജോലികൂടെ ചെയ്തുതീർക്കാനുണ്ട്.
ബാലേട്ടൻ അടുപ്പിലൂതി. വെളുത്ത പുകയുയർന്നു. ചുമരും, ഓടും കടന്ന് മുകളിലേക്ക്. മഴ പെയ്യുന്നുണ്ട്. പുക, പുകയായിത്തന്നെകാണാം.
നന്നാടൻ മലയിലെ വെളുത്ത നാടകൾക്ക് വണ്ണം കൂടിയും കുറഞ്ഞുമിരുന്നു. വയലിൽ പുഞ്ചയും ഉഴുന്നും കപ്പയും പച്ചക്കറികളും വിളഞ്ഞു. കോലത്തുവയലിലുള്ളവരും അതിഥികളും, ഓരോദിവസം കൂടുംതോറും രുചിയേറിവരുന്ന ബാലേട്ടന്റെ അവൽശ്രീ കഴിച്ചും, പോതിച്ചെമ്പകക്കാവിലെ കളിയാട്ടനാളിൽ പാളപ്പാത്രത്തിൽ പായസം കുടിച്ചും കഴിഞ്ഞു പൊന്നു.
വേറേതുമല്ല, കോലത്തുവയലിലുള്ളവർക്ക് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വിലപിടിപ്പുള്ള സന്തോഷനിമിഷങ്ങൾ ഇവയൊക്കെയാണ്, ഇവമാത്രമാണ്.

ബ്ലോക്ക് (മുതിർന്നവർക്കുള്ള കുട്ടിക്കഥ)

"അച്ഛാ, ആരാ ഇങ്ങനെ നെലവിളിക്കുന്ന്? ഓ, എന്തൊരൊച്ചയാണ്"
കാറിന്റെ മുൻസീറ്റിലിക്കുകയായിരുന്ന ജാൻവി ചെവി പൊത്തി.
വിനോദ് വലതുഭാഗത്തുള്ള കണ്ണാടിയിലൂടെ നോക്കി. ഒരു ആംബുലൻസ്. തന്റെ കാറിന്റെ പിറകിലായി ഒരു അഞ്ചാറു വണ്ടികൾക്ക് പിറകിൽ തടസ്സമൊന്നൊഴിഞ്ഞു കിട്ടാൻ കാത്തിരിക്കുകയാണ്. അതോടിക്കുന്നയാളുടെ സ്വാർത്ഥലാഭത്തിനുവേണ്ടിയല്ല ഈ ബദ്ധപ്പാട്. അതിലൊരു മനുഷ്യ ജീവൻ കിടക്കുന്നുണ്ട്. തടസ്സം മാറിയാൽ ആ ഗുണം ലഭിക്കുന്നത് അതിനുള്ളിലെ ജീവനുള്ള ശരീരത്തിനാണ്. എന്ത് സംഭവിച്ചതാണെന്നു ചികിൽസിക്കുന്നവർക്കും പിന്നെ ഉറ്റവർക്കും മാത്രമറിയാം.
“ഹാവൂ, സമാധാനമായി ഇനി അതിന്റെ പിറകിലായി വച്ചുപിടിച്ചാൽ ഈ ബ്ലോക്കൊഴിവായിക്കിട്ടും”; വിനോദ് നെടുവീർപ്പിട്ടു.
ജാൻവി, എഴുന്നേറ്റു നിന്ന് പുറകിലോട്ടു നോക്കി.
"ആരാ അച്ഛാ അതില്? ഓരിക്കേട്യാ പോണ്ടേ?"
"അയില് ആരെങ്കിലും മരിക്കാൻ കിടക്കുന്നുണ്ടാവും, ഓറ ആശുപത്രീല് കൊണ്ടുപോവിന്നതാ"
"എന്നാ പിന്നെ അയിന വിട്ടൂടെ, എലാരും കൂടി എന്തിനാ ഇങ്ങനെ പിടിച്ചുവെച്ച പോലെ?"
വിനോദ് അവളുടെ കുഞ്ഞു മുഖത്തേക്ക് നോക്കി. അൽപനേരം എന്തോ ആലോചിച്ചു. പിന്നെ ഹോർണിൽ കയ്യമർത്തി, ഇടതു വശത്തേക്ക് തിരിയുന്നതിനുള്ള സൂചന കൊടുത്തു. അയാളുടെ വണ്ടിക്കു പുറകിൽ ഓരോന്നായി ആംബുലൻസിനു വഴിയൊരുക്കികൊടുത്തു.
കരയിൽ നിന്ന് വെള്ളത്തിലേക്ക് പിടിച്ചിട്ട മീനിനെ പോലെ അത് പാഞ്ഞു പോയി; നിലവിളിച്ചുകൊണ്ട്
ജാൻവി കണ്ണെടുക്കാതെ അത് നോക്കി നിന്നു. അവൾ കണ്ണടച്ച് കൈകൂപ്പി:
"തമ്പാച്ചീ അയിലുളള ആള രച്ചിക്കണേ"
എന്നിട്ടും ബ്ലോക്കിൽ പെട്ട ബാക്കിയുള്ള വണ്ടികൾക്ക് കാര്യപ്പെട്ട ചലനമൊന്നും ഉണ്ടായില്ല.
വിനോദ് ജാൻവിയുടെ നെറ്റിയിലൂടെ തലോടി
ഒരൽപം കൂടി പക്വത വന്നാൽ അവൾ ചോദിക്കാനിടയുള്ള ചോദ്യം വിനോദിന്റെ ഉള്ളിൽ തെളിഞ്ഞുവന്നു
"ആ വണ്ടിയിൽ നമ്മക്ക് വേണ്ടപ്പെട്ടവരാരെങ്കിലും ഇണ്ടായിനെങ്കിലോ? വഴി കൊടുക്കാൻ എന്റെ ചോദ്യത്തിനായി അച്ഛൻ കാത്തിരിക്കുമായിരുന്നോ?"
ശരിയാണ്, അവനവന് മുറിവേൽക്കുമ്പോൾ മാത്രമാണ് വേദന, അന്യന് നോവുമ്പോൾ സഹതാപമാണ്, അല്ലെങ്കിൽ ഉള്ളിലൊരു ചിരി, അതുമല്ലെങ്കിൽ ഒരാശ്വാസം.
പാഠങ്ങൾ പഠിപ്പിച്ചു തരുന്നവർ ഗുരുസ്ഥാനീയരാണെങ്കിൽ, ജാൻവിയുടെ കാലുതൊട്ട് വണങ്ങാൻ വിനോദാഗ്രഹിച്ചു.