Saturday, December 2, 2017

മാർബിൾത്തറയിലെ മണവാട്ടി


അച്ഛന്റെ കയ്യിൽ തൂങ്ങിയാടുകയാണ് മോനൂട്ടൻ. മോനിൽ ജയദേവ് പി. വി. അതാണ് പ്ളേ സ്കൂൾ രെജിസ്റ്ററിലുള്ള പേര്. അച്ഛൻ; മേലേത്ത് വീട്ടിൽ ജയദേവൻ, അമ്മ ; പിലാത്തൂർ വലിയവീട്ടിൽ ഗായത്രി. മോനൂട്ടന്റെ മക്കളുടെ പേരിന്റെ അവസാനം അച്ഛന്റെ പേര് ചേർക്കുമ്പോൾ എങ്ങനെയാണാവോ ശുഷ്‌കിക്കാൻ പോണത്? ഇരുപത്തിയഞ്ചു വർഷത്തിനുശേഷം അറിയാം.
അമ്മ ഓരോ ഡിസൈനിലും മാറി മാറി നോക്കുന്നുണ്ട്, അച്ഛൻ അതിനോരോന്നിന്റേയും വിലയും ആരായുന്നുണ്ട്. വിലകുറഞ്ഞതിന്റെ നേർക്ക് അമ്മ വിരൽചൂണ്ടുമ്പോൾ കടക്കാരന്റെ ശബ്‍ദം അല്പം താഴുന്നതായും ഭാവം മാറുന്നതായും തോന്നി.
പുതിയ വീടിന്റെ പണി നടക്കുകയാണ്. ഒരു വിധം പൂർത്തിയായി വരുന്നു. ഇനി നിലത്ത് എന്തെങ്കിലും പാകണം. അങ്ങനെയെന്തങ്കിലും പോരാ, മാർബിളോ ടൈൽസോ തന്നെ വേണം. അത് സുഹറത്താത്തയുടെ വീട്ടിലേതിനേക്കാൾ മുന്തിയതായാൽ അത്രയും നന്ന്. അഭിപ്രായങ്ങൾ പലയിടത്തുനിന്നായി കേട്ടപ്പോൾ മോനൂട്ടന്റെ മനസ്സിൽ പതിഞ്ഞതാണ് 'സുഹറത്താത്തയുടെ വീട്'.
അവർക്കതിനുള്ള കഴിവുണ്ട്, എന്നുവച്ച്; 'ആന തൂറുന്നതുപോലെ മുയലിനെ കൊണ്ട് പറ്റുവോ?'
അവസാനം കറുത്ത മാർബിളിൽ അമ്മയുടെ കയ്യും അച്ഛന്റെ ബഡ്ജറ്റും ഉടക്കിയപ്പോൾ കടക്കാരൻ നിറഞ്ഞ ചിരിയോടെ ബാക്കി കാര്യങ്ങളിലേക്ക് കടന്നു.
തനിക്ക് ഒരുപകാരവും ഇല്ലാത്തതിനാലാകണം, നമ്മുടെ നായകൻ മോനൂട്ടന്, ആ പർച്ചെസിൽ അത്ര താല്പര്യം ഉണ്ടായില്ല. ആ ചില്ലിട്ടമുറിക്കകത്തുബോറടിച്ചപ്പോൾ, അവൻ മെല്ലെ ചില്ലുഭിത്തിക്കടുത്തേക്ക് നീങ്ങി. കണ്ണും കയ്യും ചില്ലിനോട് ചേർത്ത്‌വെച്ച് നിരത്തിലേക്ക് നോക്കി.
വാഹനങ്ങൾ തലങ്ങും  വിലങ്ങും പായുകയാണ്. ഇവർക്കെന്താ ഇത്ര ധൃതി?
ഇവരും തന്നെപോലെ മാർബിൾ വാങ്ങാൻ വന്നു ബോറടിച്ചവരാണോ?
ഇവർക്കും അമ്മാമ്മയുടെ കൂടെയിരുന്ന് നാമം ജപിക്കാൻ തിടുക്കായോ?
അച്ഛൻ വന്ന് കൈപിടിച്ചു.
"വാ പോകാ"
അച്ഛന്റേം അമ്മേടേം കൈയിൽ ഒന്നും തന്നെ ഇല്ലായിരുന്നു. പിന്നെന്തുവാങ്ങാനാണിവർ വന്നത്?
വീട്ടിലെത്തുമ്പോഴേക്കും അമ്മാമ്മ അകമൊക്കെ അടിച്ചുവാരി വെള്ളം തളിക്കുന്നുണ്ടായിരുന്നു.
അമ്മാമ്മ: "ഇങ്ങള് വന്നുവാ? സാധനെപ്പാ എത്തുവാ?"
ഉത്തരം പറഞ്ഞത് അമ്മയായിരുന്നു;
"അത് പിന്നെ, അവര് നാളെ വൈന്നേരം കൊണ്ടെറക്കാന്ന് പറഞ്ഞിറ്റിണ്ട്"
അമ്മാമ്മ:"അപ്പൊ, നീ നാളെ നേരത്തെ വരെണ്ടിവെരും ല്ലേ ജയാ?"
അച്ഛൻ വേറെന്തോ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു, പേര് കേട്ടതുകൊണ്ടു മാത്രം ഒന്ന് മൂളി;
"ഉം......"
അമ്മാമ്മ:"മോനൂട്ടന് ചൂടുംബം കാച്ചിവെച്ചിറ്റിണ്ട്, വാ പോയി കുളിക്കാലാ"
ഇളം ചൂട് വെള്ളത്തിലുള്ള കുളി. അമ്മാമ്മ ആദ്യം തലയിൽ വെള്ളം ഒഴിക്കാറില്ല. ദേഹത്തൊക്കെ സോപ്പ് തേച്ചതിനുശേഷം മാത്രമേ തലയിൽ വെള്ളം ഒഴിക്കൂ.
അതെന്താ അങ്ങനെ? വീണ്ടും സംശയം.
വലുതാവട്ടെ, മോനൂട്ടൻ ഇതിന്റെ ഗുട്ടൻസ് കണ്ടുപിടിക്കും. സത്യം.
കിഴക്കേ പള്ളിയിൽ ബാംഗ് കൊടുക്കുന്നതിനു മുൻപ് അമ്മാമ്മ വിളക്ക് കത്തിച്ചു. തൂക്കുവിളക്കിൽ തിരിയിട്ട്, എണ്ണയൊഴിച്ച്, കത്തിച്ചുപിടിച്ച വിളക്കുമായി ഉമ്മറപ്പടിക്കരികിലായി വന്നു നിന്നു.
"രാമഃ......രാമഃ രാമഃ.......രാമഃ രാമഃ......രാമഃ രാമഃ.......രാമഃ."
പിന്നെയൊന്ന് കണ്ണടച്ച് എന്തൊക്കെയോ പിറുപിറുത്തു. പ്രാര്ഥിക്കുന്നതാണ്.
മോനൂട്ടൻ പ്രാർത്ഥിക്കുന്നത് ഉച്ചത്തിലാണ്;
"തമ്പാച്ചീ...... ദചിത്തണേ......"
അമ്മാമ്മ വിളക്ക് തൂക്കിയ ഉടനെ, മോനൂട്ടൻ അതിന്റെ ചുവട്ടിലിരുന്ന് നാമം ജപിക്കണം.
"ഹരിശ്രീ ഗണപതയെ നമ:
, ആ......, , ഈ........
, , , ഘ..........
..........., , …….
ഒന്ന്, രണ്ട്.............ഒൻപത്, പത്ത്."
പിന്നെ ഗുണകോഷ്ഠം ഒന്നുമുതൽ പത്തുവരെ.
അങ്ങനെയങ്ങനെ, പത്തോ പതിനഞ്ചോ നിമിഷം നീണ്ടുനിൽക്കുന്ന നാമജപം. പലതാളത്തിൽ, ഈണത്തിൽ.
മോനൂട്ടന്റെ ജപം കഴിഞ്ഞപാടെ, നമ്മുടെ നായിക പ്രവേശിക്കുകയായി.
വടക്കേ അകത്തുനിന്നും ചാടിച്ചാടിവരും; ആരും കാണാത്തപ്പോൾ മാത്രം കരയുന്ന നമ്മുടെ സ്വന്തം മണവാട്ടി.
തട്ടമിടാത്ത തവളയെ നോക്കി മോനൂട്ടൻ ഇരിക്കും. ചിലപ്പോൾ അതിന്റെ പിന്നാലെ പോകും. തൊടില്ല, പേടിയാണ്. പക്ഷെ, അത് ഒരു ചാട്ടം ചാടുമ്പോൾ മോനൂട്ടനും ചാടും.
രാത്രിയായാൽ പുറത്തേക്കു പോകുന്ന മണവാട്ടിയെ കാണാം. പക്ഷെ കയറിപ്പോകുന്നതെപ്പോഴാണെന്നു മോനൂട്ടനറിയില്ല.
മുട്ടിലിഴഞ്ഞപ്പോഴും, ചാണകക്കരിപുരണ്ട കൈകൊണ്ടു മണവാട്ടിയെ പിടിക്കാൻ പോയപ്പോഴും തോന്നിയ കൗതുകം
മണവാട്ടി എവിടെ പോകുന്നു?
എന്തിനു പോകുന്നു?
എങ്ങനെ കരയുന്നു?
എന്തിനു കരയുന്നു?
എന്തു തിന്നുന്നു?

*************************

കുഞ്ഞാവ കളിക്കുകയാണ്. മുട്ടിലിഴയാൻ തുടങ്ങിയിരിക്കുന്നു. വാവേടെ മുട്ടിലോ, ഉള്ളങ്കയ്യിലോ കരിപുരണ്ടിട്ടില്ല.
എങ്ങനെ കരിപുരളാൻ, കഴിഞ്ഞയാഴ്ച ടീവിയിൽ കണ്ട നീലക്കുപ്പി വാങ്ങാൻ അമ്മ അച്ഛനോട് ശാട്യം പിടിച്ചിരുന്നു. അത്‌കൊണ്ടുനിലം കഴുകിയാൽ കുഞ്ഞവാക്ക് ഉമ്പൊന്നും വരില്ലത്രേ.
മോനൂട്ടനും മുട്ടിലിഴഞ്ഞിരുന്നു. അമ്മാമ്മ ദിവസവും അടിച്ചുവാരുമായിരുന്നല്ലോ, കിണ്ടിയിൽ നിന്ന് വെള്ളമെടുത്ത് അകത്തൊക്കെ പാറ്റാറുമുണ്ടായിരുന്നു.
എന്നിട്ടാണിപ്പോൾ, ഈ പുതിയവീട്ടിൽ അമ്മ നീലക്കുപ്പിയിലെ വെള്ളം കൊണ്ട് നിലം കഴുകാൻ തുടങ്ങിയിരിക്കുന്നത്.
കുഞ്ഞാവ മുട്ടിൽ മുന്നോട്ട് നീങ്ങുകയാണ്, മോനൂട്ടൻ ചാവി കൊടുത്തു വിട്ട തവളയെ പിടിക്കാൻ.
'ടക്...ടക്...ടക്...ടക്. ടക്...ടക്...ടക്...ടക്. ടക്...ടക്...ടക്...ടക്.'
തവള അങ്ങനെ കരയുന്നുണ്ടായിരുന്നു. തിരിച്ചു വച്ച്, ചാവി കൊടുത്തപ്പോൾ അത് കരഞ്ഞുകൊണ്ട് തിരിച്ചുവന്നു.
പെട്ടെന്നെന്തോ ഓർത്തതുപോലെ മോനൂട്ടൻ കട്ടിലിന്റെ അടിയിൽ ചെന്ന്, മുട്ടിൽ കുനിഞ്ഞിരുന്ന്, തലതാഴ്ത്തി കണ്ണുകൊണ്ട് പരതി.
ഇല്ല, തന്നെ നോക്കി കണ്ണുചിമ്മാറുണ്ടായിരുന്ന മണവാട്ടി കട്ടിലിനടിയിൽ ഇല്ല, അവളുടെ കരച്ചിലും ഈ വീട്ടിൽ കേൾക്കാനില്ല.
ഇനി അമ്മാമ്മ വരാത്തതിനാലാണോ, മണവാട്ടിയും വരാഞ്ഞത്?
അച്ഛൻ പലതവണ വിളിച്ചതാണ്. പക്ഷെ, അമ്മാമ്മ വന്നില്ല. തണുപ്പുകാലത്തു് മാര്ബിളിലും ടൈൽസിലും ഒക്കെ കാലുകുത്തിയാൽ ഷോക്കടിച്ചപോലെ തോന്നും പോലും.
"അയിനെന്നപ്പാ, ചെരിപ്പിട്ട് നടന്നാപ്പോരേ?” മരുമകളുടെ പരിഹാരമാർഗം ആ പഴയ മനസ്സിന് സ്വീകാര്യമായില്ല.
"പിന്നെ അമ്മമ്മയെ ഈ വീട്ടിലേക്ക് കൂട്ടികൊണ്ടുവരാൻ എന്താ ഒരുവഴി?"
മോനൂട്ടൻ ചെറിയ തലയിൽ വലിയ ചിന്തകളുമായി ഇരിപ്പുതുടങ്ങി;
"ആ ഒരുവഴിയുണ്ട്, നമ്മുടെ വീടിന്റെ നിലത്തും ചാണകം മെഴുകാൻ അച്ഛനോട് പറയാം. അപ്പോപ്പിന്നെ അമ്മാമ്മക്ക് വരാൻ പറ്റുവല്ലോ, അപ്പൊ അമ്മാമ്മേന്റെ കൂടെ മണവാട്ടീം വെരും"
അച്ഛൻ പത്രം വായനയിൽ മുഴുകിയിരിക്കുകയാണ്. പറയണോ?
"കുരുത്തംകെട്ടത്, നീ പോയീട്ടാകുഞ്ഞീനെ കളിപ്പിച്ചാട്ടേ....."
ശരിയാ, പറയേണ്ട. ഓരോരുത്തർക്കും ഓരോ പണി പറഞ്ഞിട്ടുണ്ട്. മോനൂട്ടൻ അവന്റെ ജോലിയിൽ വ്യാപൃതനായി.
പച്ചയും മഞ്ഞയും ചായം പൂശിയ ചൈനീസ് തവളക്ക് ചാവി കൊടുത്തിളക്കി.
'ടക്...ടക്...ടക്...ടക്. ടക്...ടക്...ടക്...ടക്. ടക്...ടക്...ടക്...ടക്.'
ആ ശബ്ദത്തിനിടയിൽ അവൻ മണവാട്ടിയായി;
"ത്പ്......ത്പ്ത്പ്ത്പ്ത്പ്ത്പ്ത്പ്ത്പ്ത്പ്ത്പ്........ത്പ്....ത്പ്.....ത്പ്ത്പ്ത്പ്ത്പ്ത്പ്ത്പ്ത്പ്ത്പ്"
ഓടുന്ന തവളെയെ പിടിക്കാൻ മുന്നോട്ടാഞ്ഞ കുഞ്ഞാവ ഒന്ന് നിന്നു.
മണവാട്ടിയുടെ കരച്ചിൽ കേട്ടയിടത്തേയ്ക്ക്നോക്കി ചന്തികുത്തിയിരുന്നു.
താനിതുവരെ കേൾക്കാത്ത ശബ്ദം കേട്ടതിനാലാവാം, മോനൂട്ടന്റെ മുഖത്തുനോക്കി പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു.
കുഞ്ഞാവ തന്റെ പ്രകടനം ആസ്വദിക്കുന്നുണെന്നു മനസ്സിലാക്കിയ മോനൂട്ടൻ ശബ്ദമുണ്ടാക്കി ചാടാൻ തുടങ്ങി:
"മാർബിൾത്തറയിലെ മണവാട്ടിയായി"

-:ശുഭം:-

Thursday, November 16, 2017

ദൈവമേ ഒരു വരം തരുമോ?


ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ വാതിലിനരികിൽ ആരെങ്കിലും വന്നാൽ, ആദ്യം മാഷ് അല്ലെങ്കിൽ ടീച്ചർ നോക്കും. അത് കാണുമ്പോൾ ഓരോ വാക്കുകളും വിഴുങ്ങാനെന്ന വ്യാജേന ഇരിക്കുന്ന ഞങ്ങളും തിരഞ്ഞു നോക്കും. മറ്റെവിടെയും ആ ഒരൈക്യം കാണാനാവില്ല.
മിക്കപ്പോഴും: 'നാളെ ക്ലാസ്സില്ല' അല്ലെങ്കിൽ 'നാളെ പായസം ഉണ്ട്' എന്ന അറിയിപ്പ് കടലാസുമായി വരുന്ന അഞ്ചാം തരാം എ-യിലെ ഏട്ടൻ, അല്ലെങ്കിൽ മറ്റൊരു ടീച്ചറോ മാഷോ.
ഇത് ഒട്ടും പ്രതീക്ഷിക്കാതെ, വാതിലിനരികിൽ എന്റെ അമ്മമ്മ.
പലതരം പൂക്കളുള്ള ലുങ്കിയും, ഒറ്റനിറത്തിലുള്ള ബ്ലൗസും, പുറത്തിറങ്ങുമ്പോൾ മാത്രമുപയോഗിക്കാറുള്ള വെളുത്ത മേൽമുണ്ടും.
എന്റെ അമ്മമ്മയാണെന്നു എനിക്ക് നല്ല ബോധ്യമുണ്ട്. എന്നാലും അമ്മമ്മയെ അറിയുന്ന എന്റെ ചങ്ങായിമാർ ഉറക്കെ വിളിച്ചു പറയും.
"എടാ ഇന്റെ അമ്മമ്മ"
പ്രകാശൻ മാഷ് അമ്മമ്മയുടെ അടുത്ത് ചെന്ന് എന്തോ സംസാരിച്ചു. തിരിച്ചു വന്നു എന്നോട് പറഞ്ഞു:
"അമ്മമ്മ കൂട്ടാൻ വന്നിട്ടുണ്ട്, നീ പോയിക്കോ"
അന്ന് തിരിച്ചു പോകുമ്പോൾ എന്തെന്നില്ലാത്ത ഒരാശ്വാസം. ബാഗ് പിടിച്ചിരുന്നത് അമ്മമ്മയാണ്.
ബാഗ് എന്റെ ചുമലിൽ കയറാത്ത, വിരലിലെണ്ണാവുന്ന ചില ദിവസങ്ങളിൽ ഒന്നായിരുന്നു അന്ന്. ഷിജുവേട്ടനും ശരത്തേട്ടനും സ്കൂൾ മാറിപ്പോകുന്നതുവരെ രാവിലെയും വൈകുന്നേരവും അവരുണ്ടാകുമായിരുന്നു കൂട്ടിനു. പിന്നെ തേജു (അനിയൻ തേജസ്) ഒന്നാം ക്ലാസ്സിൽ വരുന്നത് വരേയ്ക്കും തനിച്ചായി പോക്കും വരവും.
അമ്മമ്മയ്ക്കു വഴികാട്ടിയായി നടന്ന്, ഞാൻ വേഗം വീട്ടിലെത്തി. മുറ്റത്തു നിന്നിരുന്നവരെ മൈൻഡ് ചെയ്യാതെ ചെരുപ്പ് ഊരി വച്ച് ഞാൻ അകത്തു കടന്നു.
വീടിന്റെ നടുവിലകത്തു ഞാനും അമ്മമ്മയും കിടക്കുന്ന കട്ടിലിൽ അച്ചാച്ചൻ കിടന്നിട്ടുണ്ട്. കണ്ണടച്ചിട്ടുണ്ട്. വായ തുറന്നിട്ടുണ്ട്. ശക്തിയായി ശ്വാസം വലിക്കുന്നുണ്ട്.
സ്ഥിരമായി ബാഗ് അഴിച്ചു വെക്കുന്ന കട്ടിലിൽ അച്ചാച്ചൻ കിടക്കുന്നുണ്ട്. ബാഗ് അഴിച്ചു വടക്കേ അകത്തെ കട്ടിലിൽ വച്ചു.
അച്ഛൻ മേശയുടെ താഴത്തെ അറയിൽ നിന്ന് വലിയ രണ്ടു പുതപ്പു വലിച്ചെടുത്തു സഞ്ചിയിലിട്ടു.
"അച്ഛാ, അച്ഛൻ ഏട്യാ പോന്ന്?"
അച്ഛൻ: "അച്ചാച്ഛനീം കൂട്ടീറ്റ് ആസ്പത്രീല്"
"അച്ഛാച്ഛനെന്നാന്ന്?"
അച്ഛൻ: "അച്ചാച്ചൻ വീണിന്. മേശമ്മ്ന്ന്"
"എപ്പം?"
അച്ഛൻ : "വൈന്നേരം"
"എങ്ങന?"
അച്ഛൻ: "നീയൊന്നനങ്ങാണ്ട്ന്നാ"
പിന്നെയൊന്നും ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല.
സ്കൂളിൽ നിന്ന് വന്നത് നേരത്തെ ആണെങ്കിലും എന്റെ പതിവൊന്നും തെറ്റിയില്ല. കൃത്യസമയത്തു തന്നെ ഞാനും ചങ്ങായിമാരും ക്രിക്കറ്റ് കളി തുടങ്ങി. നമ്മളെ സ്വന്തം 'ഗോയിന്നാരെ വേലീല്' (ഗോവിന്ദൻ നായരുടെ ഉടമസ്ഥതയിലുള്ള ഇടം, ചുറ്റും വേലി
കെട്ടിവച്ചിട്ടുണ്ട്). കളികഴിഞ്ഞയുടനെ, ഒരു തെങ്ങിൽ ഉണ്ടായിരുന്ന കടന്നൽ കൂടിനു തൊണ്ടെടുത്തെറിഞ് വീട്ടിലേക്കോടിയെത്തുമ്പഴേക്കും ആറരമണി കഴിഞ്ഞിരുന്നു.
ആപ്പൻ കോലായിൽ കസേലയിട്ടു, തലയ്ക്കു കൈയും കൊടുത്ത്, താഴോട്ട് നോക്കിയിരിക്കുന്നുണ്ടായിരുന്നു. കോലായിലേക്കു കയറും മുൻപേ ഞാൻ ആപ്പനെ ഒന്ന് നോക്കി. എന്നെ കണ്ടയുടനെ ആപ്പൻ പറഞ്ഞു:
"അച്ചാച്ചൻ നമ്മളെയെല്ലും വിട്ടു പോയെടാ..."
ആ വാക്കിന്റെ യഥാർത്ഥ അർഥം ഉൾക്കൊള്ളാനുള്ള പക്വത എനിക്ക് വന്നിട്ടില്ലാത്തതിനാലാകണം, യാതൊരു ഭാവഭേദവും കൂടാതെ ഞാൻ അകത്തേക്ക് കയറിച്ചെന്നു.
ഞാൻ കുളിച്ചു, പക്ഷേ തല തോർത്തിത്തരാൻ അമ്മമ്മ വന്നില്ല.
അയല്പക്കക്കാരും ബന്ധുക്കളും വന്നുകൊണ്ടിരുന്നു. അതിനു മുൻപ് അത്രയും ആളുകൾ എന്റെ വീട്ടിൽ ഒത്തുകൂടിയത് ആപ്പന്റെ കല്യാണത്തിനായിരുന്നു. അന്നെല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. പക്ഷെ, ഇന്നങ്ങനെയല്ല.
വടക്കേയകത്തു അമ്മയും മറ്റു ചിലരും കിടന്നിട്ടുണ്ട്.
അമ്മമ്മ ......?
, തെക്കേയകത്തുണ്ടാകും.
വന്ന ഏച്ചിമാരും അമ്മമാരും, താടിക്കു കയ്യും കൊടുത്ത് പലതും പിറുപിറുക്കുന്നുണ്ട്.
അച്ചാച്ചൻ വീട്ടിലുണ്ടാകാറുള്ള ദിവസങ്ങളിൽ, അച്ചാച്ചന്റെ മടിയിൽ പോയിരിക്കുന്ന സമയമായിരുന്നു അത്.
അച്ചാച്ചൻ കസേരയിൽ ഇരിക്കുമ്പോൾ മടിയിൽ ചെന്നിരിക്കുക. കുറ്റിരോമങ്ങൾ നിറഞ്ഞ താടികൊണ്ടു എന്റെ കവിളിൽ ഉരസും. ആദ്യത്തെ വേദന ഒഴിച്ചാൽ പിന്നെ അതൊരു സുഖമാണ്. ആരെങ്കിലും വർത്താനം പറയാനുണ്ടെങ്കിൽ എന്നെ പിടിച്ചു മടിയിൽ തന്നെ ഇരുത്തും. വാർത്താനത്തിനിടയിൽ എന്റെ കവിളിൽ ഒന്ന് രണ്ടു മുത്തങ്ങൾ. സാധുബീഡിയുടെ മണം നിറഞ്ഞ നിശ്വാസങ്ങളെ ഞാൻ ആസ്വദിച്ചിട്ടുണ്ട്.
അച്ഛനും അമ്മയും ഉണ്ടാക്കുന്നത് 'ദിനേശ് ബീഡി'. എന്നിട്ടു, അച്ചാച്ചൻ എന്തിനാ 'സാധു  ബീഡി' വലിക്കുന്നത്? 'ദിനേശ് ബീഡി'യാണെങ്കിൽ അച്ഛൻ കൊണ്ടുവന്നു കൊടുക്കില്ലേ?
ഇതൊന്നും ഞാൻ ആരോടും ചോദിച്ചില്ല. തീരാത്ത സംശയങ്ങളുടെ കൂട്ടത്തിൽ ദാ, ഇതുകൂടി കിടന്നോട്ടെ.
ഞാനും അനിയനും മുട്ടായിക്ക് വേണ്ടി അച്ഛനോടോ അമ്മയോടോ ചോദിച്ചിരുന്നില്ല. ഒരു കാര്യം എനിക്കുറപ്പുണ്ടായിരുന്നു, ഞായറാഴ്ച എന്ന ഒരു ദിവസം ഉണ്ടെങ്കിൽ, ഓരോ കോലുമുട്ടായി ഞാനും അനിയനും കഴിച്ചിരിക്കും. രാവിലെ ബാലേട്ടന്റെ ചായപ്പീടികയിൽ പോയി തിരിച്ചുവരുന്ന അച്ചാച്ചന്റെ കയ്യിൽ മുട്ടായി ഉണ്ടായിരിക്കും, തീർച്ച.
ചിത്രങ്ങൾ വരച്ചിടാറുള്ള ഒരു പുസ്തകവും മുനവാച്ചിയ ഒരു പെൻസിലുമെടുത്ത് ഏച്ചിമാരേയും അമ്മമാരെയും വകഞ്ഞുമാറ്റി, ഞാൻ അടുക്കളവാതിൽപടിയിൽ ഇരിപ്പുറപ്പിച്ചു. അപ്പോഴത്തെ എന്റെ അവസ്ഥ (സ്റ്റാറ്റസ്) ലോകത്തെ അറിയിക്കാൻ ഒരുപാധിയും കയ്യിലില്ലാത്തതുകൊണ്ടു ഞാൻ ചിത്രം വരയിൽ മുഴുകി.
അമ്മയ്ക്ക് പ്രാണവേദന മകൾക്കു വീണ വായന “; എന്ത് ചെയ്യണം, ചെയ്യേണ്ട, എന്ന് പറഞ്ഞുതരാൻ അപ്പൊ അവിടെ ആരും ഉണ്ടായില്ല. ഇടയ്ക്കെപ്പോഴോ തിരിഞ്ഞുനോക്കിയപ്പോൾ അകത്തുനിന്നു പതിയെ എല്ലാരും കൊലയിലേക്കു പോയി തിരിച്ചുവരുന്നത് കണ്ടു.
സമയം ഏതാണ്ട് ഒന്പതുമണി കഴിഞ്ഞപ്പോൾ ആരോ വന്ന് എന്നെ കൊലയിലേക്കു കൂട്ടികൊണ്ടുപോയി. മുറ്റം നിറയെ ആൾക്കാരുണ്ട്, നീല താർപ്പായി വലിച്ചുകെട്ടിയിട്ടുണ്ട്, അച്ചാച്ചൻ തെക്കോട്ടു തലവെച്ചു കിടന്നിട്ടുണ്ട്. മൂക്കിലും ചെവിയിലും പഞ്ഞി. കാലിന്റെ പെരുവിരൽ കൂട്ടിക്കെട്ടിയിട്ടുണ്ട്.
എന്നും മേശപ്പുറത്തു കമ്പിളിയും പുതച്ചു കിടന്നുറങ്ങാറുള്ള അച്ചാച്ചൻ ചുവന്ന തുണിയും പുതച്ചു വാഴയിലയിൽ കിടന്നുറങ്ങുന്നു.
മരിച്ചു...? ഇനി.....? ശവം.
ഓര്മവെച്ച നാളിനിടയിൽ കാണുന്ന രണ്ടാമത്തെ ശവം.
വായിക്കരിയിടാനും കാലുതൊട്ടുവണങ്ങാനും ഓരോരുത്തരായി കടന്നുചെന്നു. ആരും അലമുറയിട്ടു കരയുന്നുണ്ടായിരുന്നില്ല. തലയ്കരികിലിരുന്നു കരയാനുള്ള അവകാശം ഉന്നയിക്കാൻ അച്ചാച്ചന് പെണ്മക്കളില്ലായിരുന്നു. എന്നിരുന്നാലും കണ്ണീരണിഞ്ഞ മുഖങ്ങൾ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല. ഒരാളുടേതൊഴിച്; ആപ്പന്റെ മകൾ അമ്മു. അവൾ മേമിയുടെ കയ്യിലിരുന്നു കരയുന്നുണ്ടായിരുന്നു. ചെറിയ കുഞ്ഞല്ലേ, ഒരുപാട് ആൾക്കാരെ കണ്ടതിനാലാവാം. അല്ലാതെ അവൾക്കറിയുമോ?, ആ കിടക്കുന്നതു അച്ഛാച്ഛനാണെന്നും, അവൾ വലുതായാൽ ഞായറാഴ്ചകളിൽ കോലുമിട്ടായി അവൾക്കു കിട്ടില്ലാന്നും.
"ഈശ്വരാ.... അച്ചാച്ചനെ ആർക്കും ഇഷ്ടമല്ലായിരുന്നോ? പിന്നെന്തേ ആരും കരയുന്നില്ല....? ഇല്ലെങ്കിൽ അവർക്കും എന്നെപ്പോലെ അത്യാവശ്യ സമയത്തു കറയാനറിയില്ലേ? "
അങ്ങനെയാവില്ല, അവരെല്ലാം ഓരോ തുള്ളി കണ്ണീരെങ്കിലും മനസ്സിൽ വീഴ്ത്തിയിട്ടുണ്ടാകും. കാരണം, രാമേട്ടനെ എല്ലാവര്ക്കും അറിയാം. ആർക്കും ദ്രോഹം ചെയ്യാത്തിടത്തോളം കാലം, ആരും ആരെയും വെറുക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടായിരിക്കാം ഒരശരീരിപോലെ ആൾക്കൂട്ടത്തിൽ നിന്ന് ഞാനതുകേട്ടത്:
"ന്റെ ജാനുവേച്ചീ, വേറെന്താ വേണ്ടത്..? സ്വർഗ്ഗവാതിൽ തൊറന്നുകിടക്കുന്ന സമയത്തല്ലേ പോയിന്"
അമ്മമ്മ കാലുതൊട്ട് വണങ്ങി അകത്തേക്ക് പോയി.
ആ ഓടിട്ട വീട്ടിൽ നിന്ന് അടിക്കടി ഉയരാറുള്ള ശബ്ദങ്ങൾ? ഇല്ല ഇനി ഈ വീട്ടിൽ അത്തരം കലമ്പുണ്ടാകില്ല. കാരണം, രണ്ടുകയ്യും മുട്ടിയാൽ ശബ്ദമുണ്ടാകുന്നിടത്തെ, ഒരു കൈ എരിച്ചു കളഞ്ഞു; കിഴക്ക്, റെയിലിനടുത്തുള്ള സമുദായ ശ്മശാനത്തിൽ. 

                             *******************************************************************
കർക്കിടകവാവിന് നെയ്യമൃത് വെക്കാൻ ശിവന്റമ്പലത്തിൽ പോകുമ്പോൾ അമ്മ പറയുമായിരുന്നു:
"അച്ചാച്ചന് വേണ്ടീട്ടു പ്രാർത്ഥിക്കണം കേട്ടാ".
അന്ന് ഞാൻ പ്രാർത്ഥിച്ചു:
"മുത്തപ്പാ...., അച്ചാച്ചന്റെ ആത്മാവിന് നിത്യശാന്തി കിട്ടണേ...."
അർത്ഥമറിയാത്ത വാക്കുകൾകൊണ്ടൊരു പ്രാർത്ഥന.
എന്നാൽ ഇന്ന് അർത്ഥമറിയാവുന്ന പ്രായത്തിൽ, അമ്മ പറയാതെ ഞാൻ ദൈവത്തോട് ഒരു വരം ചോദിക്കുകയാണ്:
ആ ഫെബ്രുവരി 19നുമുൻപ് വരെയുള്ള കാലത്തേക്ക് തിരിച്ചുപോകാൻ...
പുതിയകാവിലെ തെയ്യത്തിനു അച്ചാച്ചൻ കാച്ചാറുണ്ടായ പാൽത്തരികുടിക്കാൻ....
ആ മടിയിലിരിക്കാൻ......

കവിളത്തൊരു മുത്തം വാങ്ങാൻ, കൊടുക്കാൻ......

Sunday, November 12, 2017

ഇരുപത്തിയഞ്ചുപൈസ


സ്കൂള്‍ വിട്ടു വെളിയിലറങ്ങി. പതിവുപോലെ (കയ്യില്‍ പൈസ ഉണ്ടെങ്കില്‍ മാത്രം ) കുഞ്ഞിരാമേട്ടന്റെ പീടികയില്‍ നിന്ന്‌  ഇരുപത്തിയഞ്ചുപൈസക്ക് മുട്ടായിവാങ്ങി.
സ്കൂളിന്റെ കുന്നിറങ്ങുന്നേരം, തോട്ടടയില്‍നിന്നു കണ്ണൂരിലേക്കുള്ള എഴുപത്തന്ജ്പൈസയും, കണ്ണൂരില്‍ നിന്നും പാപ്പിനിശ്ശേരി പോസ്റ്റോഫീസിനടുത്തേക്കുള്ള ഒരു ഉറുപ്പിയ (രൂപ) ഇരുപത്തിയഞ്ചുപൈസയും പാന്റിന്റെ കീശയിലുണ്ടെന്നു തപ്പിനോക്കാതെ ഉറപ്പുവരുത്തി. പത്തു രൂപയുടെ പേര്‍സ് (വാല്ലെറ്റ്) പോലും കിട്ടക്കനിയായിരുന്ന ഒരു എട്ടാംക്ലാസ്സുകാരന്, പേര്‍സ്, തന്റെ പാന്റിന്റെ ഇരുവശത്തുമുള്ള കീശകളായിരുന്നു.
സ്റ്റോപ്പിൽ നിർത്താതെ അൽപ്പം മുന്നിലായി നിർത്തിയ ബസ്സിൽ ആഞ്ഞുപിടിച്ചു വലിഞ്ഞുകയറി. പിന്നെ മുന്നിൽ നിന്ന് കണ്ടക്ടറും പിന്നിൽ നിന്ന് ക്ലീനറും വിളിച്ചു കൂവുന്ന സ്ഥിരം പല്ലവി:
കിളി (ക്ലീനർ): "ഏ....ആ വലതുഭാത്തുന്നു മുന്നോട്ടിന്നാ........"
                            (വലതു ഭാഗത്തു നിന്ന് മുന്നോട്ടു നിൽക്കൂ)
കണ്ടക്ടർ: മുന്നിലില്ലവര് ബെക്കോട്ടിന്നാ…….”
                   (മുന്നിൽ നിൽക്കുന്നവർ പുറകോട്ടു നിൽക്കൂ)
അന്നേ തോന്നിയ സംശയമാണ്, "നടുവിൽ നിൽക്കുന്നവർ എന്ത് ചെയ്യും?". , അതിനുത്തരം കിട്ടുമ്പോഴേക്കും കണ്ണൂരെത്തി.
കണ്ണൂർ ബസ് സ്റ്റാൻഡിന്റെ മുന്ഭാഗത്തായി ബസ് നിർത്തി. (ഇന്നത്തെ പഴയ ബസ്സ്റ്റാൻഡ്. എത്ര മോഡി കൂട്ടിയിട്ടും, പുതുക്കിപണിതിട്ടും കാര്യമില്ല. തന്റെ സ്ഥാനത്ത് പുതിയതൊന്ന് വന്നാൽ താൻ പഴയതു തന്നെയാ....ചിരിക്കേണ്ട). ബസ്സിൽനിന്നിറങ്ങിയതും ആ ഇരുപത്തിയഞ്ചുപൈസയുടെ മുട്ടായി വായിലും, മുട്ടായിക്കടലാസ് കീശയിലും ആക്കി.
ഇനി ഒരു കാത്തുനിൽപ്പാണ്‌. 'അമ്മ മീൻമുറിക്കുമ്പോൾ അരികിൽ വന്നിരിക്കുന്ന അയലത്തെ പൂച്ചയെപ്പോലെ', എനിക്ക് പോകേണ്ട ബസ് സ്റ്റാർട്ട് ചെയ്യുന്നതും കാത്ത്. പിറകിലത്തെ വാതിലിനടുത്തായുള്ള നിൽപ്പ്. ലിഖിതമായ നിയമങ്ങൾ അനുസരിക്കാത്ത നമ്മുടെ നാട്ടിൽ, ചില അലിഖിത നിയമങ്ങളും നിലനിന്നു പോരുന്നുണ്ട്. ഒരു നവംബർ എട്ടിന് രാത്രി, ഇതും നിരോധിക്കുമോ? കാത്തിരുന്നു കാണാം.
അമ്മയുടെ അരികിലിരിക്കുന്ന പൂച്ചയുടെ കണ്ണുകൾ മുറിച്ചിട്ട ഒരു തലക്കഷണത്തിൽ ഉടക്കിയിരിക്കും. അതുപോലൊരു തലക്കഷ്ണമാണ് എനിക്ക് ബസ്സിന്റെ മുൻവാതിലിനരികിലുള്ള സീറ്റ്. മറ്റൊരു പൂച്ച അതെടുക്കുന്നുണ്ടോ എന്നറിയാൻ, ഞാൻ ഇടയ്ക്കിടെ ആ സീറ്റിലേക്ക് നോക്കും. അതിന്റെ പേരിൽ മുത്തപ്പന് നേർച്ചകളും പോയിരുന്നു. കൈപ്പിക്കാതെ (കൊടുക്കാതെ) ബാക്കിയായ നേർച്ചകൾ.
നേരം കൊല്ലാൻ മൊബൈൽ ഫോണൊന്നും കയ്യിൽ കിട്ടിയിട്ടില്ലാത്ത അക്കാലത്തു, നാട്ടിലേക്കുള്ള അരമണിക്കൂർ, വാതിലടച്ചും തുറന്നും ഞാൻ ഫലപ്രദമായി വിനിയോഗിച്ചു. എന്നിട്ടും അടക്കാനോ, തുറക്കാനോ, ഒരൽപം വൈകിയാൽ പിന്നിൽ നിന്ന് ശബ്ദമുയരും:
"എന്നാടാ....ഇരുന്നൊറങ്ങോന്ന്, ഡോറ് തൊറന്ന്കൊടുക്കെടാ....."
"നിങ്ങളെപ്പോലെ ശമ്പളം വാങ്ങിയിട്ടല്ലല്ലോ, വെറുതെ ചെയ്യുന്ന പണിയല്ലേ? ഒരൽപം വൈകിയതിന് ഇങ്ങനെ ഒച്ചപ്പാടാക്കണോ?".  
ങും. ആരോട് പറയാൻ? ആര് കേൾക്കാൻ?
കിട്ടി, ഇന്ന് ഞാൻ നോക്കി വച്ച തലക്കഷ്ണം എനിക്കുതന്നെ കിട്ടി.
ബസ് പുറപ്പെട്ടതും കണ്ടക്ടർ കൈനീട്ടത്തിനായി തയ്യാറെടുത്തു. മിക്കപ്പോഴും ആദ്യത്തെ കൈനീട്ടം കൂലിവാങ്ങാതെ ജോലി ചെയ്യുന്നവന്റെ കയ്യിൽ നിന്നായിരിക്കും.
ഞാൻ ഒരു രൂപ ഇരുപത്തിയഞ്ചുപൈസയെടുക്കാനായി പാന്റിന്റെ വലതുകീശയിൽ കയ്യിട്ടു. ഒരു രൂപ കിട്ടി.
ഇരുപത്തിയഞ്ചുപൈസ.......!!!!. വലതു കീശയിലില്ല.
ഇടതുകീശയിൽ......? ഇല്ല, അതിലും ഇല്ല.
പിന്നെ ഒരു വെപ്രാളമായിരുന്നു. ഇല്ലാത്ത ഇരുപത്തിയഞ്ചു പൈസക്കായി എല്ലാ കീശയിലും, ബാഗിന്റെ എല്ലാ അറയിലും തപ്പി. അതുവരേക്കും കണ്ടക്ടർ എന്റെ കോപ്രായങ്ങൾ നോക്കിക്കൊണ്ടേയിരുന്നു. കണ്ടക്ടർ മാത്രമല്ല, ബസിൽ എന്റെ പിറകിലായിരുന്ന എല്ലാവരും. എ.കെ.ജി ആശുപത്രിയുടെ അടുത്തതെന്നതുവരെ ആ നാടകം തുടർന്നു.
അവസാനം  എന്റെ അടുത്തിരുന്ന ഏതോ ഒരു ഏട്ടനോട് (മ്മള് കണ്ണൂരുകാർക്കു പരിചയമില്ലാത്തവരായാൽ പോലും ഏട്ടന്മാരും ഏച്ചിമാരും ആണ്) താഴ്ന്ന സ്വരത്തിൽ ചോദിച്ചു:
"ഏട്ടാ, ഒരു ഇരുപത്തഞ്ചു പൈസ ഇണ്ടാ...?"
എന്റെ നാടകം കണ്ടു ആരാധന തോന്നിയതിനാലാകണം, ആ ഏട്ടന്റെ പേഴ്സിലുണ്ടായിരുന്ന ഒരു ഇരുപത്തിയഞ്ചുപൈസ പതിയെ കോണ്ടുക്ടറുടെ കയ്യിലേക്ക് നീണ്ടു.
"ഉയ്യന്റെ കുഞ്ഞിരാമേട്ടാ...., ഇങ്ങളിന്നു പീടിക തുറന്നിട്ടില്ലെങ്കില്, എനിക്കീ ഗതി വെരുവായിരുന്നാ...?"
എനിക്കിറങ്ങേണ്ട സ്റ്റോപ്പുകളിൽ വാതിലടഞ്ഞതും തുറന്നതും ഞാനറിഞ്ഞില്ല. എല്ലാ ദിവസവും കണ്ടാൽ ചിരിക്കുന്നവരോട് ഞാനന്ന് ചിരിച്ചില്ല.
ബസ്സിറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ എന്റെ ചിന്ത ഒന്ന് മാത്രമായിരുന്നു:
"ഇരുപത്തിയഞ്ചു പൈസയുടെ കണക്കു എനിക്കെവിടെയാണ് പിഴച്ചത്?"