Sunday, November 12, 2017

ഇരുപത്തിയഞ്ചുപൈസ


സ്കൂള്‍ വിട്ടു വെളിയിലറങ്ങി. പതിവുപോലെ (കയ്യില്‍ പൈസ ഉണ്ടെങ്കില്‍ മാത്രം ) കുഞ്ഞിരാമേട്ടന്റെ പീടികയില്‍ നിന്ന്‌  ഇരുപത്തിയഞ്ചുപൈസക്ക് മുട്ടായിവാങ്ങി.
സ്കൂളിന്റെ കുന്നിറങ്ങുന്നേരം, തോട്ടടയില്‍നിന്നു കണ്ണൂരിലേക്കുള്ള എഴുപത്തന്ജ്പൈസയും, കണ്ണൂരില്‍ നിന്നും പാപ്പിനിശ്ശേരി പോസ്റ്റോഫീസിനടുത്തേക്കുള്ള ഒരു ഉറുപ്പിയ (രൂപ) ഇരുപത്തിയഞ്ചുപൈസയും പാന്റിന്റെ കീശയിലുണ്ടെന്നു തപ്പിനോക്കാതെ ഉറപ്പുവരുത്തി. പത്തു രൂപയുടെ പേര്‍സ് (വാല്ലെറ്റ്) പോലും കിട്ടക്കനിയായിരുന്ന ഒരു എട്ടാംക്ലാസ്സുകാരന്, പേര്‍സ്, തന്റെ പാന്റിന്റെ ഇരുവശത്തുമുള്ള കീശകളായിരുന്നു.
സ്റ്റോപ്പിൽ നിർത്താതെ അൽപ്പം മുന്നിലായി നിർത്തിയ ബസ്സിൽ ആഞ്ഞുപിടിച്ചു വലിഞ്ഞുകയറി. പിന്നെ മുന്നിൽ നിന്ന് കണ്ടക്ടറും പിന്നിൽ നിന്ന് ക്ലീനറും വിളിച്ചു കൂവുന്ന സ്ഥിരം പല്ലവി:
കിളി (ക്ലീനർ): "ഏ....ആ വലതുഭാത്തുന്നു മുന്നോട്ടിന്നാ........"
                            (വലതു ഭാഗത്തു നിന്ന് മുന്നോട്ടു നിൽക്കൂ)
കണ്ടക്ടർ: മുന്നിലില്ലവര് ബെക്കോട്ടിന്നാ…….”
                   (മുന്നിൽ നിൽക്കുന്നവർ പുറകോട്ടു നിൽക്കൂ)
അന്നേ തോന്നിയ സംശയമാണ്, "നടുവിൽ നിൽക്കുന്നവർ എന്ത് ചെയ്യും?". , അതിനുത്തരം കിട്ടുമ്പോഴേക്കും കണ്ണൂരെത്തി.
കണ്ണൂർ ബസ് സ്റ്റാൻഡിന്റെ മുന്ഭാഗത്തായി ബസ് നിർത്തി. (ഇന്നത്തെ പഴയ ബസ്സ്റ്റാൻഡ്. എത്ര മോഡി കൂട്ടിയിട്ടും, പുതുക്കിപണിതിട്ടും കാര്യമില്ല. തന്റെ സ്ഥാനത്ത് പുതിയതൊന്ന് വന്നാൽ താൻ പഴയതു തന്നെയാ....ചിരിക്കേണ്ട). ബസ്സിൽനിന്നിറങ്ങിയതും ആ ഇരുപത്തിയഞ്ചുപൈസയുടെ മുട്ടായി വായിലും, മുട്ടായിക്കടലാസ് കീശയിലും ആക്കി.
ഇനി ഒരു കാത്തുനിൽപ്പാണ്‌. 'അമ്മ മീൻമുറിക്കുമ്പോൾ അരികിൽ വന്നിരിക്കുന്ന അയലത്തെ പൂച്ചയെപ്പോലെ', എനിക്ക് പോകേണ്ട ബസ് സ്റ്റാർട്ട് ചെയ്യുന്നതും കാത്ത്. പിറകിലത്തെ വാതിലിനടുത്തായുള്ള നിൽപ്പ്. ലിഖിതമായ നിയമങ്ങൾ അനുസരിക്കാത്ത നമ്മുടെ നാട്ടിൽ, ചില അലിഖിത നിയമങ്ങളും നിലനിന്നു പോരുന്നുണ്ട്. ഒരു നവംബർ എട്ടിന് രാത്രി, ഇതും നിരോധിക്കുമോ? കാത്തിരുന്നു കാണാം.
അമ്മയുടെ അരികിലിരിക്കുന്ന പൂച്ചയുടെ കണ്ണുകൾ മുറിച്ചിട്ട ഒരു തലക്കഷണത്തിൽ ഉടക്കിയിരിക്കും. അതുപോലൊരു തലക്കഷ്ണമാണ് എനിക്ക് ബസ്സിന്റെ മുൻവാതിലിനരികിലുള്ള സീറ്റ്. മറ്റൊരു പൂച്ച അതെടുക്കുന്നുണ്ടോ എന്നറിയാൻ, ഞാൻ ഇടയ്ക്കിടെ ആ സീറ്റിലേക്ക് നോക്കും. അതിന്റെ പേരിൽ മുത്തപ്പന് നേർച്ചകളും പോയിരുന്നു. കൈപ്പിക്കാതെ (കൊടുക്കാതെ) ബാക്കിയായ നേർച്ചകൾ.
നേരം കൊല്ലാൻ മൊബൈൽ ഫോണൊന്നും കയ്യിൽ കിട്ടിയിട്ടില്ലാത്ത അക്കാലത്തു, നാട്ടിലേക്കുള്ള അരമണിക്കൂർ, വാതിലടച്ചും തുറന്നും ഞാൻ ഫലപ്രദമായി വിനിയോഗിച്ചു. എന്നിട്ടും അടക്കാനോ, തുറക്കാനോ, ഒരൽപം വൈകിയാൽ പിന്നിൽ നിന്ന് ശബ്ദമുയരും:
"എന്നാടാ....ഇരുന്നൊറങ്ങോന്ന്, ഡോറ് തൊറന്ന്കൊടുക്കെടാ....."
"നിങ്ങളെപ്പോലെ ശമ്പളം വാങ്ങിയിട്ടല്ലല്ലോ, വെറുതെ ചെയ്യുന്ന പണിയല്ലേ? ഒരൽപം വൈകിയതിന് ഇങ്ങനെ ഒച്ചപ്പാടാക്കണോ?".  
ങും. ആരോട് പറയാൻ? ആര് കേൾക്കാൻ?
കിട്ടി, ഇന്ന് ഞാൻ നോക്കി വച്ച തലക്കഷ്ണം എനിക്കുതന്നെ കിട്ടി.
ബസ് പുറപ്പെട്ടതും കണ്ടക്ടർ കൈനീട്ടത്തിനായി തയ്യാറെടുത്തു. മിക്കപ്പോഴും ആദ്യത്തെ കൈനീട്ടം കൂലിവാങ്ങാതെ ജോലി ചെയ്യുന്നവന്റെ കയ്യിൽ നിന്നായിരിക്കും.
ഞാൻ ഒരു രൂപ ഇരുപത്തിയഞ്ചുപൈസയെടുക്കാനായി പാന്റിന്റെ വലതുകീശയിൽ കയ്യിട്ടു. ഒരു രൂപ കിട്ടി.
ഇരുപത്തിയഞ്ചുപൈസ.......!!!!. വലതു കീശയിലില്ല.
ഇടതുകീശയിൽ......? ഇല്ല, അതിലും ഇല്ല.
പിന്നെ ഒരു വെപ്രാളമായിരുന്നു. ഇല്ലാത്ത ഇരുപത്തിയഞ്ചു പൈസക്കായി എല്ലാ കീശയിലും, ബാഗിന്റെ എല്ലാ അറയിലും തപ്പി. അതുവരേക്കും കണ്ടക്ടർ എന്റെ കോപ്രായങ്ങൾ നോക്കിക്കൊണ്ടേയിരുന്നു. കണ്ടക്ടർ മാത്രമല്ല, ബസിൽ എന്റെ പിറകിലായിരുന്ന എല്ലാവരും. എ.കെ.ജി ആശുപത്രിയുടെ അടുത്തതെന്നതുവരെ ആ നാടകം തുടർന്നു.
അവസാനം  എന്റെ അടുത്തിരുന്ന ഏതോ ഒരു ഏട്ടനോട് (മ്മള് കണ്ണൂരുകാർക്കു പരിചയമില്ലാത്തവരായാൽ പോലും ഏട്ടന്മാരും ഏച്ചിമാരും ആണ്) താഴ്ന്ന സ്വരത്തിൽ ചോദിച്ചു:
"ഏട്ടാ, ഒരു ഇരുപത്തഞ്ചു പൈസ ഇണ്ടാ...?"
എന്റെ നാടകം കണ്ടു ആരാധന തോന്നിയതിനാലാകണം, ആ ഏട്ടന്റെ പേഴ്സിലുണ്ടായിരുന്ന ഒരു ഇരുപത്തിയഞ്ചുപൈസ പതിയെ കോണ്ടുക്ടറുടെ കയ്യിലേക്ക് നീണ്ടു.
"ഉയ്യന്റെ കുഞ്ഞിരാമേട്ടാ...., ഇങ്ങളിന്നു പീടിക തുറന്നിട്ടില്ലെങ്കില്, എനിക്കീ ഗതി വെരുവായിരുന്നാ...?"
എനിക്കിറങ്ങേണ്ട സ്റ്റോപ്പുകളിൽ വാതിലടഞ്ഞതും തുറന്നതും ഞാനറിഞ്ഞില്ല. എല്ലാ ദിവസവും കണ്ടാൽ ചിരിക്കുന്നവരോട് ഞാനന്ന് ചിരിച്ചില്ല.
ബസ്സിറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ എന്റെ ചിന്ത ഒന്ന് മാത്രമായിരുന്നു:
"ഇരുപത്തിയഞ്ചു പൈസയുടെ കണക്കു എനിക്കെവിടെയാണ് പിഴച്ചത്?"


2 comments:

  1. ജറിൽ... മനോഹരം.
    എന്റെ ഓർമ്മയിലും ഉണ്ട് ഇതുപോലുരു ചില്ലറകഥ...
    നിന്റെഴുത്തിലൂടെ ഞാൻ വീണ്ടും ജെ.എസ്.പോൾ കോർണറിലെ മിൽമാ ബൂത്തിലെ ചേട്ടൻ തന്ന അമ്പത് പൈസക്ക് നന്ദി പറയുന്നു.....

    ReplyDelete
  2. ആരെന്നുപോലും അറിയാതെ നമ്മളെ സഹായിക്കുന്നവർ. ഒരു നന്ദി വാക്കിനുപോലും കാത്തുനിൽക്കാതെ നടന്നകലുന്നവർ. ചിലപ്പോൾ അവരുടെ മുഖം പോലും മനസ്സിൽ പതിക്കാനുള്ള സാവകാശംപോലും നമുക്ക് കിട്ടാറില്ല. നിന്റെ ഓർമ്മകളെ പൊടിതട്ടിയെടുക്കാൻ ഞാനൊരു കാരണമായെന്നറിയുന്നതിൽ സന്തോഷം.

    ReplyDelete