Monday, October 24, 2016

ഒപ്പം

കിഴക്കുപകലോനുദിച്ചാ-
ലുണ്ടാകുമെന്നരികിലായ്‌ നീ.
മേനിതൻചെറുചലനംപോലു-
മനുകരിക്കുമണുവിടതെറ്റാതെ നീ.


ഉച്ചയ്ക്കുവാകത്തണലിലായന്നേരമൊരു- 
മോഹമിരുവർക്കുമാമധുരംനുണയുവാൻ.
ചുറ്റുംപറന്നിടും വർണ്ണശലഭങ്ങൾ
ചെമ്പനീർപ്പൂവിന്റെ ചുണ്ടുതേടീടവേ. 

അന്തിയിലാദിത്യൻ സിന്ദൂരമാകവേ-
മോഹമതുനിൻനിറുകിലായ്ച്ചാർത്തുവാൻ
കൂടണയാനായടിക്കും ചിറകുകൾ
കാട്ടുംവഴിയെത്തിരികേനടന്നിടാം.


ഇരുളിന്റെനാവുകളെന്നെ വിഴുങ്ങുമ്പോ-
ളൊരുക്കാംനിനക്കായിയെന്മനമണിമെത്ത.
ഉറങ്ങുകെൻചുടുനിശ്വാസരസത്തിൽ
ഉദയസൂര്യനോടൊത്തുണരുന്നതിന്നായ്.

No comments:

Post a Comment